മെല്‍ബണ്‍ - ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന് മെല്‍ബണ്‍ പാര്‍ക്കില്‍ നാളെ തുടക്കമാവുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു ചോദ്യം മാത്രം. മുപ്പത്താറാം വയസ്സില്‍ നോവക് ജോകോവിച് കാഴ്ചവെക്കുന്ന മേധാവിത്തം ഈ വര്‍ഷവും തുടരുമോ? കഴിഞ്ഞ വര്‍ഷം നാല് ഗ്രാന്റ്സ്ലാമുകളിലും ഫൈനലിലെത്തിയ ടോപ് സീഡ് മൂന്നിലും ചാമ്പ്യനായി. റഫായേല്‍ നദാലിനെ മറികടന്ന് ഗ്രാന്റ്സ്ലാം റെക്കോര്‍ഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപണില്‍ അവിശ്വസനീയ റെക്കോര്‍ഡാണ് നോവക്കിന്, രണ്ടു വര്‍ഷം കോവിഡ് വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ കളിപ്പിക്കാതെ നാടു കടത്തിയിട്ടും 10 തവണ ഇവിടെ ചാമ്പ്യനായിട്ടുണ്ട. 2018 ലാണ് അവസാനം തോറ്റത്.
കഴിഞ്ഞ വര്‍ഷം ഗ്രാന്റ്സ്ലാമുകള്‍ തൂത്തുവാരുന്നതില്‍ നിന്ന് നോവക്കിനെ തടയാന്‍ സാധിച്ചത് ഒരാള്‍ക്കു മാത്രമാണ് -ഇരുപതുകാരന്‍ കാര്‍ലോസ് അല്‍കാരസിന്. വിംബിള്‍ഡണ്‍ ഫൈനലില്‍ അഞ്ച് സെറ്റ് ത്രില്ലറില്‍ നോവക്കിനെ തോല്‍പിച്ചു. ഇത്തവണയും ആ കുതിപ്പ് തടയാനുള്ള കെല്‍പ് ലോക രണ്ടാം നമ്പറായ അല്‍കാരസിനേയുള്ളൂ. കഴിഞ്ഞ വര്‍ഷം പരിക്കു കാരണം സ്‌പെയിന്‍കാരന്‍ ഓസ്‌ട്രേലിയന്‍ ഓപണില്‍ കളിച്ചിരുന്നില്ല. ഇരുവരും അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്, എല്ലാം സെമിയിലോ ഫൈനലിലോ. നോവക്കിന് 3-2 ലീഡുണ്ട്. 21 തികയും മുമ്പെ നാല് മൂന്ന് ഗ്രാന്റ്സ്ലാം നേടാന്‍ റഫായേല്‍ നദാലിനും ബ്യോണ്‍ ബോര്‍ഗിനും മാറ്റ്‌സ് വിലാന്റര്‍ക്കും മാത്രമേ സാധിച്ചിട്ടുള്ളൂ, ആ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ അല്‍കാരസിന് അവസരമുണ്ട്.