ലണ്ടന്‍ - പരിക്കു കാരണം അഞ്ചു മാസമായി വിട്ടുനില്‍ക്കുന്ന കെവിന്‍ ഡിബ്രൂയ്‌നെക്ക് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഉജ്വല തിരിച്ചുവരവ്. ന്യൂകാസിലിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ പ്ലേമേക്കര്‍ ഒരു ഗോളടിക്കുകയും ഇഞ്ചുറി ടൈമിലെ ഗോളിന് അവസരമൊരുക്കുകയും ചെയ്തതോടെ മാഞ്ചസ്റ്റര്‍ സിറ്റി 3-2 ന് ജയിച്ചു. ആദ്യ പകുതിയില്‍ രണ്ട് മിനിറ്റിനിടെ രണ്ട് തകര്‍പ്പന്‍ ഗോളുകളിലൂടെ ന്യൂകാസില്‍ മുന്നിലെത്തിയതായിരുന്നു. ഓസ്‌കര്‍ ബോബാണ് ഇഞ്ചുറി ടൈമില്‍ വിജയ ഗോളടിച്ചത്. ഈ വിജയത്തോടെ സിറ്റി ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് രണ്ട് പോയന്റ് പിന്നിലെത്തി.
ന്യൂകാസില്‍ ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ആറാമത്തേതാണ് തോറ്റത്. ആദ്യ അര മണിക്കൂറില്‍ സിറ്റി പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ഡിബ്രൂയ്‌നെയുടെയും എര്‍ലിംഗ് ഹാളന്റിന്റെയും അഭാവത്തില്‍ അത് മുതലാക്കാനായില്ല. ബെര്‍ണാഡൊ സില്‍വയുടെ മാജിക് മൊമെന്റ് വേണ്ടിവന്നു സമനിലയുടെ കുരുക്കഴിക്കാന്‍.