ഫ്രാന്‍സ് ബെക്കന്‍ബവര്‍ -ജര്‍മനിയുടെ ദെര്‍ കൈസര്‍

ര്‍മനിയെ പ്രതിനിധീകരിച്ച ഏറ്റവും സമ്പൂര്‍ണനായ കളിക്കാരനായിരുന്നു അന്തരിച്ച ഫ്രാന്‍സ് ബെക്കന്‍ബവര്‍. മധ്യനിരയില്‍ തുടങ്ങിയ 'ദെര്‍ കൈസര്‍' പിന്നീട് മനോഹരമായി കളിക്കുന്ന അറ്റാക്കിംഗ് സ്വീപറായി, നായകനായും കോച്ചായും തിളങ്ങി. കളിക്കളത്തില്‍ അഹങ്കാരത്തോളമെത്തുന്ന ആത്മവിശ്വാസമുണ്ടായിരുന്നു ബെക്കന്‍ബവര്‍ക്ക്. പഴുതടച്ച് പ്രതിരോധിക്കുകയും ആക്രമണത്തില്‍ കൂട്ടുകാര്‍ക്ക് കൈത്താങ്ങാവുകയും ചെയ്തു. മൂന്നു ലോകകപ്പുകളില്‍ കളിച്ച ബെക്കന്‍ബവര്‍ക്ക് രണ്ടു തവണ തലനാരിഴക്ക് കിരീടം നഷ്ടപ്പെട്ടു. മൂന്നാമത്തേതില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ചു. ക്യാപ്റ്റനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്, 1974 ല്‍ നായകനായും 1990 ല്‍ കോച്ചായും. 1986 ല്‍ അര്‍ജന്റീനയോട് ഫൈനല്‍ തോറ്റ ജര്‍മന്‍ ടീമിന്റെയും പരിശീലകനായിരുന്നു. 
1963 ല്‍ പതിനെട്ടാം ജന്മദിനത്തിന് ഏതാനും ദിവസം മുമ്പ് ബയേണ്‍ മ്യൂണിക്കില്‍ ചേര്‍ന്ന ബെക്കന്‍ബവര്‍ക്ക് അവസാനകാലം വരെ ക്ലബ്ബുമായി ബന്ധമുണ്ടായിരുന്നു. വൈകാതെ പശ്ചിമ ജര്‍മന്‍ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായി. ജര്‍മന്‍ ലീഗിലെ മികച്ച കളിക്കാരനായാണ് 1966 ലെ ലോകകപ്പിന് കൈസര്‍ ഇംഗ്ലണ്ടിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം ഇരുപതുകാരന്‍ കാണികളെ കൈയിലെടുത്തു. നാലു ഗോളടിച്ച് ജര്‍മനിയെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ കോച്ച് ഹെല്‍മുറ്റ് ഷോയന് പറ്റിയ വന്‍ അബദ്ധമാണ് ജര്‍മനിക്ക് കപ്പ് നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടനെ മാര്‍ക്ക് ചെയ്യാന്‍ ബെക്കന്‍ബവറെ നിയോഗിച്ചു. ആ ജോലി കൈസര്‍ ഭംഗിയായി നിര്‍വഹിച്ചെങ്കിലും ആക്രമണത്തില്‍ ജര്‍മനിയുടെ മുനയൊടിഞ്ഞു. ഇംഗ്ലണ്ട് 4-2 ന് ജയിച്ചു. 
നാലു വര്‍ഷത്തിനു ശേഷം മെക്‌സിക്കോയില്‍ ബെക്കന്‍ബവറും ജര്‍മനിയും അതിനു പകരം ചോദിച്ചു. അവിസ്മരണീയ ക്വാര്‍ട്ടറില്‍ 2-0 ന് മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ ബെക്കന്‍ബവറുടെ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മനി തിരിച്ചുവന്നു. 3-2 ന് ജയിച്ച് സെമിയിലെത്തുകയും ചെയ്തു. ഇറ്റലിക്കെതിരെ മറ്റൊരു മാസ്മരിക പോരാട്ടമാണ് ജര്‍മനിയെ കാത്തിരുന്നത്. എഴുപതാം മിനിറ്റില്‍ വീണ് ചുമലിന് ക്ഷതമേറ്റ ബെക്കന്‍ബവര്‍ കുഴ തെറ്റിയ കൈ വള്ളിയിലിട്ട് കളി തുടര്‍ന്നു. പക്ഷെ 4-3 ന് ജയിക്കുന്നതില്‍നിന്ന് ഇറ്റലിയെ തടയാനായില്ല. 1974 ല്‍ മൂന്നാം തവണ ബെക്കന്‍ബവര്‍ക്ക് പിഴച്ചില്ല. ജര്‍മനി കിരീടം നേടുക തന്നെ ചെയ്തു. അപ്പോഴേക്കും ബെക്കന്‍ബവര്‍ ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു. 1972 ല്‍ യൂറോപ്യന്‍ പ്ലയര്‍ ഓഫ് ദ ഇയറായി. ജര്‍മനിയെ യൂറോപ്യന്‍ കിരീടത്തിലേക്കു നയിച്ചു. ബയേണിന് 1974 ല്‍ യൂറോപ്യന്‍ കപ്പ് നേടിക്കൊടുത്തു. പക്ഷെ ലോകകപ്പ് ഫൈനലില്‍ യോഹാന്‍ ക്രയ്ഫിന്റെ നെതര്‍ലാന്റ്‌സിനെതിരെ ജര്‍മനിക്ക് അധികമാരും സാധ്യത കല്‍പിച്ചില്ല. ആദ്യ മിനിറ്റില്‍തന്നെ ഡച്ചുകാര്‍ മുന്നിലെത്തി. ബെക്കന്‍ബവറുടെ ശാന്തമായ സാന്നിധ്യം ജര്‍മനിക്ക് ആത്മവിശ്വാസം പകര്‍ന്നു. ആതിഥേയരെ വെള്ളം കുടിപ്പിക്കാനുള്ള ഡച്ച് തന്ത്രം തിരിച്ചടിക്കുകയും ചെയ്തു. സ്വന്തം മണ്ണില്‍ ജര്‍മനി ചാമ്പ്യന്മാരായി. 1974 മുതല്‍ 76 വരെ തുടര്‍ച്ചയായി ബയേണിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ ബെക്കന്‍ബവര്‍ 1977 ല്‍ രണ്ടാം തവണ യൂറോപ്യന്‍ പ്ലയര്‍ ഓഫ് ദ ഇയറായ ശേഷം വിരമിച്ചു. മൂന്നു തവണ നായകനായി യൂറോപ്യന്‍ കപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്. പിന്നീട് ബയേണ്‍ കോച്ചും പ്രസിഡന്റുമായി. 2006 ലെ ലോകകപ്പ് വേദി ജര്‍മനിക്ക് കിട്ടാന്‍ നേതൃത്വം നല്‍കി. ലോകകപ്പിന്റെ സംഘാടക സമിതി അധ്യക്ഷനായി. ബെക്കന്‍ബവറും ദ്യാല്‍മ സാന്റോസും മാത്രമേ മൂന്നു തവണ ലോകകപ്പ് ഓള്‍സ്റ്റാര്‍ ടീമിലെത്തിയിട്ടുള്ളൂ.
1999 ല്‍ ഫുട്‌ബോള്‍ സ്ഥിതിവിവരക്കണക്ക് സംഘടന ബെക്കന്‍ബവറെ നൂറ്റാണ്ടിലെ രണ്ടാമത്തെ മികച്ച യൂറോപ്യന്‍ കളിക്കാരനായും ലോകതലത്തില്‍ പെലെക്കും ക്രയ്ഫിനും പിന്നില്‍ മൂന്നാമത്തെ മികച്ച താരമായും തെരഞ്ഞെടുത്തു. മൂന്നു ഭാര്യമാരിലായി അഞ്ചു മക്കളുണ്ട്. സ്റ്റെഫാന്‍ എന്ന മകന്‍ പ്രൊഫഷനല്‍ ഫുട്‌ബോളറാണ്.   

അറിയാമോ? 1963 ല്‍ പതിനെട്ടാം വയസ്സില്‍ ജര്‍മന്‍ യൂത്ത് ടീമില്‍നിന്ന് ബെക്കന്‍ബവറെ പുറത്താക്കി, ഗര്‍ഭിണിയായ കാമുകിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിനായിരുന്നു ഇത്.
 

Latest News