Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലുസൈല്‍ വീണ്ടും മിഴിതുറന്നു, കിക്കോഫിനൊരുങ്ങി ഏഷ്യന്‍ കപ്പ്

ദോഹ - ഖത്തറിന്റെ സാംസ്‌കാരികത്തനിമ ലോകത്തിന് മുന്നില്‍ ഉദ്‌ഘോഷിച്ച ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പൊലിമയാവര്‍ത്തിച്ച് ലുസൈല്‍ സ്റ്റേഡിയം ഏഷ്യന്‍ കപ്പിനൊരുങ്ങി. ആതിഥേയരായ ഖത്തര്‍ അല്‍പസമയത്തിനകം ഗ്രൂപ്പ് എ-യില്‍ ലെബനോനുമായി ഏറ്റുമുട്ടും. നിരാശപ്പെടുത്തിയ ലോകകപ്പ് അരങ്ങേറ്റത്തിനു ശേഷം ഖത്തര്‍ ഏഷ്യന്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. നാളെ ഇന്ത്യ കളത്തിലിറങ്ങും. 
എക്കാലത്തെയും മികച്ച ലോകകപ്പിനും അടിമുടി ആവേശം തുളുമ്പിയ ലോകകപ്പ് കലാശപ്പോരാട്ടത്തിനും സാക്ഷ്യം വഹിച്ച ഖത്തറില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കാണ് ഏഷ്യന്‍ കപ്പ് ലഹരിയെത്തുന്നത്. 2023 ല്‍ ചൈനയില്‍ നടക്കേണ്ട ടൂര്‍ണമെന്റ് അവിടത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മാറ്റുകയായിരുന്നു. ആ സമയത്ത് ലോകകപ്പിനൊരുങ്ങുകയായിരുന്ന ഖത്തര്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധമായി മുന്നോട്ടുവന്നു. 

നിലവിലെ ചാമ്പ്യന്മാര്‍
2019 ല്‍ യു.എ.ഇയില്‍ നടന്ന അവസാന ഏഷ്യന്‍ കപ്പിലെ ചാമ്പ്യന്മാരാണ് ഖത്തര്‍. ലോകകപ്പില്‍ കരുത്തു തെളിയിച്ച ജപ്പാന്‍, തെക്കന്‍ കൊറിയ, ഓസ്‌ട്രേലിയ, സൗദി അറേബ്യ ടീമുകളാണ് അവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി. ഫെബ്രുവരി 10 ന് ലൂസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍. ഖത്തര്‍ ലോകകപ്പിലെ പ്രശസ്തമായ വിജയങ്ങളിലൊന്ന് സൗദിയുടേതായിരുന്നു. അര്‍ജന്റീനയെ തോല്‍പിച്ച ഏക ടീമാണ് സൗദി. സ്‌പെയിനും ജര്‍മനിയുമുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്‍ പ്രി ക്വാര്‍ട്ടറിലെത്തിയത്. 

എത്ര ടീമുകള്‍ നോക്കൗട്ടില്‍
24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ടിലേക്ക് മുന്നേറും. മൂന്നാം സ്ഥാനത്തെത്തുന്ന ആറ് ടീമുകളില്‍ മികച്ച റെക്കോര്‍ഡുള്ള നാലെണ്ണവും പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടും. 

കിരീടസാധ്യത
ജപ്പാനാണ് മികച്ച ഫോമിലുള്ള ടീം. നാലു തവണ അവര്‍ ചാമ്പ്യന്മാരായിട്ടുണ്ട്. ജപ്പാനെ 3-1 ന് തോല്‍പിച്ചാണ് ഖത്തര്‍ കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ചാമ്പ്യന്മാരായത്. നാലു തവണ ചാമ്പ്യന്മാരായ ടീമാണ് ജപ്പാന്‍. ഈയിടെ സൗഹൃദ മത്സരത്തില്‍ അവര്‍ ജര്‍മനിയെ 4-1 ന് തകര്‍ത്തു. അവസാന പത്ത് കളികളില്‍ അപരാജിതരാണ്. ഹോങ്കോംഗിനെ അട്ടിമറി സാധ്യതയുള്ള ടീമായി പലരും കാണുന്നു. 

സ്റ്റേഡിയങ്ങള്‍
ലോകകപ്പില്‍ ഉപയോഗിച്ച അതിമനോഹരമായ പല സ്റ്റേഡിയങ്ങളും ഏഷ്യന്‍ കപ്പിലും കാണാം. ഏറ്റവും മികച്ച ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ലുസൈലിലാണ് ഉദ്ഘാടന മ്ത്സരവും ഫൈനലും. തമ്പിന്റെ മാതൃകയിലുള്ള അല്‍ബെയ്ത് സ്റ്റേഡിയത്തിലും കളികളുണ്ട്. 1975 ല്‍ സ്ഥാപിച്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം ലോകകപ്പില്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഏഷ്യന്‍ കപ്പില്‍ അവിടെ ഏഴ് കളികള്‍ അരങ്ങേറും. ലോകകപ്പില്‍ ഉപയോഗിച്ച ഷിപ്പിംഗ് കണ്ടയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച 974 സ്റ്റേഡിയത്തില്‍ ഏഷ്യന്‍ കപ്പില്‍ കളികളില്ല. 

സൂപ്പര്‍താരങ്ങള്‍
ടോട്ടനം ഫോര്‍വേഡ് സോന്‍ ഹ്യുംഗ് മിന്നാണ് തെക്കന്‍ കൊറിയയെ നയിക്കുന്നത്. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ വതാരു എന്‍ഡൊ, ബ്രൈറ്റന്‍ താരം കവോറു മിതോമ, മോണകോയുടെ തകൂമി മിനാമിനൊ, ആഴ്‌സനലിന്റെ തകേഹിറൊ തോമിയാസു എന്നിവര്‍ ജപ്പാന്‍ നിരയിലുണ്ട്. റോമക്ക് കളിക്കുന്ന സര്‍ദാര്‍ അസ്മൂനാണ് ഇറാന്റെ ആക്രമണം നയിക്കുക. കിം മിന്‍ജേ (ബയേണ്‍ മ്യൂണിക്), ഹ്വാംഗ് ഹീ ചാന്‍ (വുള്‍വര്‍ഹാംപ്റ്റന്‍), ലീ കാം ഇന്‍ (പി.എസ്.ജി) എന്നിവരും സോന്‍ നയിക്കുന്ന തെക്കന്‍ കൊറിയക്ക് കളിക്കുന്നു. അര്‍ജന്റീനക്കെതിരെ ലോകകപ്പില്‍ ഗോളടിച്ച സാലിം അല്‍ദോസരി സൗദി അറേബ്യയുടെ ആക്രമണം നയിക്കും. 
കോച്ചുമാരിലുമുണ്ട് ലോകപ്രശസ്തര്‍. ഇറ്റലിയുടെ മുന്‍ കോച്ച് റോബര്‍ടൊ മാഞ്ചീനിയാണ് സൗദിയെ പരിശീലിപ്പിക്കുന്നത്. യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ തെക്കന്‍ കൊറിയയുടെയും ഹെക്ടര്‍ കൂപ്പര്‍ സിറിയയുടെയും കോച്ചാണ്. 

മുന്‍ ചാമ്പ്യന്മാര്‍
ജപ്പാന്‍ നാലു തവണ ചാമ്പ്യന്മാരായിട്ടുണ്ട്, ഏറ്റവും അവസാനം 2011 ലായിരുന്നു. 1984ല്‍ അരങ്ങേറ്റത്തില്‍ കിരീടം നേടുകയും 1988ല്‍ കിരീടം നിലനിര്‍ത്തുകയും ചെയ്ത ടീമാണ് സൗദി അറേബ്യ. മൂന്നു തവണ ചാമ്പ്യന്മാരായി. അവസാനത്തേത് 1996ല്‍. ഈ നൂറ്റാണ്ടില്‍ കിരീടം നേടിയിട്ടില്ല. 1992ലും 2000 ലും 2007 ലും ഫൈനല്‍ തോറ്റു. 2007 നു ശേഷം പ്രി ക്വാര്‍ട്ടര്‍ കടന്നിട്ടില്ല. തെക്കന്‍ കൊറിയ രണ്ട് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും 64 വര്‍ഷം മുമ്പാണ് അവസാനം ഏഷ്യന്‍ ചാമ്പ്യന്മാരായത്. ഇറാന്‍ തുടര്‍ച്ചയായി മൂന്നു തവണ ചാമ്പ്യന്മാരായി, 1968, 1972, 1976 വര്‍ഷങ്ങളില്‍. ഇസ്രായില്‍, കുവൈത്ത്, ഓസ്‌ട്രേലിയ, ഇറാഖ്, ഖത്തര്‍ ടീമുകള്‍ ഓരോ തവണ കിരീടം നേടി. 

പ്രൈസ് മണി
ചാമ്പ്യന്മാര്‍ക്ക് 50 ലക്ഷം ഡോളര്‍ (40 കോടിയിലേറെ രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 30 ലക്ഷം ഡോളറും. സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതമാണ് പാരിതോഷികം. 24 ടീമുകള്‍ക്കും രണ്ട് ലക്ഷം ഡോളര്‍ അപ്പിയറന്‍സ് ഫീസ് ലഭിക്കും.
 

Latest News