Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

കാലം കൊളുത്തിയ തിരിനാളങ്ങൾ

അതാരീക് അഥവാ 'പാനീസ് വിളക്കിന്റെ വെട്ടം' എന്ന പേരിൽ ജിദ്ദ ചരിത്ര നഗരിയിൽ കൊടിയേറിയ പൈതൃകോൽസവം സമ്പന്നമായ സൗദി പാരമ്പര്യത്തിന്റെ വൈവിധ്യങ്ങളിലേക്ക് കൊളുത്തിയ പ്രകാശ ജ്വാലയാണ്.

കേരളപ്പഴമയിലേക്ക് വെളിച്ചം പകർന്നിരുന്ന, പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിൽ പതിവായി ഉപയോഗിച്ചിരുന്ന പാനീസ് വിളക്കിനെ അറബിയിൽ ഫാനൂസ് എന്ന് വിളിക്കുന്നു. അറബി ഭാഷയിൽ നിന്ന് നാം കടം കൊണ്ട അനേകം പദങ്ങളിലൊന്നാണ് ഫാനൂസ്. വൈദ്യുതിയില്ലാത്ത കാലത്ത് ഹിജാസ് മേഖലയിലെ കൂട്ടായ്മകളിൽ ഫാനൂസിന്റെ തിരിവെട്ടം തിളങ്ങി നിന്നു. ഫാനൂസിന്റെ മറ്റൊരു സംജ്ഞയായ ഇത്‌രീകിന്റെ ബഹുവചനമായ അതാരീക് എന്ന പേരിൽ ജിദ്ദ ബലദിൽ കൊടിയേറിയ പൈതൃകോൽസവം പതിനായിരങ്ങളെ ആകർഷിച്ചു. 1,30,000 പേർ ഇതിനകം അതാരീകിലെ വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. 
പ്രാചീന അറബ് സംസ്‌കാരത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിലും ഗതകാല ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ നിലനിർത്തുന്നതിലും ബദ്ധശ്രദ്ധരാണ് ഗോത്ര പാരമ്പര്യത്തിൽ അഭിമാനിച്ചുപോന്ന സൗദികൾ.
ഇതിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ വിവിധ പ്രവിശ്യകളിലായി ടൂറിസം, പുരാവസ്തു കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഉത്സവ മേളകൾ. ജനാദ്രിയ ഫെസ്റ്റിവലിന് ശേഷം ഏറ്റവും പ്രശസ്തമായ ആഘോഷമാണ് ബലദിലെ (ജിദ്ദ ഡൗൺടൗൺ) ചരിത്ര നഗരിയിൽ നടന്നുവരുന്ന ജിദ്ദ ഹിസ്റ്റോറിക് ഫെസ്റ്റിവൽ. 2014 ൽ ആണ് ജിദ്ദ ഹിസ്റ്റോറിക് ഫെസ്റ്റിവലിന് ആദ്യമായി തിരശ്ശീലയുയർന്നത്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും ആഹ്ലാദാവേശങ്ങളോടെയാണ് സ്വദേശികളും വിദേശികളും ഈ ആഘോഷത്തെ വരവേൽക്കുന്നത്. 


അര നൂറ്റാണ്ടിന് മുകളിൽ പ്രായമുള്ള ആധുനിക ജിദ്ദ നഗരിയുടെ പൂർവകാല ജനതയുടെ ജീവിതം വരച്ചുകാട്ടുന്നതിൽ ഈ ചരിത്രോത്സവം വൻ വിജയമാണെന്ന് മേളക്കെത്തുന്ന ജനാവലി വിളിച്ചോതുന്നു. 
സൗദി അറേബ്യ സാംസ്‌കാരിക, സാഹിത്യ, അറബ്--ഇസ്‌ലാമിക ചരിത്രത്തിന്റെ സങ്കേതമാണെന്നും പൈതൃക സ്മാരകങ്ങൾ പരിരക്ഷിക്കുന്നതിന് നിതാന്ത ശ്രദ്ധ പുലർത്തുന്നുവെന്നും ലോകത്തിന് ബോധ്യപ്പെടുത്തുക എന്നത് ഫെസ്റ്റിവലുകൾ ലക്ഷ്യം വെക്കുന്നുണ്ട്. 
മഹത്തായ അറബ്, സൗദി പൈതൃകത്തിന്റെയും പുരാവസ്തുക്കളുടെയും മൂല്യവും പ്രാധാന്യവും പുതുതലമുറക്ക് വ്യക്തമാക്കുക എന്നതും ഫെസ്റ്റിവൽ നടത്തിപ്പിന്റെ ഉദ്ദേശ്യമാണ്. ഇതിന് വേണ്ടി പതിവായി അറ്റകുറ്റപ്പണികൾ നടത്തി പുരാതന കെട്ടിടങ്ങളും ആർജിത നേട്ടങ്ങളും സംരക്ഷിക്കുന്നതിന് ടൂറിസം, പുരാവസ്തു കമ്മീഷൻ, ജിദ്ദ നഗരസഭ തുടങ്ങി വിവിധ വകുപ്പുകൾ തീവ്ര ശ്രമമാണ് നടത്തുന്നത്. തദ്ദേശീയരും വിദേശികളുമായ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ കൂട്ടായ പരിശ്രമമാണ് ലോക പൈതൃക പട്ടികയിൽ ഹിസ്റ്റോറിക് ജിദ്ദ ഇടം നേടുന്നതിലേക്ക് നയിച്ചത്. ചരിത്ര, സാംസ്‌കാരിക, പരമ്പരാഗത നാടകങ്ങൾ ഉൾപ്പെടെ 65 വ്യത്യസ്ത പരിപാടികളാണ് ഇപ്രാവശ്യത്തെ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറുന്നത്. ചെങ്കടലിന്റെ മണവാട്ടി എന്നറിയപ്പെടുന്ന ജിദ്ദ നഗരിയുടെ 2600 വർഷത്തെ ചരിത്രം അനാവരണം ചെയ്യുന്ന സ്‌ക്രീൻ പ്ലേ ചരിത്രോത്സവ നഗരിയിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കാൻ വ്യത്യസ്ത വിനോദ പരിപാടികളും 
ഒരുക്കിയിട്ടുണ്ട്. ഹിജാസി നാടൻ കലകൾ, നാടകങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, 5 ഡി ഗ്ലാസ് അത്ഭുതം, മ്യൂസിയം, പരമ്പരാഗത കോഫി ഷോപ്പുകൾ, ഭക്ഷ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശകന് നവ്യാനുഭവം പകരും. ഹിജാസിന്റെ തനത് ഭക്ഷ്യവിഭവങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് നടന്നുവരുന്നു.

 
ഫെസ്റ്റിവൽ കാണാനെത്തുന്നവർക്കായി പരമ്പരാഗത ഷോപ്പിങ് അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. രാത്രിയാകുന്നതോടെ ദീപാലങ്കാരങ്ങളുടെ ആലക്തിക പ്രഭയിൽ മുങ്ങുന്ന പൈതൃക നഗരം കാണാൻ സമീപ നാടുകളിൽനിന്ന് പോലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പരമ്പരാഗത നൃത്തം, നാടകം എന്നിവ സന്ദർശകരെ ആകർഷിക്കുന്ന വിഭവങ്ങളാണ്. 
ഉത്സവ സമയത്ത് ജിദ്ദ ചരിത്ര നഗരിയിലെത്തുന്ന സന്ദർശകന് ഏതാണ്ട് നൂറ് വർഷം മുമ്പുള്ള ജനജീവിതം പുനഃസൃഷ്ടിക്കപ്പെട്ട ഒരു തുറന്ന മ്യൂസിയത്തിലാണ് എത്തിയതെന്ന പ്രതീതിയാണുണ്ടാവുക. 
വിശുദ്ധ റമദാൻ മാസം തുടക്കം മുതൽ ഒടുക്കം വരെ ജിദ്ദ ചരിത്ര നഗരിയിൽ റമദാനുനാ കിദാ (ഞങ്ങളുടെ റമദാൻ ഇങ്ങനെയായിരുന്നു) എന്ന പ്രമേയത്തിൽ പരമ്പരാഗത ഷോപ്പിംഗ്, ഭക്ഷ്യമേള, വിവിധ തരം കലാപരിപാടികൾ എന്നിവയടങ്ങുന്ന ഉത്സവ മേള നടന്നുവരാറുണ്ട്. 

Latest News