റിയോഡിജനീറൊ - ശനിയാഴ്ച അന്തരിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാലൊ കളിക്കാരനായും കോച്ചായും ലോകകപ്പില്‍ അവിസ്മരണീയ നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത വ്യക്തിയാണ്. മിഡ്ഫീല്‍ഡര്‍മാര്‍ക്കും സ്‌ട്രൈക്കര്‍മാര്‍ക്കുമിടയില്‍ കളിക്കുന്ന ഫാള്‍സ് വിംഗറുടെ വേഷം ലോക ഫുട്‌ബോളില്‍ ആദ്യമായി സഗാലോയിലൂടെയാണ് പരീക്ഷിക്കപ്പെട്ടത്. 1965ല്‍ അദ്ദേഹം കളിക്കാരനെന്ന കരിയര്‍ അവസാനിപ്പിക്കുകയും അടുത്ത വര്‍ഷം റിയോഡിജനീറോ ക്ലബ്ബ് ബോടഫോഗോയില്‍ കോച്ചിംഗ് കരിയര്‍ ആരംഭിക്കുകയും ചെയ്തു.
മെക്‌സിക്കോയിലെ 1970ലെ ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ദേശീയ കോച്ചായി നിയമിതനായത്. പെലെയും ജയര്‍സിഞ്ഞോയും ഗെര്‍സനും റിവെലിനോയും ടോസ്റ്റാവോയുമടങ്ങുന്ന ആ ടീം എക്കാലത്തെയും മികച്ചതായാണ് കരുതപ്പെടുന്നത്. ഇറ്റലിയെ ഫൈനലില്‍ 4-1ന് തകര്‍ത്ത ബ്രസീല്‍ മൂന്നു തവണ കിരീടം നേടിയതോടെ യൂള്‍സ്‌റിമെ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി.
1974ലെ ലോകകപ്പിലും ബ്രസീല്‍ കോച്ചായിരുന്നു. പെലെ വിരമിച്ചതോടെ ആ ടീം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 1994ല്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ബ്രസീല്‍ ചാമ്പ്യന്മാരായപ്പോള്‍ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം കിരീടമുയര്‍ത്തി. സഗാലൊ അസിസ്റ്റന്റല്ല, ടീമിന് രണ്ട് കോച്ചുമാരാണെന്ന് പെരേര പലതവണ പറഞ്ഞിരുന്നു.
1998ലെ ലോകകപ്പില്‍ അദ്ദേഹം വീണ്ടും ബ്രസീല്‍ കോച്ചായി എത്തി. ബ്രസീല്‍ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനോട് 0-3ന് തോറ്റു. തലേന്ന് രാത്രി അപസ്മാരബാധയുണ്ടായ റൊണാള്‍ഡോയെ ഫൈനലില്‍ കളിപ്പിച്ചതിന് സഗാലൊ കനത്ത വിമര്‍ശനം നേരിട്ടു. ഡോക്ടര്‍മാരാണ് റൊണാള്‍ഡോക്ക് ഫിറ്റ്‌നസുണ്ടെന്ന് പ്രഖ്യാപിച്ചതെന്നും അത്തരമൊരു സാഹചര്യത്തില്‍ ലോകത്തെ മികച്ച കളിക്കാരനെ ലോകകപ്പ് ഫൈനലില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ താനാരാണെന്നും സഗാലൊ ചോദിച്ചു. ഫൈനലിന് മുമ്പ് ആദ്യം പുറത്തുവിട്ട ടീം ലിസ്റ്റില്‍ റൊണാള്‍ഡൊ ഇല്ലായിരുന്നു.
പരിക്കിന്റെ പേര് പറഞ്ഞ് ആ ലോകകപ്പില്‍ റൊമാരിയോയെ മാറ്റിനിര്‍ത്തിയതിനും സഗാലൊ ഏറെ പഴി കേട്ടു. അവസാനം വരെ റൊമാരിയൊ അദ്ദേഹവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. വയസ്സന്‍ ചെന്നായ എന്നാണ് റൊമാരിയൊ വിളിച്ചിരുന്നത്.






