കലിംഗ - ഈ സീസണിലെ ഐ-ലീഗ് ഫുട്‌ബോളില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഷില്ലോംഗ് ലജോംഗിനെ 3-1 ന് തകര്‍ത്ത് ഐ.എസ്.എല്ലിലെ ഒന്നാം സ്ഥാനക്കാരായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍് പടയോട്ടം തുടങ്ങി. ഗ്രൂപ്പ് ബി-യിലെ ഉദ്ഘാടന മത്സരത്തില്‍ അവസരം കിട്ടിയപ്പോഴൊക്കെ ലജോംഗ് കരുത്തരായ എതിരാളികളെ വിറപ്പിച്ചു. തുടക്കത്തില്‍ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തു. എന്നാല്‍ ലജോംഗ് മുപ്പതാം മിനിറ്റില്‍ ഏക ഗോളടിക്കും മുമ്പ് രണ്ടു തവണ വല കുലുക്കി. ആദ്യ അര മണിക്കൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. അതിനു ശേഷം ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളെ നിര്‍വീര്യമാക്കി.
പതിനഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ദിമിത്രോസ് ദിയാമന്റാകോസും ക്വാമി പെപ്രയും ചേര്‍ന്നുള്ള നീക്കമാണ് ആദ്യ ഗോളില്‍ കലാശിച്ചത്. രണ്ട് സെന്റര്‍ ബാക്കുകള്‍ക്കിടയിലൂടെ ഗ്രീക്കുകാരന്‍ നല്‍കിയ ത്രൂപാസ് പെപ്ര ലക്ഷ്യത്തിലെത്തിച്ചു. ഇരുപത്തേഴാം മിനിറ്റില്‍ പ്രബീര്‍ദാസ് ഒരുക്കിയ അവസരം മുതലെടുത്ത് ഘാനക്കാരന്‍ വീണ്ടും സ്‌കോര്‍ ചെയ്തു. പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ലജോംഗിന്റെ ഗോള്‍. സെനഗാല്‍ സ്‌ട്രൈക്കര്‍ അല്‍ഹാജി കരീമിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ബ്രസീല്‍ താരം റെനാന്‍ പൗളിനൊ ഡിസൂസ ഗോളാക്കി.
പിന്നീട് ബ്ലാസ്റ്റേഴ്‌സ് കളി നിയന്ത്രിച്ചു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ ദായ്‌സുകെ സകായി ഉയര്‍ത്തിയ പന്ത് മുഹമ്മദ് ഐമന്‍ വലയിലേക്ക് ഹെഡ് ചെയ്തു.






