റിയോഡിജനീറോ - ബ്രസീലിയന്‍ ഫുട്‌ബോളില്‍ പല തൊപ്പികളണിഞ്ഞ അതുല്യ പ്രതിഭയാണ് മാരിയൊ സഗാലൊ. 1958ല്‍ പെലെയും സഗാലോയും ഗരിഞ്ചയുമൊക്കെയടങ്ങുന്ന ടീമാണ് ബ്രസീലിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്തത്. 1962 ല്‍ ലോകകപ്പ് നേടിയ ടീമിലും ഗരിഞ്ചക്കൊപ്പം സഗാലൊ ഉണ്ടായിരുന്നു. 1970ല്‍ കോച്ചെന്ന നിലയില്‍ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ചു. 1994ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ അസിസ്റ്റന്റ് കോച്ചായിരുന്നു. 1998, 2006 ലോകകപ്പുകളിലും സഗാലൊ ബ്രസീലിന്റെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്നു. 2014 ല്‍ അവസാനമായി ബ്രസീല്‍ ലോകകപ്പ് നടത്തിയപ്പോഴും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. മുന്‍ ബ്രസീല്‍ കോച്ച് ടിറ്റെ 2018 ലും 2022 ലും ലോകകപ്പിന് പുറപ്പെടും മുമ്പ് സഗാലോയുടെ ഉപദേശം തേടിയിരുന്നു.
1994, 1998, 2006 വര്‍ഷങ്ങളില്‍ സഗാലോ കോച്ചായ ലോകകപ്പുകളില്‍ ബ്രസീലിന് കളിച്ച കളിക്കാരനാണ് കഫു. കോച്ച് മാത്രമായിരുന്നില്ല പിതാവും സുഹൃത്തുമൊക്കെയായിരുന്നു സഗാലൊ എന്നും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ടായിരുന്നുവെന്നും കഫു പറയുന്നു.
രസകരമായ ഒരുപാട് തമാശക്കഥകളുണ്ട് അന്തരിച്ച ബ്രസിലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാലോയുമായി ബന്ധപ്പെട്ട്. എല്ലാവര്‍ക്കും പതിമൂന്നാം നമ്പര്‍ അശുഭലക്ഷണമാണെങ്കില്‍ പതിമൂന്നിനെ അദ്ദേഹം അങ്ങേയറ്റം പ്രണയിച്ചു. എന്നെ സഹിച്ചേ പറ്റൂ എന്ന വാചകം എപ്പോഴും അവര്‍ത്തിക്കുമായിരുന്നു അദ്ദേഹം.
പതിമൂന്നിനെ സ്‌നേഹിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ജനനം 1931 ലായിരുന്നു, അതിലെ രണ്ടക്കങ്ങള്‍ ആ ജഴ്‌സി നമ്പറിലുണ്ട് എന്നതാണ്. തന്റെ വിജയങ്ങളില്‍ പതിമൂന്നുമായി ബന്ധപ്പെട്ട ഏത് സംഭവവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുമായിരുന്നു.






