നദാലിന് കൊടിയ നിരാശ, സ്‌പെയിനിലേക്ക് മടങ്ങി

മെല്‍ബണ്‍ - ഒരു വര്‍ഷത്തിലേറെ പരിക്കു കാരണം വിട്ടുനിന്ന് കഴിഞ്ഞയാഴ്ച കോര്‍ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റഫായേല്‍ നദാലിന് വീണ്ടും പരിക്ക്. അടുത്തയാഴ്ച ആരംഭിക്കുന്ന ഈ വര്‍ഷത്തെ പ്രഥമ ഗ്രാന്റ്സ്ലാം നദാലിന് നഷ്ടപ്പെടും. ഓസ്‌ട്രേലിയന്‍ ഓപണിന്റെ വാംഅപ് ടൂര്‍ണമെന്റായ ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷനലില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച നദാല്‍ ചികിത്സക്കായി സ്വദേശമായ സ്‌പെയിനിലേക്ക് തന്നെ മടങ്ങി.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ ശേഷം പരിക്കു കാരണം വിട്ടുനിന്ന മുപ്പത്തേഴുകാരന് ഇടുപ്പിന് രണ്ട് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ബ്രിസ്‌ബെയ്‌നില്‍ രണ്ട് മത്സരം ജയിച്ച് ക്വാര്‍ട്ടറിലെത്തി. എന്നാല്‍ ക്വാര്‍ട്ടറില്‍ വീണ്ടും പരിക്കേറ്റു. ശസ്ത്രക്രിയ നടത്തിയ ഇടുപ്പിന് തന്നെയാണ് പരിക്കെന്ന് നദാല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എം.ആര്‍.ഐ സ്‌കാനിംഗില്‍ പേശിയില്‍ ചെറിയ മുറിവ് കണ്ടെത്തിയിട്ടുണ്ടെന്ന് നദാല്‍ വെളിപ്പെടുത്തി. നേരത്തെ ശസ്ത്രക്രിയ നടത്തിയ ഭാഗത്തല്ല പരിക്കെന്നത് സന്തോഷകരമാണെന്നും നദാല്‍ പറഞ്ഞു.
 

Latest News