കലിംഗ - ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ പെനാല്‍ട്ടി വഴങ്ങിയതോടെ ഗോകുലം കേരള എഫ്.സിക്ക് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ തോല്‍വി. നാസര്‍ അല്‍ഖായതിയുടെ ഗോകുലത്തിന്റെ നെഞ്ചകം തകര്‍ത്ത് മുംബൈ സിറ്റിക്ക് 2-1 വിജയം സമ്മാനിച്ചത്. അതുവരെ ഐ.എസ്.എല്‍ ടീമിനെ വിറപ്പിച്ചു നിര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചു.
കളിയുടെ ഗതിക്കെതിരെ ഇരുപതാം മിനിറ്റില്‍ ഗോകുലം ലീഡ് നേടിയിരുന്നു. അമീനു ബൂബയുടെ ലോംഗ്‌റെയ്ഞ്ചര്‍ പോസ്റ്റിനിടിച്ച് തെറിച്ചപ്പോള്‍ ചാടിവീണ അലക്‌സ് സാഞ്ചസ് അവസരം മുതലാക്കുകയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് വാല്‍പൂയയുടെ ഹെഡര്‍ ഗോകുലം വല കുലുക്കിയതായിരുന്നു. എന്നാല്‍ ഹെഡറിന് മുമ്പ് വിസില്‍ മുഴങ്ങിയെന്ന ഗോകുലത്തിന്റെ വാദം റഫറി അംഗീകരിച്ചു.
രണ്ടാം പകുതിയിലും ഗോള്‍ മടക്കാന്‍ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ എഴുപത്തിനാലാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചത് ഗോകുലത്തിനാണ്. കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ബൂബ തിരിച്ചുവിട്ടത് ക്രോസ്ബാറിനിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ മുംബൈ ഗോള്‍ മടക്കി. അല്‍ഖായതിയുടെ പാസില്‍ നിന്ന് ആയുഷ് ചിക്കാര സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് ഇരു ടീമുകളും വിജയത്തിനായി ആഞ്ഞുപിടിച്ചു. ഇഞ്ചുറി ടൈമില്‍ ആല്‍ബെര്‍ട നൗഗേര ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിനാണ് മുംബൈക്ക് പെനാല്‍ട്ടി ലഭിച്ചത്.