റാഞ്ചി - പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വഴി അടയുമോ? റാഞ്ചിയില്‍ നടക്കുന്ന ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ അമേരിക്കയോട് ആദ്യ മത്സരത്തില്‍ ഇന്ത്യ 0-1 ന് തോറ്റു. മറ്റൊരു കളിയില്‍ ജര്‍മനി 3-0 ന് ചിലിയെയും ജപ്പാന്‍ 2-0 ന് ചെക് റിപ്പബ്ലിക്കിനെയും തോല്‍പിച്ചു. അമേരിക്കക്കെതിരായ 16 കളികളില്‍ പത്തും ഇന്ത്യ തോല്‍ക്കുകയാണ് ചെയ്തത്. നാലെണ്ണം മാത്രമേ ജയിച്ചിട്ടുള്ളൂ. ടോക്കിയൊ ഒളിംപിക്‌സിന് അമേരിക്കയെ കഷ്ടിച്ച് മറികടന്നാണ് ഇന്ത്യ ആദ്യമായി യോഗ്യത നേടിയത്. ഒളിംപിക്‌സില്‍ സെമിഫൈനലില്‍ അര്‍ജന്റീനയോടും വെങ്കല മെഡല്‍ മത്സരത്തില്‍ ബ്രിട്ടനോടും പൊരുതിത്തോല്‍ക്കുകയായിരുന്നു.
ന്യൂസിലാന്റും ഇറ്റലിയുമാണ് പുള്‍ ബി-യിലെ മറ്റു ടീമുകള്‍. ലോക അഞ്ചാം നമ്പര്‍ ജര്‍മനിയും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനും ചിലിയും ചെക് റിപ്പബ്ലിക്കുമടങ്ങുന്നതാണ് പുള്‍ എ.