ഷാർജ- സമൂഹത്തിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന വിദ്വേഷങ്ങൾക്കെതിരെ സ്‌നേഹം കൊണ്ട് പ്രതിരോധമൊരുക്കണമെന്ന് വിവിധ പ്രവാസി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തിൽ ഫെബ്രുവരി പതിനഞ്ചു മുതൽ പതിനെട്ട് വരെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മാനവികതാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികൾ.
മനുഷ്യരുടെ നന്മയാണ് മതങ്ങളുടെ ലക്ഷ്യമെന്നിരിക്കെ വിശ്വാസങ്ങളുടെ പേരിൽ വെറുപ്പിനു പ്രസക്തിയില്ലെന്ന് സംഗമം ഊന്നിപ്പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കിടയിൽ സ്നേഹവും കാരുണ്യവും പരസ്പര സഹകരണവും ഇല്ലായ്മ ചെയ്യുന്ന രീതിയിൽ ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിൽ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന മുഴുവൻ ശക്തികളെയും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ഗാന്ധിയനും നാഷണൽ യൂത്ത് പ്രോജക്ട് ഭാരവാഹിയുമായ കാരയിൽ സുകുമാരൻ സ്‌നേഹ സന്ദേശം നൽകി. ഫോക്കസ് ഇന്ത്യ സി.ഇ.ഒ ഡോ. യു.പി യഹിയ ഖാൻ പ്രമേയ വിശദീകരണം നടത്തി സംസാരിച്ചു. യു.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അസൈനാർ അൻസാരി, ഹാഷിം നൂഞ്ഞേരി (ഷാർജ കെ.എം.സി.സി), അഡ്വ.സന്തോഷ് കെ.നായർ (മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം), പ്രഭാകരൻ പയ്യന്നൂർ (മഹസ്), താഹ അബ്ദുല്ല മമ്പാട് (ഐ.സി.സി ഷാർജ), ജാസ്മിൻ ശറഫുദ്ദീൻ (എം.ജി.എം), സാദിഖ് പി.ശാഹുൽ (ഫോക്കസ്), അബ്ദുറഹിമാൻ പൂക്കാട്ട് (യു.ഐ.സി ഷാർജ), ഉസ്മാൻ കക്കാട് (യുവത ബുക്‌സ്) എന്നിവർ പ്രസംഗിച്ചു. യു.ഐ.സി ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ് മാൻ പാലക്കൽ അധ്യക്ഷത വഹിച്ചു. നൗഫൽ മരുത സ്വാഗതവും അനീസ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.






