സ്‌റ്റോക്ക്‌ഹോം - കാന്‍സര്‍ബാധിതനാണെന്നും ഒരു വര്‍ഷം മാത്രമേ ജീവിക്കാന്‍ സാധ്യതയുള്ളൂ എന്നും മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ കോച്ച് സ്വെന്‍ ഗൊരാന്‍ എറിക്‌സന്‍. കഴിഞ്ഞ ഫെബ്രുവരി മുതല്‍ അപൂര്‍വമായി മാത്രം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന എഴുപത്തഞ്ചുകാരന്‍ ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞിരുന്നത്. പലരും തനിക്ക് കാന്‍സറാണെന്നാണ് ഊഹിച്ചതെന്നും ആ ഊഹം ശരിയാണെന്നും സ്വീഡന്‍കാരന്‍ പറഞ്ഞു. പാന്‍ക്രിയാസിനാണ് കാന്‍സര്‍. ഓപറേഷന്‍ സാധ്യമല്ല. കൂടി വന്നാല്‍ ഒരു വര്‍ഷം മാത്രമേയുണ്ടാവൂ. അതെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുകയും നിരാശനാവുകയും ചെയ്യാം. മറിച്ച് പ്രതിസന്ധികളെ പോസിറ്റിവായാണ് കാണുന്നത് -എറിക്‌സന്‍ പറഞ്ഞു.
ഡേവിഡ് ബെക്കാമു സ്റ്റീവന്‍ ജെറാഡും വെയ്ന്‍ റൂണിയുമൊക്കെയുള്‍പ്പെട്ട ഇംഗ്ലണ്ടിന്റെ സുവര്‍ണ തലമുറയുടെ കാലത്താണ് 2001 മുതല്‍ 2006 വരെ എറിക്‌സന്‍ പരിശീലകനായിരുന്നത്. 2002 ലെയും 2006 ലെയും ലോകകപ്പുകളിലും 2004 ലെ യൂറോ കപ്പിലും ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. 2006 ലെ ലോകകപ്പിലും 2004 ലെ യൂറോ കപ്പിലും പോര്‍ചുഗലിനോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് തോറ്റത്. ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച ആദ്യ വിദേശിയായിരുന്നു അദ്ദേഹം. ഇറ്റലിയില്‍ ലാസിയോയുമൊത്തും പോര്‍ചുഗലില്‍ ബെന്‍ഫിക്കയുമൊത്തും സ്വദേശമായ സ്വീഡനില് ഗോതന്‍ബര്‍ഗിനൊപ്പവും ലീഗ് കിരീടം നേടി. അവസാനം 2018-19 ല്‍ ഫിലിപ്പൈന്‍സ് ദേശീയ ടീമിനെയാണ് പരിശീലിപ്പിച്ചത്.