ഇന്ത്യ x ഓസ്‌ട്രേലിയ
നാളെ ഉച്ച 1.30
ദോഹ - അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ പ്രവാസി ഇന്ത്യക്കാര്‍ പകര്‍ന്നു നല്‍കുന്ന ആവേശത്തിന്റെ തീപ്പൊരിയില്‍ പടര്‍ന്നുകയറാന്‍ നീലപ്പട നാളെ ബൂട്ട് കെട്ടുന്നു. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബി-യില്‍ കനത്ത വെല്ലുവിളിയാണ് ഇന്ത്യക്ക് ആദ്യ മത്സരം. ലോക റാങ്കിംഗില്‍ ഇരുപത്തഞ്ചാം സ്ഥാനക്കാരും മുന്‍ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
രണ്ട് മലയാളികളടങ്ങുന്നതാണ് ഇന്ത്യന്‍ നിര. സഹല്‍ അബ്ദുല്‍സമദും കെ.പി രാഹുലും. നേരിയ പരിക്കുള്ള സഹലിന് ആദ്യ മത്സരം കളിക്കാനാവില്ല. സിറിയക്കും ഉസ്‌ബെക്കിസ്ഥാനുമെതിരായ ഗ്രൂപ്പ് മത്സരങ്ങളാവുമ്പോഴേക്കും ഫിറ്റ്‌നസ് നേടാനാണ് കണ്ണൂര്‍ക്കാരന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മോഹന്‍ബഗാനിലെത്തിയ ശേഷം ഉജ്വല ഫോമിലായിരുന്നു സഹല്‍. ആറു കളികളില്‍ നാല് ഗോളിന് അവസരമൊരുക്കി. ഒഡിഷ എഫ്.സിക്കെതിരായ ഡിസംബറിലെ ഐ.എസ്.എല്‍ മത്സരത്തില്‍ അഹമദ് ജാഹൂവിന്റെ പരുക്കന്‍ ഫൗളിനെത്തുടര്‍ന്ന് കണങ്കാലിന് പരിക്കേറ്റിരിക്കുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് ഇല്ലാതെ സഹലിനെ കളിപ്പിക്കില്ലെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കി. സഹലിനു പകരം അനിരുദ്ധ് ഥാപ്പ, ലാലെംഗമാവിയ റാള്‍ടെ, നോറം മഹേഷ് സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് എന്നിവരിലാരെങ്കിലും മധ്യനിരയില്‍ ഇറങ്ങിയേക്കും.
പരിക്കേറ്റ അന്‍വര്‍ അലി, മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയന്‍, ജീക്‌സന്‍ സിംഗ് എന്നിവരില്ലാതെയാണ് ഇന്ത്യന്‍ ടീം ദോഹയിലെത്തിയത്.
ഓസ്‌ട്രേലിയന്‍ ടീം ഒരു വര്‍ഷത്തിലേറെയായി ഒരു ഏഷ്യന്‍ ടീമിനോടും തോറ്റിട്ടില്ല. 2015 ലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ മാറ്റ് റയാന്‍ ഉള്‍പ്പെടെ ആ ടീമിലെ രണ്ടു പേര്‍ ഇപ്പോഴത്തെ നിരയിലുണ്ട്. വിംഗര്‍ ക്രയ്ഗ് ഗുഡ്‌വിന്‍ സൗദി പ്രൊ ലീഗില്‍ അല്‍വഹ്ദയുടെ കളിക്കാരനാണ്. കഴിഞ്ഞ ലോകകപ്പില്‍ നോക്കൗട്ടിലേക്ക് മുന്നേറിയ ടീമിലെ 13 പേര്‍ വീണ്ടും ഖത്തറില്‍ കളിക്കാനെത്തിയിട്ടുണ്ട്. ഇരുപത്താറംഗ ടീമില്‍ 20 പേരും യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ്.