മൊഹാലി - അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസമായ ആറു വിക്കറ്റ് ജയം. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്റി20 കളിക്കാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0) രണ്ടാമത്തെ പന്തില്‍ റണ്ണൗട്ടായി മടങ്ങിയെങ്കിലും ശുഭ്മന്‍ ഗില്ലും (12 പന്തില്‍ 23) തിലക് വര്‍മയും (22 പന്തില്‍ 26) ശിവം ദൂബെയും (40 പന്തില്‍ 60 നോട്ടൗട്ട്) ജിതേഷ് ശര്‍മയും (20 പന്തില്‍ 31) റിങ്കു സിംഗുമടങ്ങുന്ന (9 പന്തില്‍ 16 നോട്ടൗട്ട്) യുവനിര രണ്ടോവര്‍ ശേഷിക്കെ ഇന്ത്യയെ ലക്ഷ്യം കടത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന അഫ്ഗാനിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. നവീനുല്‍ ഹഖിനെ സിക്‌സറും ബൗണ്ടറിയും പറത്തി ദൂബെ 17.3 ഓവറില്‍ വിജയം പൂര്‍ത്തിയാക്കി.
ഇന്ത്യ ജയിച്ചെങ്കിലും രോഹിതിന് തിരിച്ചുവരവ് ആഘോഷിക്കാനായില്ല. മിഡോഫിലേക്ക് അടിച്ച് രോഹിത് ഓടിയെങ്കിലും ഗില്‍ പന്ത് നോക്കി നിന്നു. രണ്ടു പേരും ഒരറ്റത്തായി. ഗില്ലിനോട് രോഷം പ്രകടിപ്പിച്ചാണ് രോഹിത് മടങ്ങിയത്. അഞ്ച് ബൗണ്ടറിയോടെ ഗില്‍ അതിന് പ്രായശ്ചിത്തം ചെയ്തു. സ്പിന്നര്‍ മുജീബുറഹ്മാനെ ഉയര്‍ത്താന്‍ ക്രീസ് വിട്ടപ്പോള്‍ സ്റ്റമ്പ് ചെയ്യപ്പെട്ടു.
നേരത്തെ ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (28 പന്തില്‍ 23) ക്യാപ്റ്റന്‍ ഇബ്രാഹിം സദ്‌റാനും (22 പന്തില്‍ 25) സൂക്ഷിച്ചാണ് തുടങ്ങിയത്. എട്ടോവറില്‍ അവര്‍ സ്‌കോര്‍ 50 കടത്തി. ഗുര്‍ബാസിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ സദ്‌റാനെ ശിവം ദൂബെയും കന്നി മത്സരം കളിക്കുന്ന റഹമത് ഷായെ അക്ഷറും മടക്കി. അസ്മതുല്ല ഒമര്‍സായി (22 പന്തില്‍ 29)-മുഹമ്മദ് നബി (27 പന്തില്‍ 42) കൂട്ടുകെട്ടാണ് സ്‌കോറിംഗിന് വേഗം കൂട്ടിയത്. അവസാന ഓവറുകളില്‍ നജീബുല്ല സദ്‌റാനും (11 പന്തില്‍ 19 നോട്ടൗട്ട്) ആഞ്ഞടിച്ചു.
ഇന്ത്യക്കു വേണ്ടി മുകേഷ്‌കുമാറും (4-0-33-2) അക്ഷറും (4-0-23-2) ശിവം ദൂബെയും (2-0-9-1) വിക്കറ്റ് പങ്കുവെച്ചു.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. രോഹിതിനൊപ്പം ഓപണ്‍ ചെയ്യേണ്ടിയിരുന്ന യശസ്വി ജയ്‌സ്വാള്‍ ചെറിയ ഇടുപ്പ് വേദന കാരണം കളിച്ചില്ല.