ഖത്തര്‍ 3-ലെബനോന്‍ 0
ദോഹ - അലറിയാര്‍ത്ത ഗാലറിയിലെ ചെങ്കടലിന്റെ ഓളങ്ങളിലേറി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് വിജയം. ഗ്രൂപ്പ് എ-യില്‍ ലെബനോനെ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അഹമ്മദ് അഫീഫും രണ്ടാം പകുതിയില്‍ അല്‍മുഇസ് അലിയുമാണ് ഗോളടിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും അഫീഫ് ലക്ഷ്യം കണ്ടു. എണ്‍പത്തിരണ്ടായിരത്തിലേറെ പേര്‍ ഉദ്ഘാടന മത്സരം വീക്ഷിച്ചു. തുടക്കം മുതല്‍ ഖത്തറാണ് മേധാവിത്തം പുലര്‍ത്തിയതെങ്കിലും ലെബനോന്‍ സമര്‍ഥമായി പ്രതിരോധിച്ചു. അഞ്ചാം മിനിറ്റില്‍ അല്‍മുഇസ് വല കുലുക്കിയപ്പോള്‍ ഗാലറി ഇരമ്പിയതായിരുന്നു. എന്നാല്‍ ഓഫ്‌സൈഡിന് കൊടിയുയര്‍ന്നു. പതിനാറാം മിനിറ്റിലാണ് ആദ്യമായി ലെബനോന്‍ എതിര്‍ ബോക്‌സില്‍ ഓളം സൃഷ്ടിച്ചത്.
അഫീഫാണ് ഖത്തറിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എങ്കിലും വ്യക്തമായ അവസരങ്ങള്‍ അകന്നു നിന്നു. ക്രമേണ കളി ശാന്തമായി. അഫീഫിന്റെ ഹെഡര്‍ ക്രോസ്ബാറിനെ ഉലച്ചെങ്കിലും ഗോളാവാതെ മടങ്ങി. ശൂന്യമായി ആദ്യ പകുതി അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഖത്തര്‍ സ്‌കോര്‍ ചെയ്തത്. ഇഞ്ചുറി ടൈമില്‍ ബോക്‌സില്‍ കയറി അഫീഫ് പറത്തിയ വെടിയുണ്ട ലെബനോന്റെ വല കുലുക്കി.
രണ്ടാം പകുതിയില്‍ ലെബനോന്‍ അല്‍പം കൂടി ആത്മവിശ്വാസത്തോടെ കളിക്കുന്നതിനിടയിലാണ് അവരുടെ വലയില്‍ വീണ്ടും ഗോള്‍ വീണത്. ഇടതു വിംഗില്‍ നിന്ന് അല്‍ഹൈദോസ് നല്‍കിയ ക്രോസ് ചാടിയുയര്‍ന്ന് അല്‍മുഇസ് ഹെഡ് ചെയ്യുകയായിരുന്നു. 2019 ലെ ഏഷ്യന്‍ കപ്പില്‍ ഒമ്പത് ഗോളോടെ ടോപ്‌സ്‌കോററായിരുന്നു അല്‍മുഇസ്.
ഖത്തറിന്റെ സാംസ്‌കാരികത്തനിമ ലോകത്തിന് മുന്നില്‍ ഉദ്‌ഘോഷിച്ച ഉദ്ഘാടനച്ചടങ്ങോടെയാണ് പതിനെട്ടാമത് ഏഷ്യന്‍ കപ്പിന് ലുസൈല്‍ സ്റ്റേഡിയം ഒരുങ്ങിയത്.
എക്കാലത്തെയും മികച്ച ലോകകപ്പിനും അടിമുടി ആവേശം തുളുമ്പിയ ലോകകപ്പ് കലാശപ്പോരാട്ടത്തിനും സാക്ഷ്യം വഹിച്ച ഖത്തറില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കാണ് ഏഷ്യന്‍ കപ്പ് ലഹരിയെത്തുന്നത്.