റിയാദ് -അല്‍അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കളി വീക്ഷിക്കവെ തന്റെ പ്രിയ താരത്തെ കളിയിലും ആഘോഷത്തിലും അനുകരിച്ച് വിനിസിയൂസ് ജൂനിയര്‍. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ബാഴ്‌സലോണക്കെതിരെ ആദ്യ പകുതിയില്‍ ഹാട്രിക് നേടിയ വിനിസിയൂസ് ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഗോളാഘോഷിക്കുകയും ഗോളുകള്‍ തന്റെ പ്രിയ താരത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
ഏഴാം മിനിറ്റില്‍ ആദ്യ ഗോളടിച്ചപ്പോള്‍ വിനിസിയൂസ് തന്റെ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇത് ക്രിസിനാണ്, അദ്ദേഹമാണ് എന്റെ ഇഷ്ട താരം. ക്രിസ് ഇപ്പോള്‍ ഇവിടെയാണ് കളിക്കുന്നത് -മത്സര ശേഷം ബ്രസീലുകാരന്‍ പറഞ്ഞു. ബാഴ്‌സലോണയെ തോല്‍പിക്കുക പ്രയാസമാണെന്നും ഏതാണ്ട് പിഴവറ്റ പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിനിസിയൂസ് പറഞ്ഞു.
നവംബര്‍ മുതല്‍ പരിക്കു കാരണം പ്രയാസപ്പെടുന്ന വിനിസിയൂസ് പഴയ പ്രതാപത്തില്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് റയല്‍ കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പ്രശംസിച്ചു. നവംബറിനു ശേഷം വിനിസിയൂസിന്റെ മൂന്നാമത്തെ മാത്രം മത്സരമാണ് ഇത്. മികച്ച ഫോമിലെത്താന്‍ വിനിസിയൂസിന് രണ്ടുമൂന്ന് മത്സരം ആവശ്യമായിരുന്നുവെന്ന് കോച്ച് പറഞ്ഞു.
വിനിസിയൂസ് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. 10, 39 മിനിറ്റുകളിലായി ഹാട്രിക് തികച്ചു. മൂന്നാമത്തേത് അരോഹൊ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. വിനിസിയൂസിന്റെ പാസില്‍ നിന്നായിരുന്നു 64ാം മിനിറ്റില്‍ റോഡ്രിഗൊ സ്‌കോര്‍ ചെയ്ത റയലിന്റെ നാലാം ഗോള്‍.