ഗാസയില്‍ മരണം 23,708 ആയി; 15 ഇസ്രായില്‍ സൈനികര്‍ക്കു കൂടി പരിക്ക്

ഗാസ- അന്താരാഷ്ട്ര കോടതിയില്‍ തങ്ങള്‍ക്കെതിരായ വംശഹത്യാ കേസില്‍ എതിര്‍വാദം നിരത്തുമ്പോഴും ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായില്‍. ഒരിക്കല്‍കൂടി ഇന്റര്‍നെറ്റ് സമ്പൂര്‍ണമായി വിഛേദിച്ചുകൊണ്ടായിരുന്നു ആക്രമണങ്ങള്‍. തെക്കന്‍ ഗാസയിലെ ദാര്‍ അല്‍ ബലാഹ് മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് കൊല്ലെപ്പട്ടത്. ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചശേഷം ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 23,708 ആയി. പരിക്കേറ്റവര്‍ അറുപതിനായിരം കടന്നു.
ഖാന്‍ യൂനിസിലും റഫായിലുമടക്കം ഹമാസും ഇസ്രായില്‍ സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ 15 സൈനികര്‍ക്കുകൂടി പരിക്കേറ്റതായി ഇസ്രായില്‍ സേന അറിയിച്ചു. ഇതോടെ യുദ്ധത്തിനിടെ പരിക്കേറ്റ ഇസ്രായില്‍ സൈനികര്‍ 2511 ആയി. 520 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. അതില്‍ 186 പേര്‍ കരയുദ്ധത്തിലാണ് കൊല്ലപ്പെട്ടത്.
അതിനിടെ ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചുനല്‍കുന്നതിന് ഇസ്രായിലും ഖത്തറും തമ്മില്‍ ധാരണയിലെത്തി. ഏതാനും ദിവസങ്ങള്‍ക്കകം മരുന്ന് ബന്ദികള്‍ക്ക് എത്തിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗാസയില്‍ ലോക ബാങ്ക് സഹായമായുള്ള മരുന്നുകള്‍ ഇന്നലെ എത്തി. ഗാസയില്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ അവസ്ഥ പോലും ശോചനീയമാണെന്ന് മെഡിക്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് വ്യക്തമാക്കി.
ആക്രമണത്തില്‍ പൊറുതി മുട്ടിയ ഫലസ്തീനികള്‍ക്ക് ഭക്ഷണവും കുടിവെള്ളവുമടക്കം അവശ്യവസ്തുക്കളെല്ലാം മുടക്കിക്കൊണ്ടാണ് ഇസ്രായില്‍ ബോംബിംഗ് തുടരുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ എന്നത്തേക്കാളും അത്യാവശ്യമായ സമയമാണിതെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍കര്‍ തുര്‍ക് പറഞ്ഞു.
അതിനിടെ, ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന വംശഹത്യാ കേസില്‍ ഇന്നലെ എതിര്‍വാദങ്ങളുമായി ഇസ്രായില്‍ രംഗത്തെത്തി. പരാതി സമര്‍പ്പിച്ച ദക്ഷിണാഫ്രിക്ക ഉന്നയിച്ച വാദങ്ങള്‍ അസംബന്ധവും, തെളിവില്ലാത്തവയും, കളവുമാണെന്നാണ് ഇസ്രായിലിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഇസ്രായിലിന്റെ ലക്ഷ്യം ജനങ്ങളെ നശിപ്പിക്കുകയല്ല, മറിച്ച് സ്വന്തം ജനങ്ങളെ സംരക്ഷിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രായില്‍ ആസൂത്രിതമായി വംശഹത്യ നടത്തുകയാണെന്നും, ഇതുവരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നത് അതിന് തെളിവാണെന്നുമാണ് പരാതി നല്‍കിയ ദക്ഷിണാഫിക്ക വ്യാഴാഴ്ച കോടതി മുമ്പാകെ പറഞ്ഞത്.
ഐ.സി.ജെയില്‍ ഇസ്രായിലിന് മൂന്നാം കക്ഷിയെന്ന നിലയില്‍ പിന്തുണ നല്‍കുമെന്ന് ജര്‍മനി അറിയിച്ചിട്ടുണ്ട്. ഇസ്രായിലിനെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് ഇസ്രായിലിലെ ജര്‍മന്‍ അംബാസഡര്‍ സ്്‌റ്റെഫെന്‍ സെയ്ബര്‍ട് പറഞ്ഞത്.

കൂടുതൽ വാർത്തകൾ വായിക്കുക

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

 

Latest News