സഞ്ജു ഇന്ത്യന്‍ ടീമില്‍, ട്വന്റി20 ലോകകപ്പില്‍ സാധ്യത

മുംബൈ - അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ട്വന്റി20 ടീമില്‍ നിന്ന് തഴഞ്ഞെങ്കിലും ഏകദിനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കന്നി സെഞ്ചുറി നേടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനം സഞ്ജു ഇന്ത്യക്ക് കളിച്ചത്. അയര്‍ലന്റ് പര്യടനത്തിനുള്ള രണ്ടാം നിര ടീമില്‍. 
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ഇന്ത്യന്‍ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. ഈ കാലയളവില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പരിക്കു കാരണം ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. ട്വന്റി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മത്സരങ്ങളാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നു കളികള്‍. രോഹിതും കോലിയും ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനം ട്വന്റി20 കളിച്ചത് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലെ തോല്‍വിയിലാണ്. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഇരുവരും പരിഗണിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഈ തിരിച്ചുവരവ്. 
യശസ്വി ജയ്‌സ്വാളിനും പരിക്കാണ്. ആവേശം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഇശാന്‍ കിഷന്‍ വിട്ടുനില്‍ക്കുകയാണ്. വിക്കറ്റ്കീപ്പര്‍ ജിതേഷ് ശര്‍മ സ്ഥാനം നിലനിര്‍ത്തി. ശിവം ദൂബെയും ടീമിലുണ്ട്. അര്‍ഷദീപ് സിംഗ്, അവേശ് ഖാന്‍, മുകേഷ്‌കുമാര്‍ എന്നിവരെ പെയ്‌സ്ബൗളിംഗില്‍ നിലനിര്‍ത്തി. സ്പിന്നര്‍മാരായി അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ്. 11നാണ് ആദ്യ മത്സരം. 25 മുതല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. അതിനു ശേഷം ഐ.പി.എല്ലാണ്. ജൂണ്‍ ഒന്നിന് ട്വന്റി20 ലോകകപ്പ് തുടങ്ങും. 

Latest News