കളി മോഡിയോട് വേണ്ട; കണക്ക് പറഞ്ഞ് കേന്ദ്രം

ന്യൂദല്‍ഹി- പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അനുവദിച്ച 600 കോടി രൂപ ആദ്യസഹായം മാത്രമാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് (എന്‍.ഡി.ആര്‍.എഫ്) കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍.
 
സമാനതകളില്ലാത്ത ദുരന്തം കണക്കിലെടുത്ത് കേരളത്തിന് മതിയായ സഹായം നല്‍കുന്നില്ലെന്നും വിദേശ സഹായം തടയുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഇതുവരെ നല്‍കിയ സഹായങ്ങള്‍ മുഴുവന്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. തിരച്ചിലും വിഭവസമാഹരണവും നടത്തിയതിന്  മാത്രം കേന്ദ്ര ഗവണ്‍മെന്റിന് നൂറുകണക്കിന് കോടി രൂപ ചെലവായിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സമയബന്ധിതമായും വേഗത്തിലും ലഭ്യമാക്കി. എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. 17,18 തീയതികളില്‍ സംസ്ഥാനം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി) രൂപീകരിച്ചു. 16 മുതല്‍ 21 വരെ എല്ലാദിവസവും യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രതിരോധ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, എന്‍.ഡി.എം.എ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും സിവിലിയന്‍ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിച്ചു. കേരളത്തിന്റെ ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 
40 ഹെലികോപ്റ്ററുകള്‍, 31 വിമാനങ്ങള്‍, രക്ഷാ  പ്രവര്‍ത്തനത്തിന്  വേണ്ടി 182 ടീമുകള്‍, പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, എന്‍.ഡി.ആര്‍.എഫിന്റെ 58 ടീമുകള്‍, സി.എ.പി.എഫിന്റെ ഏഴ് കമ്പനി എന്നിവയോടൊപ്പം 500 ബോട്ടുകളും അവശ്യം വേണ്ട വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ സുരക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.  60,000 പേരെ രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചു. നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകളെ കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയോഗിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സംവിധാനം സംസ്ഥാന ദുരന്തപ്രതിരോധ നിധിയില്‍(എസ്.ഡി.ആര്‍.എഫ്) നിന്നും ദേശീയ ദുരന്തപ്രതിരോധ നിധിയില്‍(എന്‍.ഡി.ആര്‍.എഫ്)നിന്നും വിജ്ഞാപനം ചെയ്ത മാനദണ്ഡപ്രകാരമാണ് നിയന്ത്രിക്കുന്നത്.
 
എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ദുരന്തപ്രതിരോധ നിധി രൂപീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ധനകാര്യ കമ്മിഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ ഇതില്‍ 75 ശതമാനവും മലമ്പ്രദേശത്തുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്രത്തിന്റെ വിഹിതമാണ്.

ഓരോ സംസ്ഥാനങ്ങള്‍ക്കും രണ്ടു ഗഡുക്കളായി മുന്‍കൂറായി എസ്.ഡി.ആര്‍.എഫ് വിഹിതം നല്‍കാറുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ  ലഭ്യമാക്കിയ എസ്.ഡി.ആര്‍.എഫില്‍നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്.

കേരളത്തിലുണ്ടായ പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കാര്യത്തില്‍ 2018 ജൂലൈ 21ന് നിവേദനം സമര്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി  ഐ.എം.സി.ടി രൂപീകരിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെ സംസ്ഥാനത്ത് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.  വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാലുടന്‍ തന്നെ മറ്റൊരുനിവേദനം കൂടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
 

അധികനിവേദനം സമര്‍പ്പിക്കാതെ തന്നെയാണ് അടിയന്തരമായി  600 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തിന്റെ എസ്.ഡി.ആര്‍.എഫില്‍ ലഭ്യമാക്കിയ 562.45 കോടിക്ക് പുറമെയാണ് ഇത്. സാമ്പത്തിക സഹായത്തിന് പുറമെ, സംസ്ഥാനത്തിന് ആവശ്യമായിരുന്ന ആഹാരം, വെള്ളം, മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചതുള്‍പ്പെടെയുള്ള മറ്റ് അത്യാവശ്യ സാധനങ്ങളും വന്‍തോതില്‍ കേന്ദ്രം ലഭ്യമാക്കി. ചട്ടങ്ങളും നടപടിക്രമങ്ങളും  മാറ്റിവെച്ചാണ് ഈ വസ്തുക്കള്‍ വിതരണം ചെയ്തത്.  പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളില്‍പ്പെടുത്തി നിരവധി നടപടികളും പ്രഖ്യാപിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.
 

Latest News