ഗുവാഹതി - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം റൗണ്ടില്‍ കേരളം വെള്ളിയാഴ്ച ഗുവാഹത്തിയില്‍ അസമിനെ നേരിടും. ഉത്തര്‍പ്രദേശിനെതിരെ കനത്ത ചൂടില്‍ ആലപ്പുഴയില്‍ സമനില സമ്മതിച്ച കേരളം കൊടുംതണുപ്പിലാണ് അസമുമായി ഏറ്റുമുട്ടുക. മൂടിക്കെട്ടിയ അന്തരീക്ഷം പെയ്‌സ്ബൗളര്‍മാര്‍ക്ക് വലിയ സഹായമാവും.
ട്വന്റി20യില്‍ സമീപകാലത്ത് മൂന്നു തവണ കേരളത്തെ തോല്‍പിച്ച ടീമാണ് അസം. അവരുടെ നായകന്‍ റിയാന്‍ പരാഗ് ഉജ്വല ഫോമിലുമാണ്. കഴിഞ്ഞ മത്സരത്തില്‍ ഛത്തിസ്ഗഢിനെതിരെ രഞ്ജി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയിരുന്നു.
സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുക. പെയ്‌സ്ബൗളര്‍മാരായ ബെയ്‌സില്‍ തമ്പിയെയും എം.ഡി നിധീഷിനെയും സഹായിക്കാന്‍ എന്‍.പി ബാസിലിനെയും വി. സുരേഷിനെയും ടീമിലുള്‍പെടുത്തിയേക്കും.