ചെന്നൈ- നയന്‍താര ചിത്രം അന്നപൂരണിക്കെതിരെ വീണ്ടും കേസുകള്‍. മധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ അരൂപ് മുഖര്‍ജിയുടെ പരാതിയില്‍ നയാ നഗര്‍ പോലീസാണ് കേസെടുത്തത്. ചിത്രത്തില്‍ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ രാജാ സിംഗ് രംഗത്തെത്തി.
ചിത്രത്തിന്റെ സംവിധായകന്‍ നിലേഷ് കൃഷ്ണയെ പോലുള്ള ആളുകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹിന്ദുത്വ വിരുദ്ധ സിനിമകള്‍ക്ക് മാറ്റമുണ്ടാകില്ല. ഒടിടിയില്‍ സെന്‍സര്‍ഷിപ്പ് വേണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ മുന്‍ ശിവസേന നേതാവും ഹിന്ദുത്വ പ്രവര്‍ത്തകനുമായ രമേശ് സോളങ്കി നല്‍കിയ പരാതിയില്‍ നയന്‍താര ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. വിവാദത്തെത്തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും പിന്‍വലിച്ചിരുന്നു. വിവാദരംഗങ്ങള്‍ നീക്കുമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സീ സ്റ്റുഡിയോസ് അറിയിച്ചു.






