മദ്യാസക്തി, വിഷാദം, ഭീഷണി; ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുടെ അഭിമുഖം

ന്യൂദല്‍ഹി - ഐ.പി.എല്‍ മേധാവികള്‍ക്കും സഹതാരങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങളടങ്ങിയ മുന്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ പ്രവീണ്‍കുമാറിന്റെ അഭിമുഖം വിവാദമായി കത്തിപ്പടരുന്നു. കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കളിപ്പിച്ചുവെന്നും ഇന്ത്യന്‍ കളിക്കാരേറെയും മദ്യപന്മാരാണെന്നും പ്രവീണ്‍ ആരോപിക്കുന്നു. 
2008 ലെ പ്രഥമ ഐ.പി.എല്ലില്‍ സ്വദേശമായ മീററ്റിനോടടുത്ത ദല്‍ഹി ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാനാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ലളിത് മോഡി ഭീഷണിപ്പെടുത്തിയതിനാലാണ് ബാംഗ്ലൂരിന് കളിച്ചതെന്നും പ്രവീണ്‍ വെളിപ്പെടുത്തി. ഇംഗ്ലിഷ് നന്നായി വഴങ്ങുമായിരുന്നില്ല. ബാംഗ്ലൂരിലെ ഭക്ഷണവും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഒരാള്‍ നിര്‍ബന്ധിച്ച് ഒരു കടലാസില്‍ ഒപ്പു വെപ്പിച്ചു. അത് ബാംഗ്ലൂരുമായുള്ള കരാറായിരുന്നു -പെയ്‌സ്ബൗളര്‍ പറഞ്ഞു. ബാംഗ്ലൂരിന് വേണ്ടി മൂന്നു വര്‍ഷം കളിച്ച പ്രവീണ്‍ 47 കളികളില്‍ 41 വിക്കറ്റെടുത്തു. ബാംഗ്ലൂരിന് വേണ്ടി ഹാട്രിക് നേടിയ ആദ്യ കളിക്കാരനാണ്. 2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ. 
പിന്നീട് പഞ്ചാബ്, മുംബൈ, ഹൈദരാബാദ്, ഗുജറാത്ത് ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിരുന്നു. 119 കളികളില്‍ 90 വിക്കറ്റെടുത്തു. 2018 ലാണ് വിരമിച്ചത്. ഇന്ത്യക്കു വേണ്ടി 2007 മുതല്‍ 2012 വരെ ആറ് ടെസ്റ്റിലും 68 ഏകദിനങ്ങളിലും 10 ട്വന്റി20കളിലും പന്തെറിഞ്ഞു. 
മദ്യാസക്തി കാരണമാണ് പ്രവീണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഇന്ത്യന്‍ കളിക്കാരും മദ്യപിക്കാറുണ്ടെന്നും താന്‍ മദ്യാസക്തനാണെന്ന് ഒരു സീനിയര്‍ കളിക്കാരന്‍ പറഞ്ഞുപരത്തിയതാണെന്നും പ്രവീണ്‍ ആരോപിച്ചു. വിരമിച്ച ശേഷം ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ കോച്ചിംഗ് സ്റ്റാഫിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ സ്വന്തം സ്റ്റേറ്റ് രഞ്ജി ടീമിന്റെ കോച്ചിംഗ് പൊസിഷനില്‍ പോലും പരിഗണിക്കപ്പെട്ടില്ല. ഇതോടെ വിഷാദരോഗത്തിനടിപ്പെട്ടു. അഞ്ചു മണിക്കൂര്‍ വരെ ഫാനിലേക്ക് നോക്കിയിരുന്നിട്ടുണ്ട്. കുറേ ദിവസം ഹരിദ്വാറിലാണ് ചെലവിട്ടത് -പ്രവീണ്‍ വെളിപ്പെടുത്തി. 

Latest News