സൗദി മരുഭൂമിയില്‍  പീറ്റര്‍ഹാന്‍സലിന് ചരിത്രനേട്ടം

അല്‍ദവാദ്മി - സൗദി മരുഭൂമിയില്‍ ദാകാര്‍ റാലിയിലെ അമ്പതാം വിജയമാഘോഷിച്ച് ഓഡിയുടെ വെറ്ററന്‍ സ്‌റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍. മരുഭൂമിയിലൂടെയുള്ള 463 കിലോമീറ്റര്‍ ദുര്‍ഘടമായ പാതയിലൂടെ ഒന്നാമനായി കുതിച്ചെത്തി ദാകാര്‍ റാലിയില്‍ അമ്പത്തെട്ടുകാരന്‍ തന്റെ അമ്പതാം വിജയം സ്വന്തമാക്കി. സെബാസ്റ്റ്യന്‍ ലോബ് 29 സെക്കന്റിന്റെ വന്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപത്തൊന്നുകാരന്‍ സേത് ക്വിന്ററോയാണ് മൂന്നാമത്. ആന്‍ഡി വതാനന്‍ മാത്രമേ ഇതിന് മുമ്പ് ദാകാറില്‍ 50 വിജയങ്ങള്‍ നേടിയിട്ടുള്ളൂ. 
രണ്ടാം സ്‌റ്റെയ്ജ് പിന്നിട്ടപ്പോള്‍ ഓഡിയുടെ കാര്‍ലോസ് സയ്ന്‍സിനാണ് ഓവറോള്‍ ലീഡ്. സൗദി അറേബ്യയുടെ യസീദ് അല്‍റാജിയെക്കാള്‍ ഒരു മിനിറ്റ് 51 സെക്കന്റ് മുന്നില്‍. ആറര മിനിറ്റോളം പിന്നില്‍ നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്‍അതിയ്യ നാലാം സ്ഥാനത്താണ്. 
ബൈക്ക് വിഭാഗത്തില്‍ ഹോണ്ടയുടെ ഇഗനാസിയൊ കോര്‍ണിയൊ രണ്ടാം സ്‌റ്റെയ്ജില്‍ വിജയിച്ചു. ബോട്‌സ്വാനയുടെ റോസ് ബ്രാഞ്ചിനാണ് ഓവറോള്‍ ലീഡ്. അല്‍ദവാദ്മിയില്‍ നിന്ന് അല്‍സലാമിയ വരെയുള്ള 438 കിലോമീറ്റര്‍ മണല്‍പരപ്പിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയുമാണ് തിങ്കളാഴ്ചത്തെ മൂന്നാം സ്റ്റെയ്ജ്. 
 

Latest News