ക്വാലാലംപൂര്‍ - രണ്ടാമത്തെ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ കിരീടത്തിലേക്കുള്ള കുതിപ്പില്‍ ലോക രണ്ടാം നമ്പര്‍ സാത്വിക് സായ്രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് അവസാന കടമ്പയില്‍ കാലിടറി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ലിയാം വെയ് കെംഗ്-ചാംഗ് വാംഗ് ജോഡിക്കെതിരെ അനായാസം ആദ്യ ഗെയിം നേടിയ ശേഷം മൂന്നു ഗെയിമില്‍ അവര്‍ തോറ്റു (21-9, 18-21, 17-21).
മലേഷ്യ ഓപണ്‍ ബാഡ്മിന്റണില്‍ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഡബ്ള്‍സ് ജോഡി ഫൈനലിലെത്തുന്നത്. രണ്ടാം ഗെയിമിലെ ഉജ്വല തിരിച്ചുവരവിലൂടെയാണ് ലോക രണ്ടാം നമ്പറായ സാത്വിക് സായ്രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനല്‍ ജയിച്ചത്. ലോക ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയുടെ സ്യോ സൂംഗ് ജേ-കാംഗ് മിന് ഹ്യൂക് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ അവര്‍ തോല്പിച്ചു. സ്കോര്‍: 21-18, 22-20.
രണ്ടാം ഗെയിമില്‍ ആറ് ഗെയിം പോയന്റുകളാണ് ഇന്ത്യന്‍ ജോഡി രക്ഷിച്ചത്. 14-20 ന് പിന്നിലായ അവര്‍ എട്ട് പോയന്റ് തുടര്‍ച്ചയായി നേടി ഗെയിമും മത്സരവും പോക്കറ്റിലാക്കി. 11-6 ലും 17-11 ലും മുന്നിലായിരുന്ന കൊറിയക്കാര്‍ ശക്തമായ തിരിച്ചുവരവിന്റെ സൂചന നല്‍കിയിരുന്നു.
മുന്‍നിരയിലുള്ള സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ ജോഡി ആദ്യ കിരീടം നേടിയത്. ഇന്തോനേഷ്യന്‍ ഓപണില്‍. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സൂപ്പര്‍ 500 ടൂര്‍ണമെന്റുകളായ കൊറിയ ഓപണ്‍, സ്വിസ് ഓപണ്‍ എന്നിവയിലും അവര്‍ കിരീടം ചൂടി. സൂപ്പര്‍ 750 ടൂര്‍ണമെന്റായ ചൈന മാസ്റ്റേഴ്സില്‍ ഫൈനലില്‍ തോറ്റു.