ഗുവാഹതി - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം റൗണ്ടിലെ മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനത്തില്‍ അസമിനെതിരെ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ഓപണര്‍മാരായ രോഹന്‍ കുന്നുമ്മലും (95 പന്തില്‍ 83) കൃഷ്ണപ്രസാദും (52 നോട്ടൗട്ട്) 133 റണ്‍സ് കൂട്ടുകെട്ടോടെ ഇന്നിംഗ്‌സിന് ഭദ്രമായ അടിത്തറയിട്ടു. സ്റ്റമ്പെടുക്കുന്നതിന് അല്‍പം മുമ്പാണ് രോഹനെ സിദ്ധാര്‍ഥ് സമര്‍ഥിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ സുമിത് ഗഡിഗോങ്കര്‍ സ്റ്റമ്പ് ചെയ്തത്. കളി നിര്‍ത്തുമ്പോള്‍ രോഹന്‍ പ്രേം (4 നോട്ടൗട്ട്) ക്രീസിലുണ്ട്. രോഹന്‍ 11 തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ കൃഷ്ണപ്രസാദ് രണ്ട് സിക്‌സറും നാല് ബൗണ്ടറിയും പായിച്ചു. ഉത്തര്‍പ്രദേശിനെതിരായ അരങ്ങേറ്റത്തില്‍ കൃഷ്ണപ്രസാദ് രണ്ട് ഇന്നിംഗ്‌സിലും അക്കൗണ്ട് തുറന്നിരുന്നില്ല.
നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഹരിയാന 145ന് ഓളൗട്ടാക്കി. മറുപടിയായി ഒരു വിക്കറ്റിന് 122ലെത്തുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ജയന്ത് യാദവാണ് (16-1-42-5) മധ്യനിരയെ വരുതിയിലാക്കിയത്. സുമിത്കുമാര്‍ (5-2-7-3) മുന്‍നിരയെ മുട്ടുകുത്തിച്ചു. ചേതേശ്വര്‍ പൂജാരക്ക് (49) ഒരു റണ്ണിന് അര്‍ധ ശതകം നഷ്ടപ്പെട്ടു. ആറ് ബാറ്റര്‍മാര്‍ക്ക് നാലിനപ്പുറം സ്‌കോര്‍ ചെയ്യാനായില്ല. ഹരിയാനക്ക് ഓപണര്‍ വേദാന്ത് ഭരദ്വാജിനെ (11) എളുപ്പം നഷ്ടപ്പെട്ടെങ്കിലും അങ്കിത്കുമാറും (68 നോട്ടൗട്ട്) ഹിമാന്‍ഷു റാണയും (38 നോട്ടൗട്ട്) ചെറുത്തുനിന്നു.
ഉത്തര്‍പ്രദേശിനെ കാണ്‍പൂരില്‍ ബംഗാള്‍ 20 ഓവറില്‍ 60 റണ്‍സിന് ചുരുട്ടിക്കെട്ടി. ആദ്യ ദിനം പിന്നിടുമ്പോള്‍ ബംഗാള്‍ അഞ്ചിന് 95 റണ്‍സിലെത്തി. സമര്‍ഥ് സിംഗാണ് (13) യു.പിയുടെ ടോപ്‌സ്‌കോറര്‍. ബംഗാളിന്റെ അഞ്ച് വിക്കറ്റുമെടുത്തത് മുന്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ഭുവനേശ്വര്‍കുമാറാണ്.
കര്‍ണാടകക്കെതിരെ നാലിന് 45 ലേക്ക് തകര്‍ന്ന ഗുജറാത്തിനെ ക്ഷിതിജ് പട്ടേല്‍ (95) കരകയറ്റി. 264 ന് അവര്‍ ഓളൗട്ടായി.