യെമനിലെ ആക്രമണങ്ങള്‍ ഹൂത്തികള്‍ ക്ഷണിച്ചുവരുത്തിയത് - യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി

ജിദ്ദ - ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക ആക്രമണങ്ങള്‍ ഹൂത്തികള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നെന്ന് യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ഇര്‍യാനി കുറ്റപ്പെടുത്തി. വ്യോമാക്രമണങ്ങള്‍ വിളിച്ചുവരുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഹൂത്തികള്‍ക്കാണ്. ഷിപ്പിംഗ് പാതകളും ആഗോള വ്യാപാരവും ലക്ഷ്യമിട്ട് വ്യവസ്ഥാപിതമായി ഹൂത്തികള്‍ ആക്രമങ്ങള്‍ നടത്തിയതാണ് അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക നടപടികള്‍ വിളിച്ചുവരുത്തിയത്.
യെമനികള്‍ സമാധാനത്തിനു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഹൂത്തികള്‍ ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയത്. യുദ്ധങ്ങള്‍ക്ക് തിരികൊളുത്താന്‍ മാത്രം കഴിവുള്ള ഒരു ഭീകര സംഘടനയാണെന്നും, മേഖലയിലെയും യെമനിലെയും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനുള്ള ഇറാനിയന്‍ അജണ്ട നടപ്പാക്കാനുള്ള ഒരു ഉപകരണവുമാണ് തങ്ങളെന്ന് ഇതിലൂടെ ഹൂത്തികള്‍ വീണ്ടും തെളിയിക്കുകയാണ്.

ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം

  കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി

ഹൂത്തികളെ ആക്രമിച്ചതിന് പ്രതികാരം: ആറു മണിക്കൂറിനിടെ ഇസ്രായിലില്‍ എട്ടിടത്ത് ആക്രമണം


ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇത്തരം ആക്രമണങ്ങള്‍ യെമനില്‍ സൈനിക തിരിച്ചടിയിലേക്ക് നയിക്കുമെന്നും ചെങ്കടലിനെയും ബാബ് അല്‍മന്ദബ് ഉള്‍ക്കടലിനെയും സൈനികവല്‍ക്കരിക്കാനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയിലേക്ക് അന്താരാഷ്ട്ര ശക്തികളെ കൊണ്ടുവരാനും ഹൂത്തികളുടെ ചെയ്തികള്‍ ഇടയാക്കുമെന്നും തുടക്കത്തില്‍ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനിലെ തങ്ങളുടെ നേതാക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി, ഈ തെറ്റായ സാഹസികതയിലൂടെ രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ഭാവി എന്നിവ ഹൂത്തികള്‍ ചൂതാട്ടം നടത്തുകയാണ്. ഹൂത്തികള്‍ അഴിച്ചുവിട്ട യുദ്ധത്തിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. യെമനില്‍ സമാധാനം പുനഃസ്ഥാപിക്കാനും രാഷ്ട്രീയ പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും സൗദി അറേബ്യയും ഒമാനും നടത്തുന്ന ശ്രമങ്ങളെ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങള്‍ അപകടത്തിലാക്കുന്നു. യുദ്ധം നിര്‍ത്തി യെമനില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളോടുള്ള ഹൂത്തികളുടെ തടസ്സ സമീപനവും ഇത് സ്ഥിരീകരിക്കുന്നു.


ലോകത്തെ പ്രകോപിപ്പിക്കുന്നതിന്റെയും സൈനിക തിരിച്ചടി ക്ഷണിച്ചുവരുത്തുന്നതിന്റെയും അപകടകരമായ പ്രത്യാഘാതങ്ങളോടുള്ള നിസ്സംഗതയാണ് കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ഹൂത്തികള്‍ പ്രകടിപ്പിക്കുന്നത്. യെമന്‍ തുറമുഖങ്ങളിലേക്കുള്ള ചരക്കു കപ്പലുകളുടെ ഇന്‍ഷുറന്‍സ് ചെലവുകളും ഷിപ്പിംഗ് ചാര്‍ജും ഉയരുന്നതിന്റെ വിനാശകരമായ അനന്തര ഫലങ്ങള്‍ ഹൂത്തികള്‍ അവഗണിക്കുകയാണ്. ഷിപ്പിംഗ് ചാര്‍ജും ഇന്‍ഷുറന്‍സ് ചെലവുകളും ഉയരുന്നത് രാജ്യത്ത് ഭക്ഷ്യോല്‍പന്നങ്ങളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ ഇടയാക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധത്തിന്റെയും അട്ടിമറിയുടെയും സാഹചര്യങ്ങള്‍ കാരണം അഭിമുഖീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയുടെ തീവ്രത കൂടുതല്‍ രൂക്ഷമാക്കാനും ഇത് ഇടായക്കും. നിരപരാധികളായ സാധാരണക്കാരാണ് ഇതിന്റെ വില നല്‍കേണ്ടിവരിക.
യെമന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ ഇറാന്‍ ഭരണകൂടത്തിനു മേല്‍ അന്താരാഷ്ട്ര സമൂഹവും യു.എന്നും സമ്മര്‍ദം ചെലുത്തുകയും ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും, യെമനിലെങ്ങും സ്വാധീനം വ്യാപിപ്പിക്കാനും അല്‍ഹുദൈദ നഗര വിമോചനം പൂര്‍ത്തിയാക്കാനും നിയമാനുസൃത ഗവണ്‍മെന്റിന് പിന്തുണ നല്‍കുകയും വേണം. സമാധാന ശ്രമങ്ങളില്‍ ഏര്‍പ്പെടാനും യെമനില്‍ സമാധാനം കൊണ്ടുവരാനും ഹൂത്തികളെ നിര്‍ബന്ധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഅമ്മര്‍ അല്‍ഇര്‍യാനി പറഞ്ഞു.

 

 

Latest News