ദോഹ - പതിനെട്ടാമത് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ ഗോള്‍ ആതിഥേയ താരം അഹമ്മദ് അഫീഫിന്റെ ബൂട്ടില്‍ നിന്ന്. ലെബനോനെതിരായ കളി പകുതി സമയത്ത് പിരിയുമ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഖത്തര്‍ 1-0 ന് മുന്നിലാണ്. ലെബനോന്‍ സമര്‍ഥമായി പ്രതിരോധിച്ചെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബോക്‌സില്‍ കയറി അഫീഫ് പറത്തിയ വെടിയുണ്ട അവരുടെ വല കുലുക്കുകയായിരുന്നു.
ഖത്തറിന്റെ സാംസ്‌കാരികത്തനിമ ലോകത്തിന് മുന്നില്‍ ഉദ്‌ഘോഷിച്ച ഉദ്ഘാടനച്ചടങ്ങോടെയാണ് ലുസൈല്‍ സ്റ്റേഡിയം ഏഷ്യന്‍ കപ്പിനൊരുങ്ങിയത്. നിരാശപ്പെടുത്തിയ ലോകകപ്പ് അരങ്ങേറ്റത്തിനു ശേഷം ഖത്തര്‍ ഏഷ്യന്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. നാളെ ഇന്ത്യ കളത്തിലിറങ്ങും.
എക്കാലത്തെയും മികച്ച ലോകകപ്പിനും അടിമുടി ആവേശം തുളുമ്പിയ ലോകകപ്പ് കലാശപ്പോരാട്ടത്തിനും സാക്ഷ്യം വഹിച്ച ഖത്തറില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കാണ് ഏഷ്യന്‍ കപ്പ് ലഹരിയെത്തുന്നത്. 2023 ല്‍ ചൈനയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് അവിടത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മാറ്റുകയായിരുന്നു. ആ സമയത്ത് ലോകകപ്പിനൊരുങ്ങുകയായിരുന്ന ഖത്തര്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധമായി മുന്നോട്ടുവന്നു.