ട്വന്റി20യില്‍ കോലിയുടെ തിരിച്ചുവരവ് നീളും

മൊഹാലി - അഫ്ഗാനിസ്ഥാനെതിരെ നാളെ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വെളിപ്പെടത്തി. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ട്വന്റി20 ടീമില്‍ തിരിച്ചെത്തിയത്. 
അഫ്ഗാനിസ്ഥാന് ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്റെ സേവനം ലഭിക്കില്ല. പുറംവേദയെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന റാഷിദ് പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടില്ല. ബിഗ് ബാഷ് ലീഗിലും എസ്.എ20 ലീഗിലും റാഷിദ് കളിക്കുന്നില്ല. ഇന്ത്യക്കെതിരെ കളിക്കാനാവുമെന്ന പ്രതീക്ഷയില്‍ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പം റാഷിദ് ചണ്ഡിഗഢിലെത്തിയിരുന്നു. റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുന്നത് വലിയ പ്രയാസമായിരിക്കുമെന്ന് ക്യാപ്റ്റന്‍ ഇബ്രാഹിം സദ്‌റാന്‍ പറഞ്ഞു. 
നവംബറില്‍ ലോകകപ്പിലാണ് റാഷിദ് അവസാനം കളിച്ചത്. യു.എ.ഇക്കെതിരായ പരമ്പരയില്‍ കളിച്ചിരുന്നില്ല. റാഷിദിന്റെ അഭാവത്തില്‍ അഫ്ഗാനിസ്ഥാന് മികച്ച സ്പിന്നര്‍മാരുടെ നിരയുണ്ട്. മുജീബുറഹ്മാന്‍, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഖൈസ് അഹമ്മദ്, ശറഫുദ്ദീന്‍ അശ്‌റഫ് എന്നിവര്‍ ടീമിലുണ്ട്. യു.എ.ഇക്കെതിരായ പരമ്പരയില്‍ ഖൈസ് ആറു വിക്കറ്റെടുത്തിരുന്നു. ഇന്‍ഡോറിലും ബംഗളൂരുവുമിലാണ് 14നും 17 നുമായി രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം.
 

Latest News