Sorry, you need to enable JavaScript to visit this website.

ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ അതേ വേഗതയില്‍ പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചെത്തുന്ന സംഭവങ്ങളില്‍ പുതുമയല്ലാതായിട്ടുണ്ട്.
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കുവെക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും പിരിഞ്ഞു പോകുമ്പോള്‍ സര്‍വീസ് ആനുകൂല്യമായി ലഭിക്കുന്ന തുക ഉപയോഗിച്ച് നാട്ടില്‍ എന്തെങ്കിലും തുടങ്ങാന്‍ പോകുന്നവരും വീണ്ടും പ്രവാസം തെരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇങ്ങനെ മടങ്ങുന്നവര്‍ നല്‍കുന്ന പ്രധാന ഉപദേശമാണ് ഗള്‍ഫില്‍ തന്നെ പരമാവധി പിടിച്ചുനില്‍ക്കണമെന്നത്.
സര്‍വീസ് ആനുകൂല്യം വാങ്ങി നാട്ടില്‍ പോയ സുഹൃത്തിനെ അഞ്ചു വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയ അനുഭവം പങ്കുവെക്കുകയാണ് ദുബായില്‍ കലിമാത്ത് എന്ന സ്ഥാപനം നടത്തുന്ന കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ നിരത്തരികില്‍.
സുഹൃത്തിന് സര്‍വീസ് തുകയായി ലഭിച്ച തുക ആവിയായി പോയ കഥയാണ് അദ്ദേഹം പറയുന്നത്. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.  

പഴയ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരാളെ അഞ്ചുകൊല്ലങ്ങള്‍ക്കു ശേഷം ഇയ്യിടെ കാണാനിടയായി. എന്നെയും അയാളെയും ഒരേ ദിവസമാണ് ആ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നത്. ഒരേസമയം ഒരേ ആഘാതമേറ്റവരായിരുന്നു ഞാനും അയാളും.

തരക്കേടില്ലാത്ത ശമ്പളത്തില്‍ പത്തിലേറെ വര്‍ഷക്കാലം ജോലിചെയ്തിരുന്ന അയാള്‍ക്ക് നല്ലൊരു തുക ഗ്രാറ്റിവിറ്റി കിട്ടിയതായി എനിക്കറിയാമായിരുന്നു. കാരണം, അയാളുടെ ടെര്‍മിനേഷന്‍ ലെറ്റര്‍ തയ്യാറാക്കിയിരുന്നത് ഞാനായിരുന്നു,

(എന്റെ ടെര്‍മിനേഷന്‍ ആരാണ് തയ്യാറാക്കിയിരുന്നത് എന്നത് ഇന്നും അജ്ഞാതം. മൂന്നു മണിക്ക് നോട്ടിസ് കൈപ്പറ്റാന്‍ എന്നെ വിളിക്കുമ്പോള്‍ മാത്രമാണ് എനിക്കും ടെര്‍മിനേഷനുള്ള വിവരം അറിയുന്നത് തന്നെ.)

നാട്ടില്‍പോയി പതിനൊന്നു മാസത്തിനു ശേഷം ഞാന്‍ തിരിച്ചു ദുബൈയില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞു. അയാള്‍ തിരിച്ചെത്തിയത് ഇയ്യിടെയാണ്. കമ്പനിയില്‍നിന്ന് കിട്ടിയ സര്‍വ്വീസ് തുക ആവിയായിപ്പോയ കഥയാണ് അയാള്‍ പറഞ്ഞത്.

നാട്ടിലെത്തിയ ഉടന്‍, ഒരു ആത്മസുഹൃത്ത് രക്ഷകന്റെ വേഷത്തില്‍ എത്തുകയായിരുന്നത്രെ. പണം കൈയില്‍ വെച്ചാല്‍ പെട്ടെന്ന് തീര്‍ന്നുപോകുമെന്നും വേഗം ഒരു പ്ലോട്ട് വാങ്ങിയിടുകയാണ് ഉചിതമെന്നും അയാള്‍ ഉപദേശിച്ചു. തനിക്കു യോജിച്ച ഒരു പ്ലോട്ട് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞ് മധ്യസ്ഥനായി നിന്ന് അയാള്‍ ആ പ്ലോട്ട് വാങ്ങി ഈ സുഹൃത്തിനു നല്‍കി. ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയെങ്കിലും ഒരു നിര്‍മ്മാണവും അവിടെ നടത്താന്‍ പറ്റാത്ത അവസ്ഥ സംജാതമായി.. പരിസരവാസികളുടെ എതിര്‍പ്പ്, ഭീഷണി തുടങ്ങി പലതും പലതും. രക്ഷകനോട് പറഞ്ഞപ്പോള്‍ അവന്‍ സമര്‍ത്ഥമായി പ്രശ്‌നത്തില്‍നിന്നും ഊരിപ്പോയത്രേ! നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനോ മറിച്ചു വില്‍ക്കാനോ കഴിയാതെ ആ പ്ലോട്ട് പ്പോഴും അങ്ങനെ വെറുതെ കിടക്കുകയാണത്രെ! ഏതാണ്ട് കാല്‍ക്കോടി രൂപ സ്വാഹ!

ബാക്കിയുള്ള അഞ്ചു ലക്ഷം കുടുംബക്കാര്‍ നടത്തുന്ന ഒരു  ബിസിനസ്സില്‍ ഇട്ടെങ്കിലും അതും ആവിയായിപ്പോയത്രേ! നില്‍ക്കക്കള്ളിയില്ലാത്തതിനാല്‍ വീണ്ടും ദുബൈയിലേക്ക് കയറി വന്നിരിക്കയാണ് അയാള്‍. നല്ലൊരു പ്രൊഫെഷന്‍ കൈയില്‍ ഉള്ളതിനാല്‍ ഏറെ വൈകാതെ ജോലി കിട്ടിയെങ്കിലും പണ്ട് കിട്ടിയതിന്റെ പാതി ശമ്പളം പോലും പുതിയ ജോലിയില്‍നിന്നു ലഭിക്കുന്നില്ലെന്നും ജോലി സമയം വളരെ കൂടുതലാണെന്നും അവന്‍ നിരാശപ്പെടുന്നു.

ഒരേ പടവില്‍നിന്നു ഇപ്പോഴും കുളിക്കാനാവില്ലെന്നും മാറ്റങ്ങളെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകണമെന്നും ഞാനവന്റെ മുന്നില്‍ മോട്ടിവേറ്ററായി ആശ്വസിപ്പിച്ചു!, അല്ലാതെ ഞാന്‍ മറ്റെന്തു ചെയ്യാന്‍!.

പണം കൈയില്‍ ഉള്ളവന് ഭാവനയില്ലെങ്കില്‍, കാഴ്ചപ്പാടില്ലെങ്കില്‍ നിക്ഷേപത്തിനിറങ്ങാതിരിക്കുകയാണ് നല്ലത് എന്ന് തെളിയിക്കുന്ന, നിരവധി ഉദാഹരണങ്ങളിലൊരാളാണ് അയാള്‍. ഗള്‍ഫിലെ പണം കായ്ക്കുന്ന മരത്തിനു കീഴില്‍നിന്നു പെറുക്കിയെടുക്കുന്ന കറന്‍സികളുമായാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത് എന്ന ധാരണയോടെയാണ് ചൂഷകര്‍ അവരെ ചൂഷണം ചെയ്യുന്നത്. കഷ്ടപ്പെട്ട് നീണ്ടവര്‍ഷങ്ങളിലൂടെ നേടുന്ന സമ്പാദ്യം നാട്ടില്‍ പാഴായിപ്പോവാതിരിക്കാനുള്ള ജാഗ്രതയാണ് പ്രവാസികള്‍ക്ക് ഉണ്ടാവേണ്ടത്. ഇല്ലെങ്കില്‍ എല്ലാം ആവിയായിപ്പോയാലെ സംഗതിമനസ്സിലാകൂ.

ഈ വാർത്തകൾ വായിക്കുക

VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

Latest News