ശുബൈത - ദാകാര്‍ റാലിയുടെ രണ്ടു ദിവസം നീണ്ട മാരത്തണ്‍ ആറാം സ്‌റ്റെയ്ജില്‍ തന്ത്രപൂര്‍വം ഡ്രൈവ് ചെയ്ത സെബാസ്റ്റ്യന്‍ ലോബ് ഒന്നാം സ്ഥാനത്തെത്തി. കാര്‍ലോസ് സയ്ന്‍സിനെ രണ്ട് മിനിറ്റ് ഒരു സെക്കന്റ് വ്യത്യാസത്തില്‍ ലോബ് മറികടന്നു. കഴിഞ്ഞ രണ്ടു തവണയുള്‍പ്പെടെ അഞ്ചു തവണ കിരീടം നേടിയ നാസര്‍ അല്‍അതിയ്യയുടെ സ്വപ്‌നം ആറാം സ്റ്റെയ്‌ജോടെ പൊലിഞ്ഞു. ശുബൈതയില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയുടെ അവസാന 50 കിലോമീറ്ററില്‍ അതിയ്യയുടെ കാറിന് യന്ത്രത്തകരാറ് സംഭവിച്ചു. സ്റ്റിയറിംഗ് തകര്‍ന്നെങ്കിലും നാസര്‍ ഓട്ടം നിര്‍ത്തിയില്ല. ലോബിന് രണ്ടേ മുക്കാല്‍ മണിക്കൂര്‍ പിന്നില്‍ ഫിനിഷ് ചെയ്തു. ഓവറോള്‍ ലീഡുണ്ടായിരുന്ന സൗദിയുടെ യസീദ് അല്‍റാജിയുടെ വണ്ടിക്കും വ്യാഴാഴ്ച കേടുപാട് സംഭവിച്ചിരുന്നു.
അഞ്ചാം സ്റ്റെയ്ജില്‍ മനഃപൂര്‍വം വേഗം കുറച്ചോടിച്ചാണ് ആറാം സ്‌റ്റെയ്ജില്‍ ലോബ് വിജയം പിടിച്ചത്. അഞ്ചാം സ്റ്റെയ്ജില്‍ പിന്നിലായതോടെ മരുഭൂമിയിലൂടെയും മണല്‍ക്കുന്നുകളിലൂടെയും ആറാം സ്‌റ്റെയ്ജില്‍ ആദ്യം വണ്ടിയോടിക്കേണ്ടി വന്നില്ല. മറ്റു വണ്ടികള്‍ കടന്നുപോയി മണ്ണ് പതം വന്നപ്പോഴാണ് ലോബ് കുതിച്ചത്. റുബുഉല്‍ഖാലി മരുഭൂമിയിലൂടെ 780 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ് ആറാം സ്‌റ്റെയ്ജ്. നിരവധി തവണ ലോക റാലി ചാമ്പ്യനായെങ്കിലും ദകാറില്‍ ഫ്രഞ്ചുകാരന്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. ഈ സീസണില്‍ രണ്ടാം തവണയാണ് ലോബ് സ്‌റ്റെയ്ജ് വിജയം സ്വന്തമാക്കുന്നത്. അറുപത്തൊന്നുകാരന്‍ സയ്ന്‍സിനാണ് ഓവറോള്‍ ലീഡ്. മതിയാസ് എക്‌സ്‌ട്രോം 20 മിനിറ്റിലേറെ പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്.
ബൈക്ക് വിഭാഗത്തിലും ഫ്രഞ്ചുകാരനാണ് വിജയം. അഡ്രിയന്‍ വാന്‍ബേവെറേന്‍ ഒന്നാമതെത്തി. ഇന്ന് റിയാദില്‍ വിശ്രമ ദിനമാണ്. ഞായറാഴ്ച ദവാദ്മിയിലേക്കുള്ള 483 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഏഴാം സ്‌റ്റെയ്ജ്.