ദോഹ - ലോകകപ്പിന്റെ മധുരം മാറാത്ത ഖത്തറില്‍ വെള്ളിയാഴ്ച ഏഷ്യന്‍ കപ്പ് ഫുട്ബോളിന് പന്തുരുളും. ലോകകപ്പില്‍ അര്‍ജന്റീനയെ തോല്പിച്ച ഏക ടീമായ സൗദി അറേബ്യക്കും സ്പെയിനിനെയും ജര്‍മനിയെയും മുട്ടുകുത്തിച്ച ജപ്പാനും ഖത്തറിലേക്ക് ഇത് പ്രതീക്ഷയോടെയുള്ള തിരിച്ചുവരവാണ്.
നിലവിലെ ചാമ്പ്യന്മാരായ ഖത്തറും കരുത്തരായ സൗദി അറേബ്യയും അണിനിരക്കുന്ന ഗള്‍ഫില്‍ നിന്ന് കപ്പുമായി മടങ്ങാനുള്ള തയാറെടുപ്പോടെയാണ് കിഴക്കനേഷ്യയില്‍ നിന്ന് ജപ്പാനും തെക്കന്‍ കൊറിയയും എത്തുന്നത്. കൊറിയ 64 വര്‍ഷം മുമ്പാണ് അവസാനം ഏഷ്യന്‍ ചാമ്പ്യന്മാരായത്. ഇത്തവണ യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ കോച്ചിംഗിലും ടോട്ടനം നായകന് സോന്‍ ഹ്യുംഗ് മിന്നിന്റെ നേതൃത്വത്തിലുമാണ് അവര്‍ പട നയിക്കുക.
88,000 പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 10 ന് നടക്കുന്ന ഫൈനലിലേക്ക് സ്ഥാനം നേടാന്‍ 24 ടീമുകളാണ് മത്സരിക്കുക. ഓസ്ട്രേലിയ മുതല്‍ ഫലസ്തീന് വരെ. 13 മാസം മുമ്പ് ലുസൈലില്‍ നടന്ന അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ എക്കാലത്തെയും ക്ലാസിക്കായിരുന്നു.
പതിനെട്ടാമത് ഏഷ്യന്‍ കപ്പ് കഴിഞ്ഞ വര്‍ഷം ചൈനയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവര്‍ പിന്മാറുകയായിരുന്നു. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് ഏഷ്യന്‍ കപ്പ് നടക്കുക. ഷിപ്പിംഗ് കണ്ടയ്നറുകള്‍ കൊണ്ട് നിര്‍മിച്ച 974 സ്റ്റേഡിയം ഉപയോഗിക്കുന്നില്ല.
ഖത്തര്‍ അത്യുജ്വലമായി ലോകകപ്പ് സംഘടിപ്പിച്ചെങ്കിലും ടീം തീര്‍ത്തും നിരാശപ്പെടുത്തി. അതിനു ശേഷവും അവരുടെ സ്ഥിതി മെച്ചപ്പെട്ടില്ല. കഴിഞ്ഞ മാസമാണ് കോച്ച് കാര്‍ലോസ് ക്വിറോഷിനെ പുറത്താക്കിയത്. പകരം നിയമിതനായ ടിന്‍ടിന്‍ മാര്‍ക്വേസിന് ടീമിനെ ഒരുക്കാന്‍ അധികം സമയം കിട്ടിയിട്ടില്ല. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ലുസൈലില്‍ ലെബനോനെ നേരിടും.
ലോകകപ്പില്‍ അര്‍ജന്റീനയെ തോല്പിച്ച ഏക ടീമായ സൗദി അറേബ്യക്കും രണ്ടാം റൗണ്ടിലേക്ക് മുന്നേറാനായില്ല. ജപ്പാനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്പെയിനിനെയും ജര്‍മനിയെയും അട്ടിമറിച്ച് ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനക്കാരായി. ഉറുഗ്വായെയും ഘാനയെയും മറികടന്ന് കൊറിയയും പ്രി ക്വാര്‍ട്ടറിലെത്തി. ഫ്രാന്സുള്പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ഓസ്ട്രേലിയ മുന്നേറി. എന്നാല്‍ മൂന്നു ടീമുകള്‍ക്കും പ്രി ക്വാര്‍ട്ടര്‍ കടക്കാനായില്ല. അര്‍ജന്റീനക്കു മുന്നിലാണ് ഓസ്ട്രേലിയ അടിയറവ് പറഞ്ഞത്. ബ്രസീലിനു മുന്നില്‍ കൊറിയ വീണു. ക്രൊയേഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ജപ്പാന് പിടിച്ചുകെട്ടി.
ജപ്പാനെ 3-1 ന് തോല്പിച്ചാണ് ഖത്തര്‍ കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍് ചാമ്പ്യന്മാരായത്. നാലു തവണ ചാമ്പ്യന്മാരായ ടീമാണ് ജപ്പാന്. ഈയിടെ സൗഹൃദ മത്സരത്തില്‍ അവര്‍ ജര്‍മനിയെ 4-1 ന് തകര്‍ത്തു.
റോബര്‍ടൊ മാഞ്ചീനിയുടെ നേതൃത്വത്തില്‍ വലിയ പ്രതീക്ഷകളുമായാണ് സൗദി അറേബ്യ എത്തുന്നത്. ഓസ്ട്രേലിയയും ഉസ്ബെക്കിസ്ഥാനും സിറിയയുമുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ആറ് ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരില്‍ നാലെണ്ണത്തിന് പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറാമെന്നിരിക്കെ ഒരു ജയമെങ്കിലും നേടാനായിരിക്കും ഇന്ത്യ ശ്രമിക്കുക.






