റയല്‍ മഡ്രീഡ് x ബാഴ്‌സലോണ
നാളെ രാത്രി 10.00
റിയാദ് - ലോക ഫുട്‌ബോളില്‍ ആരാധകരുടെ ഹരമായ സ്പാനിഷ് എല്‍ക്ലാസിക്കോയുടെ ഏറ്റവും പുതിയ എഡിഷന്‍ നാളെ റിയാദിലെ അല്‍അവ്വല്‍ പാര്‍ക്കില്‍. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ കഴിഞ്ഞ സീസണിലെ ആവര്‍ത്തനമായ ഫൈനലില്‍ റയല്‍ മഡ്രീഡും ബാഴ്‌സലോണയും ഏറ്റുമുട്ടും. കഴിഞ്ഞ തവണ ബാഴ്‌സലോണയോട് 1-3 ന് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ റയല്‍ നാളെ ബൂട്ട് കെട്ടും. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഇരു ടീമുകളും വിദേശ മണ്ണില്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു റിയാദില്‍ സൂപ്പര്‍ കപ്പ് ഫൈനല്‍. ജൂലൈയില്‍ അമേരിക്കയില്‍ നടന്ന സൗഹൃദ മത്സരം റയല്‍ 3-0 ന് ജയിച്ചു. ഒക്ടോബറില്‍ സ്പാനിഷ് ലീഗിലും ബാഴ്‌സയെ 2-1 ന് റയല്‍ തോല്‍പിച്ചിരുന്നു.
പകരം ചോദിക്കുക എന്നത് റയലിന്റെ ശീലമല്ലെന്നും കഴിവിന്റെ പരിധികള്‍ കടക്കുക എന്നതാണ് ഈ ജഴ്‌സിയണിയുന്നവരുടെ പതിവെന്നും കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞു. ഈ സീസണിലെ ആദ്യ ട്രോഫിക്ക് ഒരു ചുവടരികിലാണ് ഞങ്ങള്‍. ആ ചുവട് വെക്കാന്‍, ഫൈനലില്‍ ജയം പിടിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും -കോച്ച് പ്രഖ്യാപിച്ചു.
റയലാണ് മികച്ച ഫോമിലെന്ന് ബാഴസലോണ പരിശീലകന്‍ ഷാവി സമ്മതിച്ചു. പക്ഷെ പന്തുരുണ്ടു തുടങ്ങിയാല്‍ രണ്ടു ടീമും സമമാണ്. കപ്പ് നിലനിര്‍ത്താനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഷാവിയുടെ കോച്ചിംഗില്‍ ബാഴ്‌സലോണയുടെ ആദ്യ കിരീടമായിരുന്നു കഴിഞ്ഞ സ്പാനിഷ് സൂപ്പര്‍ കപ്പ്. അതിനു ശേഷം അവര്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി. എന്നാല്‍ ഈ സീസണിലെ ലീഗില്‍ റയലിനെക്കാള്‍ ഏഴ് പോയന്റ് പിന്നിലാണ്.
ബാഴ്‌സലോണ റെക്കോര്‍ഡായ 14 തവണ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്. ഡിഫന്റര്‍ ഡാനി കര്‍വഹാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്ന് ആഞ്ചലോട്ടി അറിയിച്ചു. കെപ അരിസബലാഗയാണോ ആന്ദ്രെ ലൂനിനാണോ വല കാക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. റയല്‍ കോച്ചായി പതിനൊന്നാം കിരീടത്തിനടുത്താണ് ആഞ്ചലോട്ടി. സിനദിന്‍ സിദാനൊപ്പമെത്താന്‍ അവസരമുണ്ട്. മിഗ്വേല്‍ മൂനോസ് (1960-1974) 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.