കോഴിക്കോട് - ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയെ അവരുടെ തട്ടകത്തില്‍ തളച്ച് കിക്ക്‌സ്റ്റാര്‍ട് എഫ്.സി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരും റണ്ണേഴ്്‌സപ്പും തമ്മിലുള്ള കളി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. നാലു കളികളില്‍ 10 പോയന്റുമായി ഗോകുലം രണ്ടാം സ്ഥാനത്താണ്, അഞ്ച് കളിയില്‍ എട്ട് പോയന്റുള്ള കിക്ക്‌സ്റ്റാര്‍ട് മൂന്നാം സ്ഥാനത്തുണ്ട്.
ഒന്നിനു പിറകെ ഒന്നായി ഗോകുലം അവസരങ്ങള്‍ പാഴാക്കി. മധ്യനിര ഗോകുലം അടക്കിഭരിച്ചെങ്കിലും മുന്‍നിരക്ക് കാര്യമായ അവസരങ്ങളൊരുക്കാനായില്ല. ഉഗാണ്ട ഇന്റര്‍നാഷനല്‍ ഫസലിയ ഇക്വാപുട് തുറന്ന വലക്കു മുന്നില്‍ പന്ത് ഉയര്‍ത്തിയടിക്കുന്നതു കണ്ടാണ് കളിക്ക് ജീവന്‍ വെച്ചത്. പതിനാറാം മിനിറ്റില്‍ ഫസലിയയുടെ അടുത്ത ഷോട്ട് പോസ്റ്റിന് തട്ടിത്തെറിച്ചു.
കിക്ക്‌സ്റ്റാര്‍ട് പഴുതടച്ച് പ്രതിരോധിച്ചു നിന്നു. കരിഷ്മ പുരുഷോത്തമിലൂടെ ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. മുപ്പതാം മിനിറ്റില്‍ കരിഷ്മയുടെ എണ്ണം പറഞ്ഞ ഷോട്ട് ഗോകുലം ഗോളി പയാല്‍ ബസുദെ തടുത്തിട്ടു. രണ്ടാം പകുതിയാവുമ്പോഴേക്കും കിക്ക്‌സ്റ്റാര്‍ട്ട് മേധാവിത്തം നേടി.