ഗുവാഹതി - മുന്‍ നായകന്‍ സചിന്‍ ബേബി സെഞ്ചുറിയടിച്ചതോടെ അസമിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം കുതിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 419 റണ്‍സെടുത്ത സന്ദര്‍ശകര്‍ 14 റണ്‍സെടുക്കുമ്പോഴേക്കും അസമിന്റെ രണ്ട് വിക്കറ്റ് പിടിച്ചെടുത്തു.
പതിവ് പോലെ മധ്യനിര തകര്‍ന്നെങ്കിലും മുന്‍നിരയുടെ കരുത്തുറ്റ പ്രകടനം കേരളത്തിന് മുതല്‍ക്കൂട്ടായി. ഓപണര്‍മാരായ രോഹന്‍ കുന്നുമ്മലും (83) കൃഷ്ണപ്രസാദും (80) മൂന്നാമന്‍ രോഹന്‍ പ്രേമും (50) അര്‍ധ ശതകം പിന്നിട്ടു. പിന്നീട് മറുവശത്ത് തുടരെ വിക്കറ്റ് വീണപ്പോഴും സചിന്‍ (131) അചഞ്ചലനായി നിന്നു. ഏഴിന് 276 ല്‍ നിന്ന് ടീമിനെ കരകയറ്റി. 16 ബൗണ്ടറിയും അഞ്ച് സിസ്‌കറും സഹിതം പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയടിച്ച സചിന്‍ അവസാനമാണ് പുറത്തായത്. ബെയ്‌സില്‍ തമ്പിയുമൊത്ത് (19) എട്ടാം വിക്കറ്റില്‍ 66 റണ്‍സും എം.ഡി നിധീഷുമൊത്ത് (12) ഒമ്പതാം വിക്കറ്റില്‍ 62 റണ്‍സും ചേര്‍ത്തു. മുഖ്താര്‍ ഹുസൈനും രാഹുല്‍ സിംഗും മൂന്നു വിക്കറ്റ് വീതം നേടി.
പിന്നീട് രണ്ട് ബൗണ്ടറിയുമായി മറുപടി തുടങ്ങിയ ഓപണര്‍ രാഹുല്‍ ഹസാരികയെ (9) ബെയ്‌സില്‍ തമ്പി ബൗള്‍ഡാക്കി. സിദ്ധാര്‍ഥ് സമര്‍ഥിനെ (0) സ്പിന്നര്‍ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഹരിയാനക്കെതിരായ ലോ സ്‌കോറിംഗ് ത്രില്ലറില്‍ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്ര വീണ്ടും തകര്‍ന്നു. ആദ്യ ഇന്നിംഗ്‌സില്‍ 145 ന് പുറത്തായ അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 148 ലാണ്. 93 റണ്‍സിന്റെ ലീഡേയുള്ളൂ.