റിയാദ് - സൗദി അറേബ്യയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ എല്‍ക്ലാസിക്കൊ കലാശപ്പോരാാട്ടം. റയല്‍ മഡ്രീഡും ബാഴ്‌സലോണയും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ ഏറ്റുമുട്ടും. ഒസസാനയെ 2-0 ന് തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഫൈനലിലെത്തിയത്. മഡ്രീഡ് ഡാര്‍ബിയില്‍ റയല്‍ എക്‌സ്ട്രാ ടൈമില്‍ 5-3 ന് അത്‌ലറ്റിക്കൊ മഡ്രീഡിനെ തോല്‍പിച്ചിരുന്നു. ഈ സീസണിലെ രണ്ടാമത്തെ എല്‍ക്ലാസിക്കോക്കാണ് റിയാദില്‍ അവ്വല്‍ പാര്‍ക്ക് സാക്ഷ്യം വഹിക്കുക.
ഒക്ടോബറില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ അവരുടെ ഗ്രൗണ്ടില്‍ റയല്‍ 2-1 ന് തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലിനെ 3-1 ന് കീഴടക്കിയാണ് ബാഴ്‌സലോണ ലിയണല്‍ മെസ്സി യുഗത്തിനു ശേഷമുള്ള ആദ്യ കിരീടം നേടിയത്. ഷാവി കോച്ചായ ശേഷം ബാഴ്‌സലോണയുടെ ആദ്യ കിരീടം കൂടിയായിരുന്നു. പിന്നീടവര്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി. സമീപകാലത്ത് ഒട്ടും ഫോമിലല്ല ബാഴ്‌സലോണ. ലീഗില്‍ റയലിന് ഏഴ് പോയന്റ് പിന്നിലാണ്.
റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും ലാമിന്‍ യമാലുമാണ് ബാഴ്‌സലോണയുടെ ഗോളടിച്ചത്. 20 കളികള്‍ക്കു ശേഷമാണ് ബാഴ്‌സലോണ ഒന്നിലേറെ ഗോളുകള്‍ക്ക് ജയിക്കുന്നത്. സെപ്റ്റംബറില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആന്റ്‌വേര്‍പ്പിനെ 5-0 ന് തകര്‍ത്ത ശേഷം ആദ്യം. അതിന് മുമ്പ് ഈ സീസണില്‍ ഒന്നിലേറെ ഗോളിന് ജയിച്ച ഏക മത്സരം സ്പാനിഷ് ലീഗില്‍ കാഡിസിനെ 2-0 ന് കീഴടക്കിയതാണ്.
ബാഴ്‌സലോണ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരം തുറന്നെടുക്കാനായില്ല. രണ്ടാം പകുതിയില്‍ പെഡ്രിയും ജോ ഫെലിക്‌സും യമാലും ഇറങ്ങിയതോടെയാണ് ബാഴ്‌സ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്. 59ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഇല്‍കേ ഗുണ്ടോഗന്‍ നല്‍കിയ പാസില്‍ നിന്ന ലെവന്‍ഡോവ്‌സ്‌കി സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജോ ഫെലിക്‌സിന്റെ മനോഹര മുന്നേറ്റത്തിനൊടുവില്‍ യമാല്‍ വിജയമുറപ്പാക്കി.
അറുനൂറോളം ഒസസൂന ആരാധകര്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ റിയാദിലെത്തിയിരുന്നു. ബാഴ്‌സലോണ, റയല്‍ മഡ്രീഡ്, അത്‌ലറ്റിക്കൊ മഡ്രീഡ് ടീമുകള്‍ക്കൊപ്പം കാര്യമായി ആരാധകക്കൂട്ടം എത്തിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ കോപ ഡെല്‍റേ ഫൈനലിലെത്തിയതിന്റെ ഫലമായാണ് ഒസസൂന സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്.
വീഡിയൊ റിവ്യൂവില്‍ റഫറിമാര്‍ തമ്മിലുള്ള സംസാരത്തിന്റെ ഓഡിയൊ മത്സര ശേഷം പുറത്തുവിടാന്‍ ഈ സൂപ്പര്‍ കപ്പില്‍ ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗിലും ഇത് തുടരും.






