മോഡി വരാന്‍ പാടില്ല, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പുരി ശങ്കാരാചാര്യ

അയോധ്യ- അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് അടുത്തുവരവെ വിവാദങ്ങളും മുറുകുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രഖ്യാപിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവല്‍കരിക്കുന്നതിലാണ് പുരി ഗോവര്‍ദ്ധന പീഠത്തിലെ ശങ്കരാചാര്യരുടെ പ്രതിഷേധം.

അയോധ്യയില്‍ നടക്കേണ്ടത് പവിത്രമായ ചടങ്ങാണെന്നും അതില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.  രാമവിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കരുത്.  വിഗ്രഹപ്രതിഷ്ഠയുടെ ഉത്തരവാദിത്തം പുരോഹിതര്‍ക്കും സന്ന്യാസിമാര്‍ക്കുമാണ്. രാഷ്ട്രീയക്കാര്‍ക്കല്ല. എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയക്കാര്‍ പങ്കെടുക്കുന്നത്- ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ശങ്കരാചാര്യ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ ഉപദേശമോ മാര്‍ഗനിര്‍ദേശമോ ആവശ്യപ്പെട്ടിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.

വായിക്കുക  ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു
അധികാരപരിധി ഉത്തര്‍പ്രദേശിലെ പ്രയാഗ് വരെ വ്യാപിച്ചുകിടക്കുന്നതിനാല്‍ ഇന്ത്യയില്‍ നാല് ശങ്കരാചാര്യന്മാരില്‍ ഗോവര്‍ധന്‍ പീഠം വളരെ പ്രധാനമാണ്. എന്നിട്ടും ജനുവരി 22 ലെ ചടങ്ങിന് തന്റെ ഉപദേശമോ മാര്‍ഗനിര്‍ദേശമോ തേടിയിട്ടില്ലെന്നാണ് ശങ്കരാചാര്യ അവകാശപ്പെടുന്നത്.

എല്ലാ ശങ്കരയാചാര്യര്‍ക്കും ക്ഷണം നല്‍കിയിട്ടുണ്ടെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അവകാശപ്പെടുമ്പോഴും വിവാദം പുകയുകയാണ്. പലരും അവ്യക്തമായാണ് അതൃപ്തി പ്രകടിപ്പിക്കുന്നതെങ്കിലും  സ്വാമി നിശ്ചലാനന്ദ സരസ്വതി പരസ്യമായി തന്നെ  തീരുമാനം പ്രഖ്യാപിച്ചിരിക്കയാണ്.

ക്ഷണം സ്വീകരിച്ചതായി ശങ്കരാചാര്യരുടെ ഓഫീസ് സ്ഥിരീകരിച്ചു. പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണങ്ങളും വിശദീകരിച്ചിട്ടുണ്ട്.  രാമക്ഷേത്ര നിര്‍മ്മാണത്തില്‍ താന്‍ സംതൃപ്തനാണെന്ന് സമ്മതിച്ചിട്ടും ജനുവരി 22 ലെ ചടങ്ങുകളെ കുറിച്ച് തന്റെ പീഠവുമായി കൂടിയാലോചന നടത്താത്തതിനെയാണ് സ്വാമി നിശ്ചലാനന്ദ സരസ്വതി വിമര്‍ശിക്കുന്നത്.
ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള തിടുക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് രാഷ്ട്രീയ പരിഗണനകളെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

 

Latest News