തിരിച്ചുവരവില്‍ അക്കൗണ്ട് തുറക്കാതെ രോഹിത്

മൊഹാലി - അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 159 റണ്‍സിന്റെ വിജയലക്ഷ്യം. പവര്‍പ്ലേയിലെ ആറോവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 36 ലാണ് ഇന്ത്യ. ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (0) ശുഭ്മന്‍ ഗില്ലിനെയും (12 പന്തില്‍ 23) നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്റി20 കളിക്കാത്ത രോഹിത് രണ്ടാമത്തെ പന്തില്‍ റണ്ണൗട്ടായി. മിഡോഫിലേക്ക് അടിച്ച് രോഹിത് ഓടിയെങ്കിലും ഗില്‍ പന്ത് നോക്കി നിന്നു. രണ്ടു പേരും ഒരറ്റത്തായി. ഗില്ലിനോട് രോഷം പ്രകടിപ്പിച്ചാണ് രോഹിത് മടങ്ങിയത്. അഞ്ച് ബൗണ്ടറിയോടെ ഗില്‍ അതിന് പ്രായശ്ചിത്തം ചെയ്തു. സ്പിന്നര്‍ മുജീബുറഹ്മാനെ ഉയര്‍ത്താന്‍ ക്രീസ് വിട്ടപ്പോള്‍ സ്റ്റമ്പ് ചെയ്യപ്പെട്ടു. 
നേരത്തെ ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (28 പന്തില്‍ 23) ക്യാപ്റ്റന്‍ ഇബ്രാഹിം സദ്‌റാനും (22 പന്തില്‍ 25) സൂക്ഷിച്ചാണ് തുടങ്ങിയത്. എട്ടോവറില്‍ അവര്‍ സ്‌കോര്‍ 50 കടത്തി. ഗുര്‍ബാസിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ സദ്‌റാനെ ശിവം ദൂബെയും കന്നി മത്സരം കളിക്കുന്ന റഹമത് ഷായെ അക്ഷറും മടക്കി. അസ്മതുല്ല ഒമര്‍സായി (22 പന്തില്‍ 29)-മുഹമ്മദ് നബി (27 പന്തില്‍ 42) കൂട്ടുകെട്ടാണ് സ്‌കോറിംഗിന് വേഗം കൂട്ടിയത്. അവസാന ഓവറുകളില്‍ നജീബുല്ല സദ്‌റാനും (11 പന്തില്‍ 19 നോട്ടൗട്ട്) ആഞ്ഞടിച്ചു. 
ഇന്ത്യക്കു വേണ്ടി മുകേഷ്‌കുമാറും (4-0-33-2) അക്ഷറും (4-0-23-2) ശിവം ദൂബെയും (2-0-9-1) വിക്കറ്റ് പങ്കുവെച്ചു. 
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കാക്കുക. യശസ്വി ജയ്‌സ്വാളായിരിക്കും ഓപണ്‍ ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞെങ്കിലും യശസ്വി ടീമിലില്ല. പകരം ശുഭ്മന്‍ ഗില്ലായിരിക്കും ഒരു വര്‍ഷത്തിനു ശേഷം ട്വന്റി20 ടീമില്‍ തിരിച്ചെത്തുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപണ്‍ ചെയ്യുക. യശസ്വിക്ക് ചെറിയ ഇടുപ്പ് വേദനയുണ്ടെന്ന് രോഹിത് പറഞ്ഞു.
 

Latest News