Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യന്‍ കപ്പില്‍ എല്ലാവരും  നാളെ ഫലസ്തീന്‍

ദോഹ - ഇസ്രായിലിന്റെ വംശീയ ഉന്മൂലനം നേരിടുന്ന ഫലസ്തീന്‍ ജനതയുടെ മുഖത്ത് ചെറുയാതെങ്കിലും സന്തോഷം വരുത്താന്‍ അവരുടെ ഫുട്‌ബോള്‍ ടീം കളത്തിലിറങ്ങുന്നു. പൊരുതുന്ന ഫലസ്തീന്‍ ജനതയുടെ പ്രതീകമായി ഏഷ്യന്‍ കപ്പില്‍ നാളെ അവര്‍ ഇറാനെതിരെ ബൂട്ട് കെട്ടും. എല്ലാ ഫലസ്തീന്‍ ജനങ്ങളെയെന്ന പോലെ തങ്ങളും ഇസ്രായിലി അതിക്രമത്തിന്റെ ഇരകളാണെന്ന് ക്യാപ്റ്റന്‍ മൂസഅബ് അല്‍ബതാത് പറഞ്ഞു. മൂന്നാം തവണ ഏഷ്യന്‍ കപ്പ് കളിക്കുന്ന ഫലസ്തീന്‍ ഒരു ജയം പോലും നേടിയിട്ടില്ല. 
ടീം കളിയില്‍ ശ്രദ്ധയൂന്നാന്‍ പാടുപെടുകയാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടും പൊരുതുന്നവര്‍ക്കായുള്ള പ്രാര്‍ഥനയുമാണ് അവരുടെ മനസ്സ് നിറയെ, ക്രൂരമായ ഇസ്രായിലി നരമേധത്തില്‍ ഞെരിഞ്ഞമരുന്ന നാടിന് അഭിമാനം കൊണ്ടുവരണമന്ന ദൃഢനിശ്ചയമാണ് നെഞ്ചകത്തില്‍.
പല കളിക്കാര്‍ക്കും നഷ്ടപ്പെട്ടത് ഉറ്റ ബന്ധുക്കളെയാണ്. ഒരു വിവേചനവുമില്ലാത്ത ബോംബാക്രമണങ്ങളില്‍ ഗാസ തവിടുപൊടിയായിരിക്കുകയാണ്. സ്‌റ്റേഡിയങ്ങളും കളിക്കളങ്ങളുമൊക്കെ ഖബര്‍സ്ഥാനുകളും അഭയാര്‍ഥി ക്യാമ്പുകളുമായി മാറിക്കഴിഞ്ഞു.
പരിശീലന സമയത്ത് മാത്രമാണ് കളിക്കാരുടെ മനസ്സില്‍ ഫുട്‌ബോള്‍. ബാക്കി സമയങ്ങളില്‍ വാര്‍ത്തകളറിയാനുള്ള വെമ്പലാണ്. ടീം ബസിലും ഹോട്ടലിലും അവര്‍ നാടിന്റെ പോരാട്ട വാര്‍ത്തകളറിയാനായി വട്ടം കൂടുകയാണെന്ന് കോച്ച് മഖ്‌റം ദാബൂബ് വെളിപ്പെടുത്തി. കുടുംബത്തിന് എന്തു സംഭവിച്ചുവെന്ന ആശങ്കയുടെ നൂല്‍പാലത്തിലൂടെയാണ് കളിക്കാര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. സൗദി അറേബ്യയിലാണ് ടീം പരിശീലനം നടത്തുന്നത്.
12 നാണ് ഏഷ്യന്‍ കപ്പിലെ ഉദ്ഘാടന മത്സരം. ഫലസ്തീന്‍ 14 ന് ഇറാനുമായി ഏറ്റുമുട്ടും. ജൂണില്‍ ഫലസ്തീന്‍ മൂന്നാം തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയപ്പോള്‍ വലിയ ആഘോഷമായിരുന്നു ഗാസയിലും വെസ്റ്റ് ബാങ്കിലും. എന്നാല്‍ ഫൈനല്‍ റൗണ്ടിനായി ഒരുങ്ങാനുള്ള മാനസികാവസ്ഥയിലല്ല കളിക്കാര്‍. ഫലസ്തീനില്‍ ഫുട്‌ബോള്‍ മാത്രമല്ല ജീവിതം തന്നെ യുദ്ധമുഖത്താണ്. മഹമൂദ് വാദി, മുഹമ്മദ് സാലിഹ് തുടങ്ങിയ കളിക്കാരുടെ കുടുംബങ്ങള്‍ ഗാസയില്‍ ഏതു നിമിഷവും മരണത്തെ മുഖാമുഖം കാണുകയാണ്. അവരുടെ വീടുകള്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നു. എങ്കിലും ഫലസ്തീന്റെ പോരാട്ടവീര്യം പ്രകടിപ്പിക്കാനും ഏഷ്യന്‍ കപ്പില്‍ നോക്കൗട്ടിലേക്ക് മുന്നേറാനും ശ്രമിക്കുമെന്ന് കോച്ച് ഉറപ്പ് നല്‍കി. രാജ്യാന്തര രംഗത്ത് ഫലസ്തീന്റെ പതാകയുയര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനം. അത് ഫലസ്തീന്റെ വ്യക്തിത്വവും സ്വാതന്ത്ര്യ ദാഹവും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള ആഗ്രഹവും പ്രകടിപ്പിക്കാനുള്ള അവസരമാണ് കോച്ച് പറഞ്ഞു.
സ്‌പോര്‍ട്‌സുമായി ബന്ധമുള്ള ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജിബ്രീല്‍ റജൂബ് പറയുന്നു. ഒളിംപിക് മാര്‍ഗരേഖ പരസ്യമായി ലംഘിച്ചാണ് ഫലസ്തീന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ ഇസ്രായില്‍ തകര്‍ക്കുന്നത്. ഗാസയിലെ യര്‍മൂഖ് സ്‌റ്റേഡിയം ഇസ്രായില്‍ പീഡനകേന്ദ്രമാക്കി മാറ്റി. നിരവധി യുവാക്കളെയും കുട്ടികളെയും അവിടെ നഗ്‌നരാക്കി നിര്‍ത്തിയത് ഇസ്രായില്‍ മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കി. 1939 ല്‍ പണിത യര്‍മൂഖ് സ്‌റ്റേഡിയം ഫലസ്തീനിലെ ഏറ്റവും പഴക്കമുള്ള കളിക്കളമാണ്. ഇസ്രായിലിന്റെ നഗ്‌നമായ അവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിക്കും ഫിഫക്കും എഴുതിയിട്ടുണ്ട്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ ടീം വിജയാഘോഷങ്ങളില്‍ ഫലസ്തീന്‍ പതാകകളും ഉയര്‍ത്തിയിരുന്നു. ഏഷ്യന്‍ കപ്പിലും കൂടുതല്‍ ടീമുകള്‍ ഫലസ്തീന് പിന്തുണയര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
 

Latest News