ദുബായ്-രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാൻ യു.എ.ഇ സർക്കാർ സംഘടിപ്പിക്കുന്ന ഒട്ടകസവാരി കൗതുകമുണർത്തുന്നു. ഹംദാൻ ബിൻ മുഹമ്മദ് പൈതൃകകേന്ദ്രം സംഘടിപ്പിക്കുന്ന പത്താമത് 'കാമൽ ട്രക്കിംഗ്' ആണ് കൗതുകമുണർത്തുന്നത്.ഒട്ടകങ്ങളിൽ പോകുന്ന സഞ്ചാരികളെ നേരിൽകണ്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിവാദ്യമർപ്പിച്ചു.ദുബായിയിലെ അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവിലെ സെയ്ഹ് അൽ സലാം ഏരിയയിൽവെച്ചാണ് അദ്ദേഹം സഞ്ചാരികളെ കണ്ടത്.യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്,യെമൻ,ഫ്രാൻസ്, ഇറ്റലി,ബ്രിട്ടൻ,ബെൽജിയം,ജർമനി, ഓസ്ട്രിയ,ഇന്ത്യ,ചൈന, ഓസ്‌ട്രേലിയ,മെക്‌സികോ,റഷ്യ,ബെലറൂസ് എന്നീ 16 രാജ്യങ്ങളിൽനിന്നുള്ള 37 സഞ്ചാരികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. അബുദാബിയിലെ അരാഡ ഭാഗത്തുനിന്ന് ആരംഭിച്ച് യു.എ.ഇയിലെ മരുഭൂമിയിലൂടെ തുടർച്ചയായി 12 ദിവസം സഞ്ചരിച്ചാണ് സംഘം ദുബായിയിൽ എത്തുന്നത്. 557 കിലോമീറ്റർ സഞ്ചരിച്ച് 'കാമൽ ട്രക്ക്' സംഘം ദുബായ് ഗ്ലോബൽ വില്ലേജിലെ പൈതൃക ഗ്രാമത്തിൽ യാത്ര അവസാനിപ്പിക്കും.






