Sorry, you need to enable JavaScript to visit this website.

അൻഷിഫ് - നൃത്തച്ചുവടുകളിലെ അഴക് 

കഴിഞ്ഞയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വിപുലമായ ആഘോഷത്തിൽ നൂറോളം കുട്ടികളെയാണ് ഒരൊറ്റ ഡാൻസിലൂടെ അൻഷിഫ് വേദിയിലെത്തിച്ചത്. അതിഥികളായെത്തിയ കവി മുരുകൻ കാട്ടാക്കട, ചലച്ചിത്ര സംവിധായകനും പ്രശസ്ത കലാകാരനുമായ നാദിർഷ, ജയരാജ് വാര്യർ, നടി ഇനിയ, നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മി, ഗായകരായ ദാനാ റാസിഖ്, സിയാവുൽ ഹഖ്, നിസാം കോഴിക്കോട് എന്നിവരും നിരവധി പ്രേക്ഷകരും അൻഷിഫിന്റെ നൃത്തസംവിധാനത്തെ പ്രശംസിച്ചു. 

അൻഷിഫ്  ടീം അംഗങ്ങളോടൊപ്പം.


അൻഷിഫ് അബൂബക്കർ. ജിദ്ദയിലെ കലാരംഗത്ത് സുപരിചതമായ നാമം, ജിദ്ദയിൽ ഒരു മെഗാ ഷോ ഉണ്ടെങ്കിൽ അൻഷിഫും ടീമും അനിവാര്യമായ ഘടകം. പ്രവാസലോകത്തെ അറിയപ്പെടുന്ന ഡാൻസറും നൃത്തസംവിധായകനുമായ അൻഷിഫ് അബൂബക്കർ ഗുരുമുഖത്ത് നിന്നല്ലാതെ സ്വന്തമായി പഠിച്ചെടുത്ത നൃത്തച്ചുവടുകൾ. ജിദ്ദയിൽ അടുത്ത കാലത്ത് നടന്ന എല്ലാ പരിപാടികളുടേയും ഹൈലൈറ്റ് അൻഷിഫിന്റെ ശിഷ്യഗണം അവതരിപ്പിക്കുന്ന ആധുനിക നൃത്തമാണ്. ഡാൻസിന്റെ ഏറ്റവും പുതിയ ഐറ്റമായിരിക്കും അൻഷിഫ് വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുക. 


ഇശൽ കലാവേദിയുടെ പത്താം വാർഷികം ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്നപ്പോൾ അൻഷിഫിന്റെ ഉപ്പയുടെ സുഹൃത്ത് ഇശൽ കലാവേദിയുടെ അന്നത്തെ ചെയർമാൻ ബഷീർ തിരൂരിന്റെ നിർബന്ധമാണ് ഈ രംഗത്തേക്കുള്ള ചുവടുവെപ്പിന് അൻഷിഫിന് ആദ്യപ്രേരണയായത്. ജിദ്ദയിലെ അറിയപ്പെടുന്ന സംഘാടകനായിരുന്ന കെ. അബ്ദുൽ മജീദ് നഹ, അൻഷിഫിന്റെ നാട്ടുകാരനും ജ്യേഷ്ഠസഹോദര തുല്യനുമായ മുസാഫിർ, അദ്ദേഹത്തിന്റെ ഭാര്യ സലീന എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ അൻഷിഫിനോടൊപ്പം അന്നും ഇന്നും കൂടെയുള്ള സുഹൈർ മുഹമ്മദ് പാലക്കാട്, അത് പോലെ മറ്റാരു സുഹൃത്ത് ഇജാസുമായി ഒരുമിച്ച് ഇശൽ കലാവേദിക്ക് വേണ്ടി ജിദ്ദയിൽ നടത്തിയ ആദ്യ പൊതു പരിപാടിയായിരുന്നു കലാ രംഗത്ത് കാലുറപ്പിക്കാനുള്ള വഴിത്തിരിവായത്. 

അൻഷിഫ് കുടുംബത്തോടൊപ്പം.


അതിന് ശേഷം അറബ് ലോകത്ത് അറിയപ്പെടുന്ന ടെലിവിഷൻ ചാനലായ എം.ബി.സിക്കു വേണ്ടി ഫ്‌ളാഷ് മൊബ്, ഇശൽ കലാവേദിക്ക് വേണ്ടി വീണ്ടും ട്രോൺ ഡാൻസ് (ലൈറ്റ് ഡാൻസ്, ഇത് ശരീരത്തിൽ ലൈറ്റ് വയർ ഘടിപ്പിച്ച് സ്റ്റേജിൽ ലൈറ്റ് ഓഫ് ചെയ്ത് നടത്തുന്ന ഡാൻസ്), സുഹൃത്ത് ഹൈദരലിയുടെ സാങ്കേതിക സഹായത്തോടെ ഒരു മാസത്തെ പരിശീലനത്തിനൊടുവിൽ നടത്തിയ സ്റ്റേജ് ഷോ അന്ന് ജിദ്ദയിൽ വലിയ സംസാരവിഷയമായി. ജിദ്ദയിലെ ഡാൻസ് രംഗത്ത് ഇത് പുതിയൊരു മാറ്റമായിരുന്നു. ഇതോടെ ജിദ്ദയിൽ വിവിധ കൂട്ടായ്മകളിലും സംഘടനകളുടെ വ്യത്യസ്ത പരിപാടികളിലും അൻഷിഫ് ഷോ അവിഭാജ്യഘടകമായി. 
ജുനൈസ് ബാബു - നൗഷാദ് എന്നിവർ നേതൃത്വം നൽകിയ ഗുഡ് ഹോപ്പ് മെഗാ ഷോ, മാധ്യമം നടത്തിയ മെഗാ ഷോ, 24 ടി.വി ചാനൽ ജിദ്ദ ഷോ തുടങ്ങി നിരവധി മെഗാ ഷോയിൽ അൻഷിഫ് അബൂബക്കറിന്റെ നൃത്ത സംവിധാനത്തിൽ ആകർഷകമായ വിവിധ ഷോകൾ അരങ്ങേറി. പ്രമുഖ ചലച്ചിത്ര നടി ഭാവന, അനു മോൾ എന്നിവർക്കും പ്രസിദ്ധരായ പല നടന്മാർക്കും വേണ്ടി നൃത്ത സംവിധാനം നടത്തി.

പ്രശസ്ത നടന്മാരായ ദിലീപ്, ടൊവിനോ, പ്രമുഖ ഗായകരായ കുമാർ സാനു, എം.ജി ശ്രീകുമാർ, റംസാൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ ഷോകളിലെല്ലാം അൻഷിഫ് അഭ്യസിപ്പിച്ച കുട്ടികളുടെ നൃത്തം അതീവഹൃദ്യമായി. കഴിഞ്ഞയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഗുഡ്‌ഹോപ് ആർട്‌സ് അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷത്തിൽ നൂറോളം കുട്ടികളെയാണ് ഒരൊറ്റ ഡാൻസിലൂടെ അൻഷിഫ് വേദിയിലെത്തിച്ചത്. അതിഥികളായെത്തിയ കവി മുരുകൻ കാട്ടാക്കട, ചലച്ചിത്ര സംവിധായകനും പ്രശസ്ത കലാകാരനുമായ നാദിർഷ, ജയരാജ് വാര്യർ, നടി ഇനിയ, നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മി, ഗായകരായ ദാനാ റാസിഖ്, സിയാവുൽ ഹഖ്, നിസാം കോഴിക്കോട് എന്നിവരും നിരവധി പ്രേക്ഷകരും അൻഷിഫിന്റെ നൃത്തസംവിധാനത്തെ പ്രശംസിച്ചു. അറിയപ്പെടുന്ന കലാകാരന്മാരുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ സാധിച്ചത് തന്റെ കലാജീവിതത്തിലെ വലിയ അംഗീകാരമാണെന്ന് അൻഷിഫ് കരുതുന്നു. ജിദ്ദ അസീസിയ കേന്ദ്രമാക്കി പുതുതായി ആരംഭിച്ച ഗുഡ്‌ഹോപ് ആർട്‌സ് അക്കാദമിയുടെ നോതൃത്വത്തിലുള്ള അൻഷിഫ് കോറിയോഗ്രഫിയുടെ പുതുഭാവങ്ങൾ തേടുന്ന കലാകാരനുമാണ്. 

ഗുഡ്ഹോപ് അക്കാദമി ഉദ്ഘാടന ചടങ്ങ്


മലപ്പുറം ഇരുമ്പുഴിയിലെ അബൂബക്കർ-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ ഏക മകനാണ് അൻഷിഫ്. ഏറെക്കാലം ജിദ്ദ ബലദിൽ ജോലി ചെയ്തിരുന്ന, സിഫ് ഉൾപ്പെടെ ജിദ്ദയിലെ ഫുട്‌ബോൾ സംഘാടകരിൽ പ്രധാനിയായിരുന്നു അൻഷിഫിന്റെ ബാപ്പ. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നാലാം ക്ലാസ്സിൽ തുടങ്ങി 2006 ൽ പ്ലസ്ടു കഴിഞ്ഞ് മലപ്പുറം ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി. വീണ്ടും ജിദ്ദയിൽ വന്ന് സി.എം. എ. സി. ജി. എം എന്ന് പേരുള്ള ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന അൻഷിഫ് കായികരംഗത്തും ചിത്രകലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോൺ മൽസരത്തിൽ ഓയിൽ പെയിന്റിംഗ് വിജയി കൂടിയാണ് അൻഷിഫ്. അതെസമയം സ്വന്തമായി സ്വകാര്യമായി ഡാൻസ് അഭ്യസിക്കുമായിരുന്നു. മലപ്പുറം ഗവ. കോളേജിലായിരുന്നു നൃത്തരംഗത്തെ അരങ്ങേറ്റം. 
അൻഷിഫിന് തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഓർക്കാനുണ്ട്. ബാഹുബലി എന്ന ഫിലിം ക്രോഡീകരിച്ച് പുനരാവിഷ്‌കരിച്ചു. നാൽപത്തഞ്ച് കുട്ടികളെ വെച്ചായിരുന്നു ആ പരിപാടി.

ഡാൻസ് സ്റ്റാർസ് കുക്കു ആൻഡ് നാസിഫ് അപ്പു, അവരുടെ കൂടെയുള്ള ഡാൻസ്, മജീഷ്യൻ മുതുകാടിന്റെ മുമ്പിൽ എ ആർ റഹ്മാന്റെ പാട്ടുകൾ മിക്‌സ് ചെയ്ത് ട്രിബ്യൂട്ട് കൊടുക്കുന്നത് പോലെ ചെയ്ത ഷോ, പാചക വിദഗ്ധ ലക്ഷ്മി നായർ ചീഫ് ജഡ്ജായി നവോദയ നടത്തിയ പ്രോഗ്രാം, സൗദി കലാകാരന്മാരുടെ ജിദ്ദ സീസണിന്റെ ഒരു ഭാഗമാകാൻ സാധിച്ചത്.. ഇതൊക്ക അൻഷിഫിനും ടീമിനും എന്നും ഓർക്കാൻ പറ്റിയ നിമിഷങ്ങളാണ്. 
അൻഷിഫിന്റെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. ഉമ്മ ഫാത്തിമ സുഹ്റ എല്ലാറ്റിനും ഒപ്പമുണ്ട്. നർത്തകി കൂടിയായ ഭാര്യ ഫാത്തിമ നൗഷിൻ, മകൾ അലിഷ - ഇതാണ് അൻഷിഫിന്റെ കുടുംബം. ജിദ്ദ ഡാൻസ് ക്ലബ് അൻഷിഫിന്റെ ആദ്യകാല ട്രൂപ്പാണ്. ഇനി മുതൽ ഗുഡ് ഹോപ് ആർട്‌സ് അക്കാദമിയിൽ നൃത്തപരിശീലനം. 

Latest News