സ്വന്തമായി ഡ്രൈവ് ചെയ്യണമെന്നത് കുട്ടിക്കാലംതൊട്ടേയുള്ള മോഹമായിരുന്നു. എന്നാൽ ഇരുകൈകളുമില്ലാതെ എങ്ങനെയാണ് ഡ്രൈവ് ചെയ്യുക? എങ്കിലും സ്വപ്‌നം സാർഥകമാക്കാനായുള്ള ശ്രമങ്ങൾ തുടർന്നു. 2014 ൽ തൊടുപുഴ ആർ.ടി.ഒ ഓഫീസിൽ പോയി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യയിൽ ഇരുകൈകളുമില്ലാതെ വാഹനമോടിക്കുന്ന ആരുടെയെങ്കിലും ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി ഹാജരാക്കാമെങ്കിൽ ലൈസൻസിന് അപേക്ഷിക്കാമെന്ന മറുപടിയാണ് അവിടെനിന്നും ലഭിച്ചത്. വിദേശരാജ്യങ്ങളിലല്ലാതെ ഇന്ത്യയിൽ അങ്ങനെയൊരാളെ കണ്ടെത്താനായില്ല. എങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. അന്വേഷണം തുടർന്നുപോന്നു. നാലുവർഷത്തെ നിരന്തരമായ അന്വേഷണത്തിന് ഫലമുണ്ടായി.
ഒരു സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അസാധ്യമാക്കുന്ന ഒരേയൊരു കാര്യമേയുള്ളു. അത് പരാജയഭയമാണെന്ന് പൗലോ കൊയ്‌ലോ ആൽക്കമിസ്റ്റിൽ എഴുതിവച്ചിട്ടുണ്ട്. സ്വപ്‌നങ്ങളില്ലെങ്കിൽ ജീവിതം ചിറകുകൾ നഷ്ടപ്പെട്ട പക്ഷിയെപ്പോലെയാണെന്ന് ജിലുമോൾ മാരിയറ്റ് തോമസ് എന്നേ മനസ്സിലാക്കിയിരുന്നു. കാരണം ഇരുകൈകളുമില്ലാതെയായിരുന്നു അവളുടെ ജനനം. ജീവിതം തനിക്കു മുന്നിൽ ചോദ്യ ചിഹ്‌നമായപ്പോൾ തോറ്റുകൊടുക്കാൻ അവൾ തയ്യാറായില്ല. അസാധ്യമായതെന്തും കീഴടക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
ആരേയും അസൂയപ്പെടുത്തുംവിധമായിരുന്നു പിന്നീടുള്ള ജിലുമോളുടെ ജീവിതം. കൈകളില്ലെങ്കിലെന്ത് കാലുകളെ കൈകളേക്കാൾ വേഗത്തിൽ ചലിപ്പിക്കാനും എന്തും ചെയ്യാനും സാധിക്കുംവിധം മെരുക്കിയെടുക്കുകയായിരുന്നു ഈ പെൺകുട്ടി.
ജിലുമോളെ നിങ്ങളറിയും. പാലക്കാട്ടുവച്ചു നടന്ന നവകേരളസദസ്സിൽവച്ച് മുഖ്യമന്ത്രിയിൽനിന്നും ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ പെൺകുട്ടി. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ ഏഷ്യയിലെ ആദ്യ പെൺകുട്ടി എന്ന റെക്കോർഡാണ് ജിലുമോൾ നേടിയെടുത്തത്. നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിലായിരുന്നു ഈ അംഗീകാരം ജിലുമോളെ തേടിയെത്തിയത്. ഇന്ന് എറണാകുളം നഗരത്തിലൂടെ കാലുകൾ കൊണ്ട് കാറോടിക്കുന്ന പെൺകുട്ടിയെ കാണാൻ പലർക്കും കൗതുകം. കൊച്ചിയിലെ വിയാനി പ്രിന്റിംഗ്‌സിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കിയിരുന്ന അവൾ നിരന്തരമുള്ള ഓട്ടോ യാത്രയിൽ മനം മടുത്തിട്ടാണ് കാർ സ്വന്തമാക്കിയത്. കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാനാവുന്ന തരത്തിൽ ആൾട്ടറേഷൻ ചെയ്‌തെങ്കിലും കൈകളില്ലെന്ന പേരിൽ ലൈസൻസ് നൽകുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായിരുന്നില്ല. വർഷങ്ങൾ നീണ്ട പോരാട്ടമാണ് ഒടുവിൽ ഫലം കണ്ടത്.
വരകളും വർണ്ണങ്ങളും സ്‌പെഷ്യൽ ഇഫക്ടുകളും നിറഞ്ഞ ലോകമാണ് ജിലുമോളുടേത്. അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്കുള്ള മടക്കം ദുരിതമായിരുന്നു. ബസ്സിന്റെ ഫുട്‌ബോർഡിൽ കാലെടുത്തുവയ്ക്കുമ്പോഴേയ്ക്കും കണ്ടക്ടർ ബെല്ലടിച്ചിരിക്കും. അകത്തുകയറി ഇരിക്കണമെന്നു പറഞ്ഞാൽ പലരുടെയും നെറ്റി ചുളിയുന്നതുകാണാം. ഇവൾക്കെന്തിന്റെ സൂക്കേടാ എന്ന ഭാവത്തിൽ പലരും നോക്കുമ്പോഴാണ് അവൾ സത്യം വെളിപ്പെടുത്തുന്നത്. കമ്പിയിൽ പിടിച്ചുനിൽക്കാൻ എനിക്ക് കൈകളില്ലെന്ന്. ഇത്തരം ദുരിതയാത്രകൾക്കറുതി വരുത്താനാണ് ഓട്ടോയെ ആശ്രയിച്ചുതുടങ്ങിയത്. എന്നാലിപ്പോൾ ലൈസൻസ് സ്വന്തമായതോടെ എവിടെയും സഞ്ചരിക്കാമെന്നായി. പിടിച്ചുനിൽക്കാൻ കൈകളില്ലെങ്കിലും സ്വപ്‌നങ്ങളിൽ പറന്നുനടക്കാൻ ദൈവം അവൾക്ക് ചിറകുകൾ നൽകുകയായിരുന്നു.
തൊടുപുഴക്കാരിയായ ജിലുമോളെ കാണുമ്പോൾ കൈകളില്ലെന്ന് ആർക്കും മനസ്സിലാകില്ല. കൈകൾ പിന്നിലേയ്ക്ക് കെട്ടിവച്ച് നടക്കുന്നതുപോലെയാണ് തോന്നുക. നടപ്പിലും പെരുമാറ്റത്തിലുമുള്ള ചുറുചുറുക്കാണ് അവളെ വ്യത്യസ്തയാക്കുന്നത്. ഇരുകൈകളുമില്ലെങ്കിലും ചിത്രരചനയിലും ഗ്രാഫിക്‌സ് ഡിസൈനിങ്ങിലും പ്രതിഭ തെളിയിച്ച കലാകാരിയാണവൾ.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് ജിലുമോൾ. രണ്ടു കൈകളുമില്ലാതെയായിരുന്നു അവളുടെ ജനനം. അംഗപരിമിതരായ ആരും കുടുംബത്തിൽ ഉണ്ടായിരുന്നില്ല. തോമസും അന്നക്കുട്ടിയും മകളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഏറെ ദുഃഖാകുലരായിരുന്നു.
അന്നക്കുട്ടിയുടെ അകാലമരണമാണ് ആ കുടുംബത്തെ പിടിച്ചുലച്ചത്. എനിക്ക് നാലര വയസ്സുള്ളപ്പോഴായിരുന്നു ബ്ലഡ് കാൻസർ ബാധിച്ച് മമ്മി യാത്രയായത്. അതോടെ പപ്പ ശരിക്കും ഒറ്റപ്പെട്ട നിലയിലായി. ചേച്ചി അനുവിന് ശാരീരിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇരുകൈകളുമില്ലാത്ത മകളെക്കൊണ്ട് ഏറെ വലഞ്ഞത് പപ്പയായിരുന്നു. തുടർന്നാണ് എന്നെ ചെത്തിപ്പുഴയിലുള്ള മേഴ്‌സി ഹോമിലേയ്ക്ക് മാറ്റിയത്. കാൽവിരലുകൾക്കിടയിൽ പെൻസിൽ പിടിച്ച് അക്ഷരങ്ങളെഴുതാൻ പഠിപ്പിച്ചത് അവിടത്തെ സിസ്റ്ററായിരുന്ന മരിയല്ലെയായിരുന്നു.
തുടക്കത്തിൽ പെൻസിൽ വിരലുകൾക്കിടയിൽനിന്നും ഊർന്നുപോകുമായിരുന്നു. പതിയെപ്പതിയെ പെൻസിൽ എന്റെ ആഗ്രഹത്തിനനുസരിച്ച് വഴങ്ങിത്തുടങ്ങി. അക്ഷരങ്ങളും കൂട്ടിനെത്തി. ഉത്സാഹം വർദ്ധിച്ചതോടെയാണ് അടുത്തുള്ള ജെ.എം.എൽ.പി. സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തത്. മേഴ്‌സി ഹോമിൽനിന്നും വാനിലായിരുന്നു യാത്ര. തുടർന്ന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും പ്ലസ് ടു പരീക്ഷയും പാസായി. ഹ്യുമാനിറ്റീസിൽ ഡിസ്റ്റിംഗ്ഷനടുത്തു മാർക്ക് വാങ്ങിയാണ് പ്‌ളസ് ടു ജയിച്ചത്. കാലിൽ പേന പിടിച്ച് ഞാൻതന്നെയാണ് പരീക്ഷയെഴുതിയത്.
മേഴ്‌സി ഹോമിൽ അംഗപരിമിതരായ നിരവധി പേരുണ്ടായിരുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോരുത്തർക്കും മുന്നോട്ടുള്ള ജീവിതത്തിനുതകുന്ന കാര്യങ്ങളായിരുന്നു മേഴ്‌സി ഹോമിൽ പഠിപ്പിച്ചിരുന്നത്. അവിടെ അന്തേവാസികളായ കുറച്ചു കുട്ടികൾ ചിത്രം വരയ്ക്കുന്നതു കണ്ടാണ് എനിക്കും ആഗ്രഹം തോന്നിയത്. കാൽവിരലുകൾക്കിടയിൽ ബ്രഷ് പിടിച്ച് പെയിന്റിൽ മുക്കി വരച്ചുതുടങ്ങിയപ്പോൾ ആദ്യമൊന്നും ശരിയായില്ല. നിരന്തര ശ്രമത്തിൽ ഫലം കണ്ടുതുടങ്ങി. പതിയെ വരയും എനിക്കൊപ്പം വന്നുതുടങ്ങി. പ്‌ളസ് ടു കഴിഞ്ഞപ്പോൾ സോഫ്റ്റ് വെയർ എൻജിനീയർ ആകണമെന്നായിരുന്നു മോഹം. എന്നാൽ പരിമിതികൾ ഏറെയായതിനാൽ ആ ആഗ്രഹം ഉപേക്ഷിച്ചു. എന്റെ ആഗ്രഹങ്ങൾ വിലങ്ങുതടിയിടാനും പലരുമുണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഡിപ്‌ളോമാ കോഴ്‌സിന് ചേരാൻ തീരുമാനിച്ചത്. അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിഗ്രി നേടാനായിരുന്നു മോഹം. അങ്ങനെയാണ് തൊടുപുഴ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ചേരുന്നത്. മേഴ്‌സി ഹോമിൽ താമസിച്ചുകൊണ്ടായിരുന്നു ബിരുദപഠനം പൂർത്തിയാക്കിയത്.
പഠനം പൂർത്തിയായപ്പോൾ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. തൊടുപുഴയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരവേയാണ് കൊച്ചിയിലെ വിയാനി പ്രിന്റിങ്ങിൽ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടിയത്. നാലുവർഷത്തോളം അവിടെ ജോലി ചെയ്തു. കീബോർഡിന്റെ സ്റ്റാന്റ് കാൽമുട്ടിന്റെ ഉയരത്തിൽവച്ച് എനിക്കായി പ്രത്യേക സീറ്റ് ഒരുക്കിയായിരുന്നു ജോലി ചെയ്തിരുന്നത്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണിപ്പോൾ.
സ്വന്തമായി ഡ്രൈവ് ചെയ്യണമെന്നത് കുട്ടിക്കാലംതൊട്ടേയുള്ള മോഹമായിരുന്നു. എന്നാൽ ഇരുകൈകളുമില്ലാതെ എങ്ങനെയാണ് ഡ്രൈവ് ചെയ്യുക? എങ്കിലും സ്വപ്‌നം സാർഥകമാക്കാനായുള്ള ശ്രമങ്ങൾ തുടർന്നു. 2014 ൽ തൊടുപുഴ ആർ.ടി.ഒ ഓഫീസിൽ പോയി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യയിൽ ഇരുകൈകളുമില്ലാതെ വാഹനമോടിക്കുന്ന ആരുടെയെങ്കിലും ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി ഹാജരാക്കാമെങ്കിൽ ലൈസൻസിന് അപേക്ഷിക്കാമെന്ന മറുപടിയാണ് അവിടെനിന്നും ലഭിച്ചത്. വിദേശരാജ്യങ്ങളിലല്ലാതെ ഇന്ത്യയിൽ അങ്ങനെയൊരാളെ കണ്ടെത്താനായില്ല. എങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. അന്വേഷണം തുടർന്നുപോന്നു.
നാലുവർഷത്തെ നിരന്തരമായ അന്വേഷണത്തിന് ഫലമുണ്ടായി. ഇൻഡോർ സ്വദേശിയായ വിക്രം അഗ്‌നിഹോത്രി രണ്ടു കൈകളുമില്ലാതെ കാലുകൊണ്ട് കാറോടിക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടു. 2018ലായിരുന്നു സംഭവം. പ്രതീക്ഷകൾ വീണ്ടും മുളപൊട്ടി. അഭിഭാഷകനായ ഷൈൻ വർഗീസ് മുഖേന അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഹാജരാക്കി. തുടർന്ന് ലേണേഴ്‌സ് ലൈസൻസിന് അപേക്ഷ സ്വീകരിക്കാൻ ഹൈക്കോടതി തൊടുപുഴ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരമാണ് ഓട്ടോമാറ്റിക് കാർ ബുക്ക് ചെയ്തത്. ആക്‌സിലേറ്ററിന്റെയും ബ്രേക്കിന്റെയുമെല്ലാം പെഡൽ ഉയർത്തി ആൾട്ടറേഷൻ ചെയ്തു. കാറിന്റെ രജിസ്‌ട്രേഷൻ നടപടികൾക്കായി തൊടുപുഴ ആർ.ടി.ഒ ഓഫീസിലെത്തിയപ്പോൾ വെഹിക്കിൾ ഇൻസ്‌പെക്ടർ അപേക്ഷ നിരസിക്കുകയായിരുന്നു. കൈകളില്ലാത്തയാൾക്ക് രജിസ്‌ട്രേഷൻ ചെയ്തുതരില്ല എന്നായിരുന്നു മറുപടി.
എറണാകുളം നഗരത്തിലൂടെ സ്വന്തമായി കാറോടിച്ചുപോകണമെന്നത് ഒരുതരം വാശിയായിരുന്നു. എറണാകുളത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിച്ച കാറിൽ തനിയെ ഡ്രൈവ് ചെയ്തുതുടങ്ങി. കാറിന്റെ ഡോർ തുറക്കുന്നതും അകത്തുകയറി സീറ്റ് ബെൽട്ടിടുന്നതും സ്റ്റാർട്ട് ചെയ്ത് ഗിയർ മോഡിലേയ്ക്ക് മാറ്റുന്നതും ആക്‌സിലേറ്ററും ബ്രേക്കുമെല്ലാം പ്രവർത്തിപ്പിക്കുന്നതും കാലുകൊണ്ടുതന്നെയായിരുന്നു. ഇതിനിടയിൽ വീണ്ടും ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷ സമർപ്പിച്ചെങ്കിലും മോട്ടോർ വാഹനവകുപ്പ് കാർ പരിശോധിച്ചപ്പോൾ മോഡിഫിക്കേഷൻ നടത്തിയത് തൃപ്തികരമല്ല എന്ന മറുപടി നൽകി തിരിച്ചയച്ചു.
വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലൈസൻസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം ഓടിക്കുന്ന ആളിന്റെ അംഗപരിമിതി ലൈസൻസ് നിഷേധിക്കുന്നതിന് കാരണമായി പറയാനാകില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. വിഷയം വീണ്ടും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെത്തി. എന്നാൽ ലോക് ഡൗൺ വന്നതോടെ നടപടിക്രമങ്ങളെല്ലാം നിലയ്ക്കുകയായിരുന്നു.
സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണറായി എസ്. എച്ച്. പഞ്ചാപകേശൻ ചുമതലയേറ്റതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അംഗപരിമിതരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ ലഭിക്കുമെന്നറിഞ്ഞപ്പോൾ നേരിട്ട് ചെന്നു കണ്ടു. കേസും ഫയൽ ചെയ്തു. അദ്ദേഹവും ട്രാൻസ്‌പോർട്ട് കമ്മീഷണറും കൂടിയാലോചിച്ച് എറണാകുളം ആർ.ടി.ഒ യെ ചുമതലപ്പെടുത്തുകയായിരുന്നു.
എറണാകുളം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ എ.ആർ. രാജേഷിന്റെ നിർദ്ദേശപ്രകാരമുള്ള മോഡിഫിക്കേഷനാണ് പിന്നീട് കാറിൽ നടത്തിയത്. വിമൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വി. ഐ. ഇന്നവേഷൻസാണ് കാറിനെ ഇപ്പോഴത്തെ രൂപത്തിലാക്കിയത്. ശബ്ദംകൊണ്ട് വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാവുന്ന രീതിയിലാണ് കാറിൽ സംവിധാനമൊരുക്കിയത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെതന്നെ കാറിന്റെ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് നിയന്ത്രിക്കാനാവും. ഫോണിലെ ആപ്ലാക്കേഷനിലൂടെ ബ്ലൂടൂത്ത് വഴിയാണ് ഇത് സാധ്യമാക്കിയത്.
വാഹനത്തിൽ ഘടിപ്പിക്കുന്ന ഇലക്‌ട്രോ ണിക് ഉപകരണം ബ്ലൂടൂത്ത് വഴിയുള്ള സന്ദേശങ്ങൾ പിടിച്ചെടുത്ത് പ്രവർത്തിക്കുന്ന രീതിയിലാണ് കാർ നവീകരിച്ചത്. വൈപ്പർ ഓൺ എന്നുപറഞ്ഞാൽ വൈപ്പർ പ്രവർത്തിച്ചുതുടങ്ങും. ഇൻഡിക്കേറ്ററുകൾ, ലൈറ്റ്, ഗ്ലാസുകൾ ഉയർത്തൽ, താഴ്ത്തൽ, മുൻഭാഗത്തെ ഗ്ലാസിലേയ്ക്ക് വെള്ളം ചീറ്റൽ എന്നിവയെല്ലാം ശബ്ദം കൊണ്ടാണ് നിയന്ത്രിക്കുന്നത്.
ഓൺലൈനിലൂടെയായിരുന്നു പിന്നീടുള്ള ഹിയറിങ്ങുകൾ നടന്നത്. ഒടുവിൽ നവകേരള യാത്രയ്ക്കിടെ പാലക്കാട്ടുവച്ച് മുഖ്യമന്ത്രി നേരിട്ട് ലൈസൻസ് കൈമാറുകയായിരുന്നു. ഏറെക്കാലത്തെ സ്വപ്‌നം അതോടെ പൂവണിയുകയായിരുന്നു.
'എങ്കിലും ഈ സന്തോഷം കാണാൻ പപ്പ കൂടെയില്ലെന്നതാണ് എന്നെ വേദനിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പപ്പ ഈ ലോകത്തോടു വിടപറഞ്ഞത്. എങ്കിലും പപ്പയുടെ ആഗ്രഹംപോലെ എന്നെങ്കിലും ഈ നഗരത്തിരക്കിലൂടെ സ്വന്തമായി കാറോടിക്കുമെന്ന് പറഞ്ഞത് സഫലമായതിന്റെ സന്തോഷമാണ് എനിക്ക് പ്രചോദനമാകുന്നത്'.