മാനഭംഗക്കേസില്‍ നേപ്പാള്‍ മുന്‍ ക്യാപ്റ്റന് ജയില്‍ ശിക്ഷ

കാഠ്മണ്ഡു - ഒരുകാലത്ത് നേപ്പാള്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ബോയ് ആയിരുന്ന മുന്‍ ക്യാപ്റ്റന്‍ സന്ദീപ് ലാമിചാനെക്ക് മാനഭംഗക്കേസില്‍ എട്ടു വര്‍ഷം തടവ് ശിക്ഷ. 2022 ല്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് ഇരുപത്തിമൂന്നുകാരനെതിരായ കേസ്. ജാമ്യത്തിലിറങ്ങിയ ശേഷം നേപ്പാള്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ലെഗ്‌സ്പിന്നറുടെ നേട്ടം നേപ്പാള്‍ ക്രിക്കറ്റിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. ലാമിചാനെ 2018ല്‍ ഐ.പി.എല്‍ കരാര്‍ നേടിയത് വലിയ വാര്‍ത്തയായി. വൈകാതെ മറ്റു ട്വന്റി20 ലീഗുകളുടെയും ഭാഗമായി. കരീബിയന്‍ ലീഗില്‍ ജമൈക്ക ടീമിന് കളിച്ചു കൊണ്ടിരിക്കെയാണ് ആരോപണം വന്നത്. ആദ്യം മടങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ജമൈക്ക ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. നേപ്പാളില്‍ തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നേപ്പാള്‍ പുറത്താക്കി. 
ജാമ്യം ലഭിച്ചതോടെ ക്രിക്കറ്റ് വിലക്ക് നീക്കി. വിചാരണ അനിശ്ചിതമായി നീണ്ടതോടെ വീണ്ടും നേപ്പാള്‍ ജഴ്‌സിയണിയാന്‍ ലാമിചാനെക്ക് അവസരം ലഭിച്ചു. ഒടുവില്‍ ഡിസംബറിലാണ് കുറ്റവാളിയാണെന്ന് കോടതി വിധിച്ചത്. ശിക്ഷ വിധിച്ചത് ബുധനാഴ്ചയും. മാനഭംഗത്തിന് ഇരയായതിന്റെ പേരില്‍ കടുത്ത മാനസികപീഡ അനുഭവിച്ച യുവതിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മൂന്നു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. 
ശിക്ഷ വിധിക്കുമ്പോള്‍ ലാമിചാനെ കോടതിയിലുണ്ടായിരുന്നില്ല. അപ്പീല്‍ പോകുമെന്ന് താരത്തിന്റെ വക്കീല്‍ അറിയിച്ചു. സംഭവസമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ഇരയുടെ വാദം കോടതി നേരത്തെ തള്ളിയിരുന്നു. അവര്‍ക്ക് 18 വയസ്സായിരുന്നു. ലാമിചാനെ ആരോപണം നിഷേധിക്കുകയാണ്. വലിയ ജനപിന്തുണയും ക്രിക്കറ്റര്‍ക്കുണ്ട്. 
വിലക്കിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി കളിക്കളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 2023 ലെ ഏഷ്യാ കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ടീമിലുണ്ടായിരുന്നു. എങ്കിലും എതിര്‍ കളിക്കാര്‍ പലരും ഹസ്തദാനം ചെയ്യാന്‍ തയാറായില്ല. 
 

Latest News