ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് നിലവാരമുള്ള ഓള്‍റൗണ്ടറല്ലെന്നായിരുന്നു മൈക്കിള്‍ ഹോള്‍ഡിംഗിന്റെ ആദ്യ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടൊപ്പം അര്‍ധ ശതകവും നേടി ഹാര്‍ദിക്. ജസ്പ്രീത് ബുംറ ടെസ്റ്റ് നിലവാരമുള്ള ബൗളറല്ലെന്നും താനാണ് ടീം സെലക്ടറെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ പോലുമുണ്ടാവില്ലെന്നും ഹോള്‍ഡിംഗ് പ്രഖ്യാപിച്ചു. അഞ്ച് വിക്കറ്റ് കൊയ്‌ത്തോടെ ബുംറ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോക പ്രശസ്ത കമന്റേറ്റര്‍ക്കെതിരെ ട്രോള്‍ മഴ പെയ്യാന്‍ ഇതില്‍പരമെന്തു വേണം.
എന്നാല്‍ ട്രോളുകള്‍ കണ്ട് പേടിച്ചോടുന്നയാളല്ല കരീബിയയുടെ പഴയകാല പെയ്‌സ് വീരന്‍. താന്‍ പറഞ്ഞത് ഹാര്‍ദിക് ഇപ്പോഴും കപില്‍ദേവിന്റെ നിലവാരത്തിലുള്ള ഓള്‍റൗണ്ടറല്ല എന്നാണെന്ന് ട്രോളന്മാരോട് തന്റെ ശ്രദ്ധിച്ചു കേള്‍ക്കാന്‍ ഹോള്‍ഡിംഗ് അഭ്യര്‍ഥിക്കുന്നു. ഹാര്‍ദിക്കിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഹാര്‍ദിക്കിനെ പുതിയ കപില്‍ദേവാക്കുന്നവരെക്കുറിച്ചാണ്. ഇന്ത്യയുടെ ബൗളിംഗ് ഓപണ്‍ ചെയ്യുകയും മധ്യനിരയില്‍ ബാറ്റിംഗിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തയാളാണ് കപില്‍. താന്‍ കപില്‍ അല്ല എന്ന ഹാര്‍ദിക്കിന്റെ പ്രസ്താവനയാണ് ശരി. അതാണ് ശരിയായ മനോഭാവം -ഹോള്‍ഡിംഗ് ചൂണ്ടിക്കാട്ടി.
ബുംറയുടെ കാര്യത്തില്‍ ബൗളറുടെ ഏതാനും പന്തുകള്‍ മാത്രമാണ് പിച്ച് ചെയ്ത ശേഷം നേരെ പോവുന്നത്. അത് തന്നെ ഇംഗ്ലണ്ടിലെ ബൗളിംഗ് അനുകൂല സാഹചര്യം കൊണ്ടാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമൊന്നും ഇതു സംഭവിക്കില്ല. എങ്കിലും ബുംറയുടെ പെയ്‌സ് അനുകൂല ഘടകമാണ് -ഹോള്‍ഡിംഗ് വിശദീകരിച്ചു.