Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

ചെന്നൈ- കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റങ്ങളില്‍ ഉള്‍പ്പെടില്ലെന്ന് മദ്രാസ് ഹൈക്കോടതി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ കണ്ടതിന് 28 കാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ടതുകൊണ്ട് മാത്രം കുട്ടികള്‍ക്ക് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന (പോക്‌സോ) നിയമപ്രകാരവും 2000 ലെ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി ആക്ട് പ്രകാരവും കുറ്റക്കാരനാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പോക്‌സോ നിയമ പ്രകാരമുള്ള കുറ്റം ചുമത്താന്‍ കുട്ടിയെയോ കുട്ടികളെയോ അശ്ലീല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കണമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.  കുറ്റാരോപിതനായ വ്യക്തി ചൈല്‍ഡ് പോണോഗ്രാഫി വീഡിയോ കണ്ടിട്ടുണ്ടെന്ന് കരുതിയാല്‍ പോലും  അത് 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക് ഷന്‍ 14 (1) ന്റെ പരിധിയില്‍ വരില്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യം സംബന്ധിച്ച് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍  2020 ജനുവരിയിലാണ്  രണ്ട് നിയമങ്ങള്‍ പ്രകാരം പ്രതി ഹരീഷിനെതിരെ കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ അടങ്ങിയ രണ്ട് ഫയലുകള്‍ കണ്ടെത്തി  ഫോറന്‍സിക് സയന്‍സ് വിഭാഗം പോലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.


എന്നാല്‍ താന്‍ സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെങ്കിലും  കുട്ടികളുടെ അശ്ലീല ഉള്ളടക്കം കണ്ടിട്ടില്ലെന്നാണ്  28 കാരനായ ഹരീഷ് ഹരജിയില്‍ പറഞ്ഞിരുന്നത്.

 

 

Latest News