അടിമുടി നാടകീയം, എട്ട് ഗോള്‍; റിയാദില്‍ മഡ്രീഡ് ത്രില്ലര്‍

റിയാദ് - അവ്വല്‍ പാര്‍ക്കില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യന്തം നാടകീയമായ സെമിഫൈനലില്‍ റയല്‍ മഡ്രീഡ് 5-3 ന് അത്‌ലറ്റിക്കൊ മഡ്രീഡിനെ തോല്‍പിച്ചു. സെല്‍ഫ് ഗോളുകളും ഗോള്‍കീപ്പറുടെ അബദ്ധവുമൊക്കെ കണ്ട മഡ്രീഡ് ഡാര്‍ബി എക്‌സ്ട്രാ ടൈമിലാണ് വിധിയായത്. ബാഴ്‌സലോണയും ഒസസൂനയും തമ്മിലുള്ള സെമിഫൈനലിലെ വിജയികളുമായി ഞായറാഴ്ച റയല്‍ ഫൈനല്‍ കളിക്കും. 
അവസാന വേളയിലെ രണ്ട് ഗോളുമായി അത്യുജ്വല തിരിച്ചുവരവാണ് റയല്‍ നടത്തിയത്. ഈ മാസം രണ്ടു തവണ കൂടി ഈ ടീമുകള്‍ മുഖാമുഖം വരും. 
ആറാം മിനിറ്റില്‍ തന്നെ റയലിനെ അത്‌ലറ്റിക്കൊ ഞെട്ടിച്ചു. ആന്റോയ്ന്‍ ഗ്രീസ്മാന്റെ ക്രോസ് മാരിയൊ ഹെര്‍മോസൊ റയല്‍ വലയിലേക്ക് ഹെഡ് ചെയ്തു. ഇരട്ട ഗോളോടെ റയല്‍ തിരിച്ചടിച്ചു. ഇരുപതാം മിനിറ്റില്‍ ആന്റോണിയൊ റൂഡിഗറും ഒമ്പത് മിനിറ്റിനു ശേഷം ഫെര്‍ലാന്റ് മെന്‍ഡിയും സ്‌കോര്‍ ചെയ്തു. മുപ്പത്തേഴാം മിനിറ്റില്‍ അതിമനോഹര ഗോളോടെ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയുടെ എക്കാലത്തെയും ടോപ്‌സ്‌കോററായി. പലതവണ ദിശ മാറ്റി ഡിഫന്റര്‍മാരെ വെള്ളം കുടിപ്പിച്ച ശേഷമായിരുന്നു ഗ്രീസ്മാന്റെ ഷോട്ട്. 
എഴുപത്തെട്ടാം റൂഡിഗറുടെ സെല്‍ഫ് ഗോള്‍ അത്‌ലറ്റിക്കോക്ക് ലീഡ് തിരിച്ചുനല്‍കി. റയല്‍ ഗോളി കെപ അരിസബലാഗയുടെ പിഴവാണ് ഗോളിന് കാരണം. ക്രോസ് പിടിക്കാനുള്ള കെപയുടെ ശ്രമം വിജയിച്ചില്ല. റൂഡിഗറുടെ തലയില്‍ തട്ടി അത് വലയില്‍ കയറി. റയല്‍ വിട്ടുകൊടുത്തില്ല. 85ാം മിനിറ്റില്‍ ഡാനി കര്‍വഹാല്‍ സ്‌കോര്‍ ചെയ്തതോടെ 3-3 ല്‍ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. 
എക്‌സ്ട്രാ ടൈമിന്റെ അവസാന വേളയിലാണ് റയല്‍ രണ്ടു ഗോളടിച്ചത്. അത്‌ലറ്റിക്കൊ ഡിഫന്റര്‍ സ്റ്റെഫാന്‍ സാവിച്ചിന്റെ സംഭാവനയായിരുന്നു ആദ്യത്തേത്. 116ാം മിനിറ്റില്‍ കര്‍വഹാലിന്റെ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമമാണ് പിഴച്ചത്. ഇഞ്ചുറി ടൈമില്‍  ബ്രാഹിം ഡിയാസ് മത്സരത്തിലെ എട്ടാമത്തെ ഗോളോടെ റയലിന്റെ വിജയമുറപ്പിച്ചു. അത്‌ലറ്റിക്കൊ ഗോളി യാന്‍ ഒബ്‌ലാക് ഗോള്‍ മടക്കാനുള്ള ശ്രമത്തില്‍ സ്വന്തം ബോക്‌സ് വിട്ടതോടെ ഒഴിഞ്ഞ വലയാണ് ഡിയാസിന് ലഭിച്ചത്. മധ്യവരക്കടുത്തു വെച്ച് ഒബ്‌ലാക്കിനെ ഡിയാസ് വെട്ടിച്ചുകയറി. കുപ്പായമൂരി ഗോളാഘോഷത്തിന് ഡിയാസ് മഞ്ഞക്കാര്‍ഡ് കണ്ടു. മത്സരത്തിലെ ഏക കാര്‍ഡ്. 1974 നു ശേഷം മഡ്രീഡ് ഡാര്‍ബി ഒരു മഞ്ഞക്കാര്‍ഡെങ്കിലുമില്ലാതെ അവസാനിച്ചിട്ടില്ല. ഈ സീസണില്‍ റയലിന്റെ ഏക തോല്‍വി സ്പാനിഷ് ലീഗില്‍ സെപ്റ്റംബറില്‍ അത്‌ലറ്റിക്കോക്കെതിരെയായിരുന്നു. 2020 ല്‍ സൗദി അറേബ്യയിലെ സൂപ്പര്‍ കപ്പ് ഫൈനലിലും ഇതേ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്നും ഷൂട്ടൗട്ടില്‍ റയല്‍ ജയിച്ചു.

വായിക്കുക
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും

Latest News