VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും

കൊച്ചി- രാജപ്പന്‍ തത്തയുമായി സംസാരിച്ച് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമദ് സുലൈമാന്റെ റീലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
വെറുമൊരു പക്ഷി പ്രേമിയും മൃഗസ്‌നേഹിയും മാത്രമല്ല, രാജപ്പെനന്ന തത്തയുമായി സമൂഹ മാധ്യങ്ങളില്‍ സമയം ചെലവഴിക്കുന്നവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന സമദ്. നടനും ഗായകനുമായ സമദ് അഭിനയ തിരക്കുകള്‍ക്കിടയിലും തത്തയേയും കുതിരയേയും സ്‌നേഹിക്കാനും സമയം കണ്ടെത്തുന്നു.
നടനും മിമിക്രി ആര്‍ട്ടിസ്റ്റും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരനാണ് സമദ് സുലൈമാന്‍. രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ നായകനായ ദിലീപിന്റെ സുഹൃത്തായാണ് സമദിന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍ എന്നിവയുള്‍പ്പെടെ  അര ഡസനിലേറെ സിനിമകളില്‍ അഭിനയിച്ചു. വര്‍ക്കി എന്ന ചിത്രത്തില്‍ നായകനായി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വേഷമുണ്ട്.അമര്‍ അക്ബര്‍ അന്തോണി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങി ആറ് സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്.

സമദിന്റെ സംസാരം കേള്‍ക്കാനും മറുപടി നല്‍കാനും ഒരുങ്ങിത്തന്നെയാണ് ഓരോ റീലിലും രാജപ്പന്‍. അതുകൊണ്ടതന്നെ രാജപ്പന് ഇപ്പോള്‍ ഒത്തിരി ഫാന്‍സുണ്ടെന്ന് സമദ്. അയല്‍വാസികളും സുഹൃത്തുക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരുമൊക്കെ സമദിനോടും രാജപ്പനോടുമൊപ്പം രംഗത്തുവരുന്നുണ്ട്. ഒരു ദിവസം രാജപ്പന്‍ പറന്ന് വലിയൊരു മരത്തില്‍ പോയി ഇരുന്നപ്പോള്‍ ധാരാളം പേര്‍ ഫോണില്‍ വിളിച്ചും മെസേജ് അയച്ചും അന്വേഷിച്ചുവെന്ന് സമദ് പറയുന്നു.
സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ചും സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെ സമദ് രാജപ്പനോട് സംസാരിക്കുന്നുണ്ട്. ഓരോ ദിവസവും ആളുകള്‍ റീലുകള്‍ക്കായി കാത്തിരിക്കുന്നതു കൊണ്ടുതന്നെ രാജപ്പനാണ് ഇപ്പോള്‍ താരം. നിറം കൊണ്ടു രൂപം കൊണ്ടും സുന്ദരനായ തത്തയെ കാണിക്കുകയും അതിന്റെ സംസാരം കേള്‍പ്പിക്കുകയും ചെയ്യുന്നതോടൊപ്പം നല്ല കുറേ സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കാനും സമദ് സുലൈമാന് കഴിയുന്നു എന്നതാണ് സവിശേഷത.

 

 

Latest News