രഞ്ജി: ദല്‍ഹിയെ ഞെട്ടിച്ച് പോണ്ടി, ഡ്രോയില്‍ കേരളത്തിന് നഷ്ടം

മുംബൈ - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ദല്‍ഹിയെ പോണ്ടിച്ചേരിയും തമിഴ്‌നാടിനെ ഗുജറാത്തും ഞെട്ടിച്ചു. ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ കേരളും ഉത്തര്‍പ്രദേശും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ യു.എപിക്ക് മൂന്നു പോയന്റും കേരളത്തിന് ഒരു പോയന്റുമാണ്. കേരളമുള്‍പ്പെടുന്ന ഗ്രൂപ്പ് ബി-യില്‍ മുംബൈക്കും ഛത്തിസ്ഗഢിനും ഏഴ് പോയന്റ് വീതമുണ്ട്. യു.പിക്കും ആന്ധ്രക്കും മൂന്ന് പോയന്റ് വീതവും. കേരളത്തിനും ബംഗാളിനും ഒരു പോയന്റാണ്. 

ആലപ്പുഴയില്‍ റണ്‍ മഴ
ഉത്തര്‍പ്രദേശിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ കേരളം ബൗളിംഗിലും ബാറ്റിംഗിലും പരാജയപ്പെട്ടു. ക്യാപ്റ്റന്‍ ആര്യന്‍ ജുയലിന് (115) പുറമെ പ്രിയം ഗാര്‍ഗും (106) സെഞ്ചുറിയടിച്ചതോടെ ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 323ല്‍ ഡിക്ലയര്‍ ചെയ്തു. 382 റണ്‍സ് പിന്നില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് അക്കൗണ്ട് തുറക്കും മുമ്പെ കൃഷ്ണപ്രസാദിനെ നഷ്ടപ്പെട്ടു. രണ്ട് ഇന്നിംഗ്‌സിലുമായി 11 പന്ത് നേരിട്ട കൃഷ്ണപ്രസാദ് ഒരു റണ്‍ പോലും സംഭാവന ചെയ്തില്ല. രോഹന്‍ കുന്നുമ്മലും (42) പുറത്തായി. കളി നിര്‍ത്തുമ്പോള്‍ രോഹന്‍ പ്രേമും (29 നോട്ടൗട്ട്) സചിന്‍ ബേബിയുമാണ് (1 നോട്ടൗട്ട്) ക്രീസില്‍. സ്‌കോര്‍: യു.പി 302, മൂന്നിന് 323, കേരളം 243, രണ്ടിന് 72.

ദല്‍ഹിയുടെ പതനം
ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ പോണ്ടിച്ചേരി ഒമ്പത് വിക്കറ്റിന് തകര്‍ത്തു. രണ്ട് ഇന്നിംഗ്‌സിലായി ദല്‍ഹി 148നും 145നും ഓളൗട്ടായി. പോണ്ടിച്ചേരി പെയ്‌സ്ബൗളര്‍ ഗൗരവ് യാദവ് ആദ്യ ഇന്നിംഗ്‌സില്‍ ഏഴും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റെടുത്തു. മലയാളി താരം ഫാബിദ് അഹമദാണ് പോണ്ടിച്ചേരിയെ നയിക്കുന്നത്. ദല്‍ഹിയുടെ മുന്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മക്ക് രണ്ട് ഇന്നിംഗ്‌സിലുമായി ഒരു വിക്കറ്റാണ് ലഭിച്ചത്. നവദീപ് സയ്‌നിക്ക് രണ്ടും. 
മലയാളി പെയ്‌സര്‍ സന്ദീപ് വാര്യര്‍ രണ്ട് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റെടുത്തെങ്കിലും തമിഴ്‌നാടിനെ ഗുജറാത്ത് 111 റണ്‍സിന് തോല്‍പിച്ചു. മലയാളി ബാറ്റര്‍ ദേവദത്ത് പടിക്കലും (193) മുന്‍ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും (118) സെഞ്ചുറിയടിച്ചതോടെ കര്‍ണാടക ഏഴു വിക്കറ്റിന് പഞ്ചാബിനെ കീഴടക്കി. മുംബൈ ഇന്നിംഗ്‌സിനും 51 റണ്‍സിനും ബിഹാറിനെ കശക്കി. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രക്കു വേണ്ടി ചേതേശ്വര്‍ പൂജാര ഇരട്ട സെഞ്ചുറി നേടി (243 നോട്ടൗട്ട്). പൂജാരയുടെ ഫസ്റ്റ് ക്ലാസ് കരിയറിലെ പതിനേഴാമത്തെ ഇരട്ട സെഞ്ചുറി. 

Latest News