ജിദ്ദ - ലോക ഫുട്‌ബോളില്‍ ഗള്‍ഫ് സ്വന്തം പേരെഴുതിച്ചേര്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ ആ പ്രയത്‌നത്തെ സഹായിച്ച പ്രമുഖനായിരുന്നു മാരിയൊ സഗാലൊ. 1976ല്‍ കുവൈത്തിന്റെ പരിശീലകനായാണ് അദ്ദേഹം ഗള്‍ഫ് മേഖലയിലത്തിയത്. 1981 മുതല്‍ 1984 വരെ മൂന്നു വര്‍ഷത്തിലേറെ അദ്ദേഹം സൗദി അറേബ്യയുടെ പരിശീലകനായിരുന്നു. 1990ലെ ലോകകപ്പില്‍ യു.എ.ഇക്ക് അപ്രതീക്ഷിതമായി യോഗ്യത നേടിക്കൊടുത്തത് സഗാലൊ ആയിരുന്നു.
ഗള്‍ഫില്‍ സഗാലൊ വളരെ പെട്ടെന്ന് വിജയം നേടി. 1976 ലെ ഗള്‍ഫ് കപ്പില്‍ അദ്ദേഹം കുവൈത്തിനെ ചാമ്പ്യന്മാരാക്കി. ആ വര്‍ഷം കുവൈത്ത് ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുകയും ചെയ്തു. 1990ല്‍ യു.എ.ഇക്ക് ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുത്തെങ്കിലും ഫൈനല്‍ റൗണ്ടില്‍ അദ്ദേഹമുണ്ടായിരുന്നില്ല. ജന്മനഗരത്തിലെ വാസ്‌കോഡഗാമ ക്ലബ്ബ് അദ്ദേഹത്തെ പരിശീലകനായി നിയമിച്ചു. പകരം കാര്‍ലോസ് ആല്‍ബര്‍ടൊ പെരേരയാണ് ലോകകപ്പില്‍ യു.എ.ഇയെ പരിശീലിപ്പിച്ചത്.
1958ല്‍ ബ്രസീലിന് ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്ത ടീമിലെ അവശേഷിച്ച അവസാനത്തെ കണ്ണിയായ മാരിയൊ ജോര്‍ജെ ലോബോ സഗാലോ 92ാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.






