Sorry, you need to enable JavaScript to visit this website.

കേരള നൂർജഹാൻ

നാടകത്തിലെ നടീ-നടന്മാർ നിലമ്പൂർ ആയിശയോടൊപ്പം.
കേരള നൂർജഹാൻ എന്ന നാടകത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ
  • അഭിനയ പ്രതിഭ നിലമ്പൂർ ആയിഷക്ക് അഭിനയം കൊണ്ടൊരു അർച്ചന 

 നിലമ്പൂർ എന്ന് കേൾക്കുമ്പോൾ ലോക പ്രസിദ്ധമായ തേക്കിൻതോട്ടങ്ങൾ മാത്രമല്ല മലയാളിയുടെ ഓർമ്മയിൽ ഇടം പിടിക്കുക.
നാടകത്തിൽ ജീവിച്ച് നാടകത്തിൽ ഉറങ്ങുകയും നാടകത്തിൽ തന്നെ ഉണരുകയും ചെയ്യുന്ന ഇതിഹാസ സമാനമായി നാടക ചരിത്രത്തിൽ അടയാളപ്പെട്ട നിലമ്പൂർ ആയിഷ എന്ന പേരുകൂടിയാണ് നിലമ്പൂരിന്റെ ഓർമ്മകളെ ത്രസിപ്പിക്കുന്ന ഘടകം. അത്രമാത്രം ജീവിതത്തെത്തന്നെ നാടകവേദിക്ക് സമർപ്പിച്ച് 88 -മത്തെ വയസ്സിലും കലാവിളക്കായി പ്രകാശം ചൊരിഞ്ഞ് നിൽക്കുന്ന നിലമ്പൂർ ആയിഷയുടെ ജീവിതം ഒരുനാടകത്തിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.
'കേരള നൂർജഹാൻ' എന്നപേരിൽ യുവ നാടകകൃത്തായ മുഹാജിർ കരുളായിയാണ് ഈ ചരിത്ര നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അതോടൊപ്പം ഈ നാടകത്തിന്റെ പുസ്തക രൂപവും കരുളായിയിൽ അന്നേദിവസം പ്രശസ്ത മജീഷ്യൻ ആർ.കെ.മലയത്ത് നിലമ്പൂർ ആയിഷയ്ക്ക് കോപ്പി നൽകി പ്രകാശനംചെയ്തു. നാടകത്തിൽ ഒരു വേഷം ചെയ്തും പുസ്തകത്തിന് പഠനക്കുറിപ്പെഴുതിയും ഈ സംരംഭത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിലെ സന്തോഷവും ഇവിടെ പങ്കുവെക്കുന്നു.
ഡിസംബർ 3ന് കരുളായിയിൽ അരങ്ങേറ്റം കുറിച്ചനാടകം പിന്നീട് നിലമ്പൂർപാട്ടുത്സവം ഫെസ്റ്റിവലിൽ ആയിഷയുടെ ജൻമനാട്ടിൽ ആയിഷയെത്തന്നെ സാക്ഷിനിർത്തി നിറഞ്ഞ സദസ്സിൽ നൂറുക്കണക്കിനാളുകളുടെ ഹർഷാരവങ്ങൾക്കിടയിൽ 2024 ജനുവരി 6 ന് പ്രദർശിപ്പിച്ചപ്പോൾ അത് ആയിഷ എന്ന നാടക നടിയായ കലാകാരിക്ക് സ്വന്തം നാട്ടുകാർ നാടകം കൊണ്ട് നൽകിയ ഒരു അപൂർവ്വ ബഹുമതിയായിമാറി.
ഒരുപക്ഷേ ലോക നാടക ചരിത്രത്തിൽ തന്നെ ജീവിച്ചിരിക്കേ ഇങ്ങനെയൊരു ബഹുമതി ലഭിക്കുക എന്നത് ചരിത്രത്തിന്റെ ഒരപൂർവ്വ മുഹൂർത്തമാവാം.
കുട്ടിക്കാലംമുതൽ സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച ആയിഷാക്ക് പ്രമാണിയായ ബാപ്പ മുത്തുപ്പട്ടയുടെ പെട്ടെന്നുള്ള മരണത്തോടെ ദാരിദ്ര്യത്തിലേക്കും അനാഥത്വത്തിലേക്കും കൂപ്പുകുത്തേണ്ടി വന്ന കഥ, ആയിഷയുടെ ജീവിത ദുരന്തങ്ങളിലൂടെ നാടകമായി വികസിക്കുന്നു. 
13-ാം വയസ്സിൽ ഒരു മദ്ധ്യവയസ്‌ക്കന്റെ ഭാര്യയാവേണ്ടി വരികയും കേവലം ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന്റെ പ്രതിഫലമായി ഒരു പെൺകുട്ടിക്ക് ജൻമം നൽകേണ്ടിവന്ന ദുഃസ്ഥിതിയിലൂടെയാണ് ആയിഷയുടെ ജീവിതം ചലിച്ചത്. പട്ടിണിമാറ്റാൻ ആയിഷയുടെ ഉമ്മ കുഞ്ഞാച്ചുവിന് അവില്മില്ലിൽ കൂലിപ്പണിക്ക് പോവേണ്ടിവന്നു. ഉമ്മാക്ക് അവിടെ നിന്നും അപകടം സംഭവിക്കുകയും ദുരന്തം അവിടെയും ആ കുടുംബത്തെ വിടാതെ പിന്തുടരുകയും ചെയ്തു.
പക്ഷേ നിശ്ചയദാർഢ്യത്തോടെ ആ പ്രതികൂല സാഹചര്യങ്ങളെയെല്ലാം പ്രതിരോധിച്ച് മുന്നോട്ടുപോകാൻ ആയിഷയ്ക്ക് തുണയായത് അവരിൽ കുടികൊണ്ടിരുന്ന നൈസർഗികമായ കലാവാസനയായിരുന്നു എന്ന സത്യത്തെ നാടകം അടിവരയിടുന്നു. അപ്പോഴേക്കും ആ കാലത്തെ നിലമ്പൂർ യുവജന കലാസമിതിയുടെ പ്രവർത്തകനായിരുന്ന സഹോദരൻ മാനുവിന്റെ കൂടെ വീട്ടിലേക്ക് കടന്നുവന്ന 'ജ്ജ് നല്ല മന്‌സനാകാം നോക്ക്' എന്ന പ്രസിദ്ധനാടകത്തിന്റെ കർത്താവ് ഇ.കെ.അയമു ആയിഷയുടെ പാട്ടും പാട്ടിനൊപ്പമുള്ള ചുവട് വെപ്പുകളും കാണാനിടയാവുന്നു. അങ്ങനെ ഇ.കെ.അയമു തന്റെ അടുത്ത നാടകത്തിൽ അഭിനയിക്കാൻ ആയിഷ എന്ന പെൺകുട്ടിയെ ക്ഷണിക്കുകയും ആയിഷ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു.
അതാണ് ആ ജീവിതത്തിന് വഴിത്തിരിവായത്. നാടകത്തിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടാത്ത കാലം കൂടിയായിരുന്നുഅത്. അപ്പോഴാണ് കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ നിലമ്പൂരിൽ നിന്ന് ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക് ധൈര്യസമേതം കടന്നുവരുന്നത്. അതും നാടകവും കലകളുമെല്ലാം ഹറാമായി കരുതിയിരുന്ന മുസ്‍ലിം സമുദായത്തിൽനിന്ന്.! കേരളത്തിൽ മാത്രമല്ല ഇന്ത്യൻ നാടക പ്രസ്ഥാനത്തിൽത്തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്.
സ്വാഭാവികമായും മതപൗരോഹിത്യവും പിന്തിരിപ്പൻ ചിന്താഗതിക്കാരായ സമുദായ പ്രമാണിമാരും ഒന്നടങ്കം ആയിഷയ്ക്കും കുടുംബത്തിനുമെതിരെ ഊരുവിലക്കടക്കമുള്ള നടപടികളുമായി മുന്നോട്ടുവരികയും കമ്യൂണിസ്റ്റ് പാർട്ടിയും മറ്റു പുരോഗമന ചിന്താഗതിക്കാരുംകൂടി ആയിഷക്കും നിലമ്പൂരിലെ യുവജന കലാസമിതിക്കും പിന്തുണയുമായി രംഗത്ത് വരികയും ചെയ്തതോടെ രംഗം കൊഴുക്കുന്നു.
കെ.ടി.മുഹമ്മദ്, നിലമ്പൂർ ബാലൻ, സഖാവ് കെ. കുഞ്ഞാലി, ഡോ. ഉസ്മാൻ, ഇ.കെ.അയമു, കുഞ്ഞുക്കുട്ടൻ തമ്പാൻ, കെ.ജി ഉണ്ണീൻ.. തുടങ്ങിയ ഒരു നിരതന്നെ ആയിഷയ്ക്ക് ഊർജം പകരാനെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനനഗരികൾ നാടക സ്റ്റേജുകളായി മാറുക കൂടി ചെയ്തതോടെ
ആയിഷ ഒരു നാടകനടിയും വിപ്ലവ പ്രസ്ഥാനങ്ങളുടെ ധീരവനിത കൂടി ആവുകയും ചെയ്തു.
'ആയിഷ നാടകത്തിലേക്കല്ല നരകത്തിലേക്ക്' എന്ന പ്രചാരണവുമായി യാഥാസ്ഥിതികരും നിലയുറപ്പിച്ചതോടെ നിലമ്പൂർ ആയിഷ എതിർപ്പുകളെ അതിജീവിച്ചു കൊണ്ട് ഏറനാട്ടിൽ നിന്നും ഉദിച്ചുയർന്ന വിപ്ലവ നക്ഷത്രമായി ജ്വലിച്ചു നിൽക്കുകയും ചെയ്തു. കേരളത്തിൽ മാത്രമല്ല ബോംബെയിലടക്കം ഇന്ത്യയുടെ പല ഭാഗത്തും ആയിഷയും സംഘവും നാടകവേഷമിട്ട് വലിയൊരു സാമൂഹ്യ മാറ്റത്തിന് തിരി കൊളുത്തുകയായിരുന്നു.
പലയിടത്തും ഹർഷാരവങ്ങളോടെ ആയിഷയെ ജനം വരവേറ്റപ്പോൾ ചിലയിടങ്ങളിൽ കല്ലേറും കൂക്കുവിളികളുമായി മതയാഥാസ്ഥിതികരും നിലയുറപ്പിക്കുകയായിരുന്നു.
ഒടുവിൽ ഫറോക്കിൽ നാടകം കളിക്കുന്നതിനിടയിൽ ആയിഷയ്ക്കു നേരെ എയർഗൺ ഉപയോഗിച്ച് വെടിവെപ്പുവരെ നടന്നത് ചരിത്രം. അങ്ങനെ സമാനതയില്ലാത്ത എതിർപ്പുകളെയെല്ലാം പുരോഗമനാശയക്കാരുടെ പിൻബലത്തിൽ അതിജീവിച്ച് മലയാള നാടകവേദിയുടെ അഭിമാനപുത്രിയായി വളർന്ന നിലമ്പൂർ ആയിഷക്ക് അക്കാലത്ത് ലഭിച്ചതാണ് 'കേരള നൂർജഹാൻ ' എന്നവിശേഷണം.
പിന്നീട് ഒരിടവേളയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വഴികൾ അടയുന്നു എന്ന് തോന്നിയപ്പോൾ നിലമ്പൂർ ആയിഷ എന്ന നാടക പ്രതിഭ ഗദ്ദാമയായി സൗദി അറേബ്യയിലേക്ക് കടൽ കടക്കേണ്ടി വന്നതും അവിടെ നീണ്ട 18 വർഷം പ്രവാസിയായി ജീവിക്കേണ്ടിവന്നതും മറ്റൊരുചരിത്രം. പ്രവാസാനന്തരം വീണ്ടും അഭിനയരംഗത്ത് സജീവമായ ആയിഷ ഇന്നും എൺപത്തിഎട്ടാം വയസ്സിലും തളരാതെ പിടിച്ചുനിൽക്കുന്നു.
സംഭവബഹുലമായ ആ ജീവിതചരിത്രം മുഹാജിർ കരുളായി നാടകമാക്കിയപ്പോൾ ഈ ചരിത്ര പശ്ചാത്തലം കർട്ടനു പിറകിൽനിന്ന് വാക്കുകളായി ഒഴുകിയെത്തുന്നത് ഈ എൺപത്തിയെട്ടാം വയസ്സിലും ജ്വലിച്ചു നിൽക്കുന്ന ആയിഷാത്തയുടെ ഇടർച്ചയില്ലാത്ത ശബ്ദത്തിന്റെ ഗരിമയോടെയാണെന്നതും ഈ നാടകത്തിന് വലിയൊരു മുതൽക്കൂട്ടാണ്.
' ജ്ജ് നല്ല മന്‌സനാകാംനോക്ക്' , 'മതിലുകൾ' എന്നീ നാടകങ്ങളിലെ ഓരോ സീനുകളടക്കം പുനരാവിഷ്‌കരിച്ചുകൊണ്ടാണ് 16 കലാകാരൻമാരിലൂടെ (അതിൽത്തന്നെ 6 സ്ത്രീ കഥാപാത്രങ്ങൾ, കരുളായി ചിലങ്ക നാടകവേദി അവരുടെ അഞ്ചാമത്തെ നാടകമായി 'കേരളനൂർജഹാൻ' രംഗത്തവതരിപ്പിക്കുന്നത്. നിലമ്പൂർ ആയിഷ
എന്ന നടിയുടെ ചരിത്രം ഒരു കാലഘട്ടത്തിന്റെയും മലബാറിൽനിന്നും രൂപ്പപ്പെട്ട നവോത്ഥാനത്തിന്റെയും കൂടി ചരിത്രമായി മാറിയ തെങ്ങനെയെന്ന് പുതുതലമുറയ്ക്ക് ഒരു പഠനം കൂടിയാണീനാടകം. കേരളത്തിന്റെ നാടവേദികളിൽ തീർച്ചയായും ഇത് അരങ്ങിലെത്തേണ്ടത് പുതിയ കാലഘട്ടത്തിന്റെ കൂടി ആവശ്യമായ സാംസ്‌കാരിക ദൗത്യം കൂടിയാണ്.

Latest News